| Tuesday, 2nd September 2025, 8:36 am

കച്ചത്തീവ് ദ്വീപ് സന്ദര്‍ശിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ്; സന്ദര്‍ശനം വിജയ്‌യുടെ പ്രസ്താവനയ്ക്ക് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: കച്ചത്തീവ് ദ്വീപ് അപ്രതീക്ഷിതമായി സന്ദര്‍ശിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഔദ്യോഗിക പരിപാടികളില്‍ ഉള്‍പ്പെടുത്താതെയായിരുന്നു പ്രസിഡന്റിന്റെ ഈ സന്ദര്‍ശനം. നേവിയുടെ സ്പീഡ് ബോട്ടിലാണ് അദ്ദേഹം ദ്വീപിലെത്തിയത്.

കച്ചത്തീവ് ഇന്ത്യ ഏറ്റെടുക്കണമെന്ന തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ്യുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം. ജാഫ്‌നയിലെ മൈലിഡി ഫിഷറീസ് ഹാര്‍ബറിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു പ്രസിഡന്റ് കച്ചത്തീവിലെത്തിയത്. ചടങ്ങില്‍ ശ്രീലങ്കയ്ക്ക് ചുറ്റുമുള്ള കടലുകളും ദ്വീപുകളും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ANURAKUMARA DISANAYAKE 

‘രാജ്യത്തിന് ചുറ്റുമുള്ള കടലുകള്‍, ദ്വീപുകള്‍, കര എന്നിവ ജനങ്ങളുടെ പ്രയോജനത്തിനായി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ ഒരു ബാഹ്യശക്തിയെയും സ്വാധീനിക്കാന്‍ അനുവദിക്കില്ല,’ ദിസനായകെ പറഞ്ഞു.

അതേസമയം, നയതന്ത്രനിലപാടുകളുടെ ഭാഗമായി ഇന്ത്യ ശ്രീലങ്കയ്ക്കു വിട്ടുകൊടുത്ത ഈ ദ്വീപ് തിരിച്ചെടുക്കണമെന്ന് നടനും രാഷ്ട്രീയനേതാവുമായ വിജയ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. മത്സ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ദ്വീപ് വീണ്ടെടുക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മധുരയില്‍ നടന്ന രാഷ്ട്രീയ സമ്മേളനത്തിലായിരുന്നു വിജയ് ഈ പ്രസ്താവന നടത്തിയത്.

ഇതിന് പിന്നാലെ കച്ചത്തീവില്‍ അവകാശവാദമുന്നയിച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയനേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ശ്രീലങ്കയും വിഷയത്തില്‍ നിലപാട് കടുപ്പിച്ചിരുന്നു. നേരത്തെ, ദ്വീപ് ശ്രീലങ്കന്‍ പ്രദേശമാണെന്നും അത് ഒരിക്കലും മാറില്ലെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് പ്രതികരിച്ചിരുന്നു.

ശ്രീലങ്കയിലെ നെടുന്തീവിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടയിലാണ് കച്ചത്തീവ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. പരമ്പരാഗതമായി ശ്രീലങ്കന്‍ തമിഴരും ഇന്ത്യന്‍ തമിഴ് മത്സ്യത്തൊഴിലാളികളും ഈ ദ്വീപില്‍ മത്സ്യബന്ധനം നടത്തിവന്നിരുന്നു.

1974ല്‍, അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, പാക് കടലിടുക്കിലെ സമുദ്രാതിര്‍ത്തികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യ-ശ്രീലങ്കന്‍ സമുദ്ര കരാര്‍ പ്രകാരം കച്ചത്തീവിനെ ശ്രീലങ്കന്‍ പ്രദേശമായി അംഗീകരിക്കുകയായിരുന്നു.

Content Highlight: Srilanka President Anura Kumara Dissanayake visit Katchatheevu Island after Actor Vijay remark

We use cookies to give you the best possible experience. Learn more