| Monday, 21st September 2026, 11:16 am

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി അവനാണ്; സനത് ജയസൂര്യ

അഞ്ജലി പി.കെ.

ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയുടെ പ്രകടനങ്ങളെ പ്രശംസിച്ച് ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യ. 15 കാരനായ താരത്തിനെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്നാണ് സനത് വിശേഷിപ്പിച്ചത്.

മതിയായ അവസരങ്ങൾ നൽകിയാൽ വൈഭവ് ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്‌ചവെക്കുമെന്ന് ശ്രീലങ്കൻ ഇതിഹാസം കൂട്ടിച്ചേർത്തു. ഗുഡ്ഗാവിൽ നടന്ന കോർപ്പറേറ് ലോകകപ്പിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മുൻ താരം.

‘അവൻ വ്യത്യസ്തനായ പ്രതിഭയാണ്. ഇന്ത്യയുടെ ഭാവി അവനായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. വൈഭവിന് മുന്നിൽ ഇനിയും ഏറെ സമയമുണ്ട്. അതിനാൽ മതിയായ അവസരങ്ങൾ നൽകു. അവസരങ്ങൾ ലഭിച്ചാൽ അവൻ ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കും,’ സനത് പറഞ്ഞു.

ജൂലൈയിൽ ഇംഗ്ലണ്ടിൽ നടന്ന ടി-20 പരമ്പരയിലൂടെയാണ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. മൂന്ന് ഇന്നിങ്‌സുകളിൽ നിന്ന് വെറും 42 റൺസ് മാത്രമാണ് താരം നേടിയത്.

സിംബാബ്‌വെ പര്യടനത്തിൽ ഓപ്പണറായി കളത്തിൽ ഇറങ്ങിയ വൈഭവ് 196.10 എന്ന സ്ട്രൈക്ക് റേറ്റിൽ മൂന്ന് ഇന്നിങ്‌സുകളിൽ നിന്ന് 151 റൺസ് നേടി പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

സിംബാബ്‌വേയിൽ മിന്നും പ്രകടനം കാഴ്‌ചവെച്ചെങ്കിലും, അടുത്തിടെ അഫ്ഗാനിസ്ഥാനെതിരായ ഒരു ടി-20 മത്സരത്തിലും സൂര്യവംശി പ്ലെയിങ് ഇലവനിൽ ഇടം നേടിയിരുന്നില്ല.

യുവതാരത്തിന്റെ ഭാവിയെക്കുറിച്ച് ജയസൂര്യ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

‘അവസരങ്ങൾ വരും. അവൻ ഏത് സ്ഥാനത്ത് കളിക്കുമെന്ന് എനിക്ക് പറയാൻ കഴിയില്ല, അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കും. പക്ഷേ അവസരം വരുമ്പോൾ അവൻ അത് നേടിയെടുക്കും. അതിനാൽ നമുക്ക് കാത്തിരുന്ന് കാണാം. സെലക്ഷനെക്കുറിച്ചും ബാറ്റിങ് നിരയെക്കുറിച്ചും എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല. അവൻ വളരെ കഴിവുള്ളവനാണെന്ന് ഞാൻ കരുതുന്നു,’ ജയസൂര്യ അഭിപ്രായപ്പെട്ടു.

2026 ഐ.പി.എൽ സിസണിൽ സൂര്യവംശി തന്റെ കഴിവ് അടയാളപ്പെടുത്തിട്ടുണ്ടായിരുന്നു. 16 ഇന്നിങ്സുകളിൽ നിന്ന് 48.50 ശരാശരിയിലും 237.30 സ്ട്രൈക്ക് റേറ്റിലും 776 റൺസ് നേടിയ താരം ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധ സെഞ്ച്വറികളും സ്വന്തമാക്കി.

വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com

ഓറഞ്ച് ക്യാപ് ഉൾപ്പടെ സൂപ്പർ സ്‌ട്രൈക്കർ, ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം, മോസ്റ്റ് വാല്യൂബിൾ പ്ലെയർ, എമർജിങ് പ്ലെയർ തുടങ്ങിയ എല്ലാം പുരസ്കാരങ്ങളും തന്റെ അക്കൗണ്ടിലെത്തിക്കാൻ വൈഭവ് മറന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വൈഭവ് ഇടം നേടിയിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടി-20 സ്‌ക്വാഡ്

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്.

Content Highlight: Srilanka legend Sanath Jayasuriya praise Vaibav Suryavanshi

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more