ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8 മത്സരത്തില്‍ ഇംഗ്ലണ്ട് ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. പല്ലക്കേലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 51 റണ്‍സിനാണ് ത്രീ ലയണ്‍സ് വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്.
ആദ്യ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സിന് തളയ്ക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലങ്ക മറുപടി ബാറ്റിങ്ങിനിറങ്ങിയത്. വിജയപ്രതീക്ഷയുമായി ഇറങ്ങിയ ലങ്കയാവട്ടെ ബാറ്റിങ് തകര്‍ച്ച നേരിട്ട് 16.4 ഓവറില്‍ 95 റണ്‍സിന് ഓള്‍ ഔട്ട് ആയി.
ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് എത്തുകയാണ് ലങ്ക. സ്വന്തം നാട്ടില്‍ ടി-20യില്‍ ശ്രീലങ്ക നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടലാണിത്. 2025ല്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക 94 റണ്‍സിന്റെ ടോട്ടല്‍ നേടിയിരുന്നു.
94 – ബംഗ്ലാദേശ് – 2025
95 – ഇംഗ്ലണ്ട് – 2026*
99 – പാകിസ്ഥാന്‍ – 2012
101 – വെസ്റ്റ് ഇന്‍ഡീസ് – 2012
മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് കരുത്തിലാണ് ലങ്ക ചാമ്പലായത്. സൂപ്പര്‍ താരം വില്‍ ജാക്സ് ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം നടത്തി. ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ലിയാം ഡാവ്സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും ജെയ്മി ഓവര്‍ട്ടണ്‍ ഒരു വിക്കറ്റും നേടി.
തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയായിരുന്നു ലങ്ക നേരിട്ടത്. ടീം സ്‌കോര്‍ 15ല്‍ നില്‍ക്കവെ പാത്തും നിസംഗയെ ഒമ്പത് റണ്‍സിന് നഷ്ടപ്പെട്ടായിരുന്നു ലങ്കന്‍ തകര്‍ച്ചയുടെ തുടക്കം. പിന്നീട് പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ ടോപ് ഓര്‍ഡറിലെ അഞ്ച് ലങ്കന്‍ ബാറ്റര്‍മാരെയാണ് ത്രീലയണ്‍സ് വെട്ടി വീഴ്ത്തിയത്.
ലങ്കയ്ക്ക് വേണ്ടി മധ്യ നിരയില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. 24 പന്തില്‍ നിന്ന് രണ്ട് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 30 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 13 റണ്‍സ് നേടിയ കാമിന്ദു മെന്‍ഡിസാണ് രണ്ടാം ടോപ് സ്‌കോറര്‍.
ഇംഗ്ലണ്ടിന് വേണ്ടി ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത് ഓപ്പണര്‍ ഫില്‍ സാള്‍ട്ടാണ്. 40 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 62 റണ്‍സാണ് താരം സ്വന്തമാക്കിയത്. മധ്യ നിരയില്‍ ടീമിന് വേണ്ടി 21 റണ്‍സ് നേടിയ വില്‍ ജാക്സും നിര്‍ണായകമായി. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ലായിരുന്നു.
അതേസമയം ലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ദില്‍ഷന്‍ മധുഷങ്ക, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ദുഷ്മന്ത ചമീര എന്നിവര്‍ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.
Content Highlight: Sri Lanka In Unwanted Record At Home International T20