| Tuesday, 17th February 2026, 8:32 am

12 വര്‍ഷങ്ങള്‍ക്ക് ശേഷം!! ലങ്കയെ സൂപ്പര്‍ എട്ടിലേക്ക് നയിച്ച കുതിപ്പില്‍ പിറന്നത് ചരിത്രം

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക സൂപ്പര്‍ 8ല്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഓപ്പണര്‍ പാതും നിസങ്കയുടെ കരുത്തിലായിരുന്നു സിംഹങ്ങള്‍ വിജയിച്ച് കയറിയത്.

ഓസീസ് ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ ടീം രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ഒരു ചരിത്രമാണ് ശ്രീലങ്ക മാറ്റിക്കുറിച്ചത്.

ടി – 20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് എതിരെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം ചെയ്സ് ചെയ്യുന്ന ടീം എന്ന നേട്ടമാണ് ലങ്കന്‍ ടീം സ്വന്തമാക്കിയത്. 2014ല്‍ വെസ്റ്റ് ഇന്‍ഡീസ് കുറിച്ച റെക്കോഡാണ് ഇതോടെ തകര്‍ക്കപ്പെട്ടത്. അന്ന് ലോകകപ്പില്‍ വിന്‍ഡീസ് ചെയ്സ് ചെയ്തത് 179 റണ്‍സാണ്.

ടി – 20 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് എതിരെയുള്ള ഏറ്റവും ഉയര്‍ന്ന ചെയ്സ്

(വിജയലക്ഷ്യം – ടീം – വര്‍ഷം എന്നീ ക്രമത്തില്‍)

182 – ശ്രീലങ്ക – 2026

179 – വെസ്റ്റ് ഇന്‍ഡീസ് – 2014

170 – വെസ്റ്റ് ഇന്‍ഡീസ് – 2009

165 – പാകിസ്ഥാന്‍ – 2007

161 – ഇന്ത്യ – 2016

മത്സരത്തില്‍ ശ്രീലങ്കക്കായി പാതും നിസങ്ക 52 പന്തില്‍ 100 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഒപ്പം കുശാല്‍ മെന്‍ഡിസ് 38 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ പവന്‍ രത്‌നയാകെ 15 പന്തില്‍ പുറത്താവാതെ 28 റണ്‍സും നേടി.

പാതും നിസങ്ക. Photo: Sri Lanka Cricket/x.com

ഓസീസിനായി മാർക്കസ് സ്റ്റോയ്നിസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. ഹെഡ് 29 പന്തില്‍ 56 റണ്‍സും മാര്‍ഷ് 27 പന്തില്‍ 54 റണ്‍സുമെടുത്തു. ജോഷ് ഇംഗ്ലിസ് 22 പന്തില്‍ 27 റണ്‍സും ചേര്‍ത്തു.

ലങ്കക്കായി ദുഷന്‍ ഹേമന്ത മൂന്ന് വിക്കറ്റുകളും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷ്ണ, കാമിന്ദു മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Content Highlight: Sri Lanka registered highest chase against Australia in T20 World Cup history

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more