| Friday, 10th July 2026, 5:18 pm

42 വയസുള്ള ദുല്‍ഖറും 35 വയസുള്ള പൂജയും സ്‌കൂള്‍ പിള്ളേരാണെന്ന് വിശ്വസിക്കണോ? പുതിയ പോസ്റ്ററിന് ട്രോള്‍

അമര്‍നാഥ് എം.

സീതാ രാമത്തിന് ശേഷം ഇനി റൊമാന്റിക് സിനിമകളൊന്നും ചെയ്യില്ലെന്ന് അറിയിച്ച താരമാണ് ദുല്‍ഖര്‍. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും പരീക്ഷണ സിനിമകളുമായി കളം നിറയുന്ന ദുല്‍ഖര്‍ വീണ്ടും റൊമാന്‍സ് ട്രാക്കിലേക്ക് ഇറങ്ങുന്ന ചിത്രമാണ് ശ്രീ ശ്രീ. DQ 41 എന്ന് താത്കാലിക ടൈറ്റില്‍ നല്‍കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും ഇന്നാണ് പുറത്തുവിട്ടത്.

നവാഗതനായ രവി നെലകുടിതിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ട്രോളും വിമര്‍ശനവുമായി ഒരുകൂട്ടമാളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. നായകന്റെയും നായികയുടെയും കോസ്റ്റ്യൂം കാണുമ്പോള്‍ സ്‌കൂള്‍ യൂണിഫോം പോലെയുണ്ടെന്നാണ് പലരുടെയും കമന്റുകള്‍.

ശ്രീ ശ്രീ Photo: PVR Pictures/ X.com

42 വയസുള്ള ദുല്‍ഖറിനെയും 35 വയസുള്ള പൂജ ഹെഗ്‌ഡേയെയും സ്‌കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികളായി കാണാനാകില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. നായകന്റെ സ്‌കൂള്‍/ കോളേജ് പ്രണയത്തെക്കുറിച്ചുള്ള സിനിമകളുടെ അതേ ഫോര്‍മാറ്റാണെങ്കില്‍ ശ്രീ ശ്രീ പ്രേക്ഷകര്‍ക്ക് വര്‍ക്കാകാന്‍ സാധ്യതയില്ലെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെച്ചു. ഏയ് എന്ന ചിത്രത്തില്‍ തമിഴ് താരം ശരത് കുമാര്‍ സ്‌കൂള്‍ കുട്ടിയുടെ ഗെറ്റപ്പില്‍ നില്‍ക്കുന്നതിന്റെ ഫോട്ടോ വെച്ചും കളിയാക്കുന്നവരുണ്ട്.

എന്നാല്‍ ഇത് സ്‌കൂളിലെയോ കോളേജിലെയോ യൂണിഫോമാകാന്‍ സാധ്യതയില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ദുല്‍ഖറും പൂജയും ഏതെങ്കിലും കമ്പനിയിലെ ജീവനക്കാരായിരിക്കുമെന്നും അവിടുത്തെ യൂണിഫോമായിരിക്കുമെന്നും കമന്റുകളുണ്ട്. റൊമാന്റിക് സിനിമകള്‍ ചെയ്യില്ലെന്ന് പറഞ്ഞ ദുല്‍ഖര്‍ ആ തീരുമാനം മാറ്റിയിട്ടുണ്ടെങ്കില്‍ ശ്രീ ശ്രീയില്‍ എന്തെങ്കിലും സര്‍പ്രൈസുണ്ടായേക്കുമെന്നാണ് ആരാധകരുടെ കമന്റ്.

ശ്രീ ശ്രീ Photo: X.com

വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെയാണ് പൂര്‍ത്തിയായത്. ഐ ആം ഗെയിമിനൊപ്പമായിരുന്നു ശ്രീ ശ്രീയുടെ ഷൂട്ടും പുരോഗമിച്ചത്. ഈ വര്‍ഷം തന്നെ ശ്രീ ശ്രീ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

അതേസമയം ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ഐ ആം ഗെയിം റിലീസിന് തയാറെടുക്കുകയാണ്. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് പിന്നാലെ രണ്ട് വര്‍ഷത്തോളം മലയാളത്തില്‍ നിന്ന് ഇടവേളയെടുത്ത താരത്തിന്റെ തിരിച്ചുവരവ് കൂടിയാണ് ഐ ആം ഗെയിം. ഓണം റിലീസായി ഓഗസ്റ്റ് 20ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Sri Sri movie first look poster getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more