| Saturday, 13th September 2025, 2:04 pm

ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍; അടുത്തത് ഇന്ത്യയിലായിരിക്കാം; യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം നല്‍കണമെന്ന് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധ്യപ്രദേശ്: സമീപ ഭാവിയില്‍ ഇന്ത്യയിലും ഒരു ആഭ്യന്തര കലാപം ഉണ്ടായേക്കാമെന്ന് മധ്യപ്രദേശ് ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശാക്യ. അതുകൊണ്ട് യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. അയല്‍രാജ്യങ്ങളില്‍ ഉണ്ടാകുന്നതുപോലെ ആഭ്യന്തര യുദ്ധങ്ങള്‍ ഇന്ത്യയിലും നേരിടേണ്ടി വരുമെന്നും യുവാക്കള്‍ക്ക് അതിനുള്ള പരിശീലനം നല്‍കണമെന്നും എം.എല്‍.എ പറഞ്ഞു.

മധ്യപ്രദേശിലെ ഗുണയില്‍ നടന്ന സംസ്ഥാനതല കായിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

അയല്‍ രാജ്യങ്ങളില്‍ കാണുന്ന അക്രമാസക്തമായ അസ്വസ്ഥതകളുടെ പശ്ചാത്തലത്തിലാണ് 18 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കേണ്ടതിനെ കുറിച്ച് ബി.ജെ.പി എം.എല്‍.എ പറഞ്ഞത്. നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളെപോലെ ഇന്ത്യയും സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വരുമെന്നും എം.എല്‍.എ പറഞ്ഞു.

‘ഇന്ത്യയില്‍ ഭാവിയില്‍ ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമുണ്ടാകുമെന്നും അത്തരമൊരു സാഹചര്യം ഉയര്‍ന്നുവന്നാല്‍ ആ വെല്ലുവിളി നേരിടാന്‍ ആര് മുന്നോട്ടുവരുമെന്നും ഇപ്പോള്‍ ചിന്തിക്കേണ്ടതുണ്ട്.’ ശാക്യ പറഞ്ഞു.

നേപ്പാളിലെ സംഘര്‍ഷവും ശ്രീലങ്കയിലും ബംഗ്ലാദേശിലും തെരുവ് അക്രമം പൊട്ടിപുറപ്പെട്ടതുമാണ് ഇതിനു മാതൃകയായി നേതാവ് ചൂണ്ടിക്കാട്ടിയത്. ഈ രണ്ട് രാജ്യങ്ങളിലും ഭരണമാറ്റങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശ്രീലങ്ക തീയിട്ടു ബംഗ്ലാദേശില്‍ ഭരണമാറ്റം ഉണ്ടായി. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ആശങ്കാജനകമാണ്. പാകിസ്ഥാന്‍ തീവ്രവാദത്താല്‍ വലയുന്നു. ഇപ്പോള്‍ നേപ്പാളിലും അക്രമങ്ങള്‍ ഉണ്ടാകുന്നു. ഇതുപോലുള്ള സാഹചര്യം
ഇന്ത്യയിലും ഉണ്ടായേക്കാം അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ നമ്മുടെ യുവാക്കളെ സജ്ജമാക്കണം’ എം.എല്‍.എ പന്നലാല്‍ ശാക്യ പറഞ്ഞു.

ഗുണ ജില്ലാ ഭരണകൂടം ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടേതല്ലെന്നും എം.എല്‍.എ യുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.ജെ.പി വക്താവ് ആശിഷ് അഗര്‍വാള്‍ പറഞ്ഞു

നിയമസഭാംഗത്തിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ കീഴിലുള്ളതല്ലെന്നും പാര്‍ട്ടി അത് ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും അഗര്‍വാള്‍ പറഞ്ഞു.

Content Highlight: Sri Lanka, Bangladesh, Afghanistan, Nepal; India may be next; BJP MLA demands compulsory military service for youth

We use cookies to give you the best possible experience. Learn more