| Friday, 19th September 2025, 11:41 am

വിജയാഘോഷത്തിനായി കാത്തിരുന്നു; ശ്രീലങ്കന്‍ താരത്തെ തേടിയെത്തിയത് അച്ഛന്റെ മരണവാര്‍ത്ത

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയതോടെ ടീം സൂപ്പര്‍ ഫോറിലേക്ക് മുന്നേറുകയും ചെയ്തു. എന്നാല്‍, ടീമിന്റെ വിജയം ആഘോഷിക്കാന്‍ കാത്തിരുന്ന ശ്രീലങ്കന്‍ ബൗളര്‍ ദുനിത് വെല്ലാലഗെയെ തേടിയെത്തിയത് ഒരു സങ്കട വാര്‍ത്തയായിരുന്നു.

മത്സരശേഷം തന്റെ അച്ഛന്‍ സുരങ്ക വെല്ലാലഗെ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്തയാണ് താരം കേട്ടത്. ഹൃദയാഘാതം മൂലമായിരുന്നു വെല്ലാലഗെയുടെ അച്ഛന്റെ മരണം. മുന്‍ ക്രിക്കറ്റ് താരം കൂടിയായിരുന്നു ഇദ്ദേഹം ശ്രീലങ്കയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് കോളേജ് ടീം ക്യാപ്റ്റനായിരുന്നു. അഫ്ഗാനുമായുള്ള മത്സരത്തിന് ശേഷം ശ്രീലങ്കന്‍ ടീം പരിശീലകനായ സനത് ജയസൂര്യയാണ് താരത്തിനോട് ഈ വിവരം അറിയിച്ചത്.

മത്സരം നടക്കുന്നതിനിടയില്‍ തന്നെ ലങ്കന്‍ ടീം അധികൃതര്‍ ഈ വിവരം അറിഞ്ഞിരുന്നു. എന്നാല്‍, താരത്തെ അറിയിക്കാന്‍ മത്സരം അവസാനിക്കുന്നത് വരെ കാത്തിരിക്കുകയായിരുന്നു. പിന്നാലെ കണ്ണീരണിഞ്ഞ താരത്തെ പരിശീലകനും സഹതാരങ്ങളും ചേര്‍ന്ന് ആശ്വസിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തേക്ക് വന്നിട്ടുണ്ട്.

മത്സരശേഷം മുന്‍ ശ്രീലങ്കന്‍ താരം റസല്‍ അര്‍ണോള്‍ഡ് സുരങ്ക വെല്ലാലഗെയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ ഇരുവരും സ്‌കൂള്‍ കാലഘട്ടത്തില്‍ കോളേജ് ടീമുകളുടെ ക്യാപ്റ്റന്മാരായിരുന്നുവെന്നും കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശ്രീലങ്കന്‍ ടീം വിജയം നേടിയെങ്കിലും ബൗളിങ്ങിലും ദുനിതിന് മികച്ച ദിവസമായിരുന്നില്ല. മത്സരത്തിലെ അവസാന ഓവറില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബി താരത്തിനെതിരെ അഞ്ച് സിക്‌സുകളാണ് അടിച്ചത്. അതോടെ 49 റണ്‍സാണ് 22 കാരനായ താരം വിട്ടുനല്‍കിയത്.

നേരത്തെ മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുനല്‍കി ഇബ്രാഹീം സദ്രാന്റെ വിക്കറ്റ് ദുനിത് വീഴ്ത്തിയിരുന്നു. എങ്കിലും നബിയുടെ സിക്‌സടിയില്‍ ഈ പ്രകടനത്തിന്റെ മാറ്റ് കുറയുകയായിരുന്നു.

Content Highlight: Srilankan Cricketer Dunith Wellalage learns about his father’s demise after Asia Cup match against Afghanitan

We use cookies to give you the best possible experience. Learn more