2026 പാകിസ്ഥാന് ട്രൈനേഷന്‍ സീരിസില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ശ്രീലങ്ക. റാവല്‍പിണ്ടിയില്‍ നടന്ന ഹൈസ്കോറിങ് ത്രില്ലറില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 430 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
പവന് രത്നനായകെയുടെ സെഞ്ച്വറിയുടെയും ദാസുന്‍ ഷണകയുടെയും അവിഷ്ക ഫെര്‍ണാണ്ടോയുടെയും സെഞ്ച്വറിയോളം പോന്ന ഇന്നിങ്സുകളുടെയും കരുത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയം ലങ്കന്‍ ലയണ്‍സ് സ്വന്തമാക്കുകയായിരുന്നു.
ഏകദിന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത് സക്സസ്ഫുള്‍ റണ്‍ ചെയ്സിന്റെ റെക്കോഡോടെയാണ് ലങ്ക മത്സരം വിജയം സ്വന്തമാക്കിയത്.
സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്ന്ന് വിജയിച്ച ഇന്ത്യയുടെ റെക്കോഡിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് ലങ്കയുടെ നേട്ടം.
(സ്കോര്‍ – ടീം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
435 – സൗത്ത് ആഫ്രിക്ക – ഓസ്ട്രേലിയ – ജോഹനാസ്ബെര്‍ഗ് – 2006
430 – ശ്രീലങ്ക – ഇംഗ്ലണ്ട് – റാവല്‍പിണ്ടി – 2026*
406 – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – ഗുവാഹത്തി – 2026
372 – സൗത്ത് ആഫ്രിക്ക – ഓസ്ട്രേലിയ – ഡര്ബന് – 2016
മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. 116 പന്തില്‍ 202 റണ്‍സ് നേടിയാണ് ബ്രൂക്ക് പുറത്തായത്. ബ്രൂക്കിന് പുറമെ ജോ റൂട്ട്, വില്‍ ജാക്സ്, ടോം ബാന്റണ് എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായും തിളങ്ങി.
റൂട്ട് 66 പന്തില്‍ 69 റണ്‍സും ബാന്റണ് 51 പന്തില്‍ 50 റണ്‍സും നേടിയപ്പോള്‍ 30 പന്ത് നേരിട്ട് മൂന്ന് സിക്സറും എട്ട് ഫോറും അടക്കം പുറത്താകാതെ 66 റണ്‍സുമായാണ് വില്‍ ജാക്സ് തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കായി പവന് രത്നനായകെ 106 പന്തില്‍ 130 റണ്‍സ് നേടി. 15 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ദാസുന്‍ ഷണക 50 പന്തില്‍ നിന്നും അവിഷ്ക ഫെര്‍ണാണ്ടോ 83 പന്തില്‍ നിന്നും 97 റണ്‍സ് വീതം സ്വന്തമാക്കി. 27 പന്തില്‍ നിന്നും 61 റണ്‍സ് നേടിയ ജനിത് ലിയനാഗെയുടെ വെടിക്കെട്ട് ഇന്നിങ്സും ശ്രീലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായി.
വിജയിക്കാന്‍ രണ്ട് പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ സിക്സറടിച്ചുകൊണ്ട് ലിയനാഗെ ലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
Content Highlight: Sri Lanka sets record for the second-highest successful run-chase in ODIs.