| Tuesday, 23rd September 2025, 7:06 am

'വാവർ മുസ്‌ലിം ആക്രമണകാരി, തീവ്രവാദി' ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗവുമായി ശ്രീരാമദാസ മിഷൻ അധ്യക്ഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ബി.ജെ.പി അനുകൂല ഹൈന്ദവ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗവുമായി ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി.

വാവർ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നുമാണ് ശാന്താനന്ദ മഹർഷിയുടെ പരാമർശം.

അയ്യപ്പനെ തോൽപ്പിക്കാൻ എത്തിയതാണ് വാവരെന്നും, വാവർ ചരിത്രം തെറ്റാണെന്നും ശാന്താനന്ദ മഹർഷി പറഞ്ഞു.

‘വാപുരൻ എന്നുപറയുന്നത് ഇല്ലാ പോലും 25-30 വർഷങ്ങൾക്ക് മുമ്പ് തന്നെ ശബരിമലയിൽ വെച്ചിരിക്കുന്നത് വാവരെയാണ്. വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്,’ ശാന്താനന്ദ മഹർഷി പറഞ്ഞു.

വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരിയെന്നും ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിന് വേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഗമം ഉദ്ഘാടനം ചെയ്തത് ബി.ജെ.പി മു ൻ തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയിൽ പറയുന്നത് കാമം, കോപം ആർത്തി എന്നീ മൂന്ന് കാര്യങ്ങളാണെന്നും ഇത് മൂന്നും പിണറായി വിജയനുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.

പിണറായിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ദൈവത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സനാധന ധർമത്തെ ഇല്ലാതാക്കണമെന്ന് പറയുന്ന തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയെ മുഖ്യാതിഥിയായി ക്ഷണിച്ചതോടെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലെ ലക്ഷ്യം എല്ലാവർക്കും മനസിലായെന്നും അണ്ണാമലൈ പറഞ്ഞു.

ബി.ജെ.പി അനുകൂല ഹൈന്ദവ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ ശബരിമല കർമ സമിതിയാണ് പ്രധാനമായും നേതൃത്വം വഹിച്ചത്.

അതേസമയം, സംസ്ഥാന സർക്കാർ പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമം പൊളിഞ്ഞുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. എന്നാൽ, പരിപാടി വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തുവെന്നും ദേവസ്വം മന്ത്രി വി.എൻ വാസവനും പറഞ്ഞു.

അയ്യപ്പ സംഗമം ലോകവിജയമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്.

Content Highlight: Sri Ramadasa Mission president makes hate speech at Sabarimala protection rally

We use cookies to give you the best possible experience. Learn more