ഐ.പി.എല്‍ 2026 സീസണിന് മുന്നോടിയായി സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആശ്വാസം. ടീമിന്റെ യുവ പേസര്‍ ഇഷന്‍ മലിംഗയ്ക്ക് ഐ.പി.എല്ലില്‍ കളിക്കാന്‍ അനുമതി നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസ്. എല്‍. സി). താരം ഉടന്‍ തന്നെ ടീമിനൊപ്പം ചേര്‍ന്നേക്കും.
ടി – 20 ലോകകപ്പിന് മുന്നോടിയായിയാണ് ഇഷന്‍ മലിംഗയ്ക്ക് പരിക്കേറ്റത്. ഇടം തോളെല്ലിനായിരുന്നു ശ്രീലങ്കന്‍ പേസര്‍ക്ക് പരിക്കേറ്റത്. ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ടുമായുള്ള പരമ്പരയിലായിരുന്നു ഇത്. പിന്നാലെ ലോകകപ്പ് പൂര്‍ണമായി നഷ്ടമായ താരം പരിക്കില്‍ നിന്ന് മുക്തനായിയിരുന്നു.
ഇഷൻ മലിംഗ. Photo: Espncricinfo
എന്നാല്‍, എസ്. എല്‍. സി ഫ്രാഞ്ചൈസി ലീഗില്‍ കളിക്കാന്‍ നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ശ്രീലങ്കന്‍ താരങ്ങളോട് ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതോടെ താരം ഈ സീസണില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാലിപ്പോള്‍ താരത്തിന് ക്ലിയറന്‍സ് ലഭിച്ചതോടെ എസ്. ആര്‍. എച്ചിന് വലിയ ആശ്വാസമാണ്.
ഐ.പി.എല്‍ 2026നോട് അനുബന്ധിച്ച് എസ്. ആര്‍. എച്ച് നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളാണ് ഇഷന്‍ മലിംഗ. 2025 എഡിഷനില്‍ ടീമിലെത്തിയ താരം ആ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് മത്സരങ്ങളില്‍ കളിച്ച താരം 13 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
ഇപ്പോള്‍ ഇഷന്‍ ക്ലിയറന്‍സ് നേടിയത് എസ്. ആര്‍. എച്ചിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സ് പരിക്ക് കാരണം സീസണിന് തുടക്കത്തില്‍ ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന വാര്‍ത്ത തന്നെ ടീമിന് തലവേദനയായിരുന്നു സൃഷ്ടിച്ചത്. അതിന് പിന്നാലെയായിരുന്നു ഇഷന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നത്. ഇപ്പോള്‍ ബൗളിങ് അറ്റാക്കിലേക്ക് ലങ്കന്‍ പേസര്‍ തിരിച്ചെത്തുന്നത് ടീമിന് ആത്മവിശ്വാസം നല്‍കും.
ഇഷാൻ കിഷനും പാറ്റ് കമ്മിൻസും. Photo: Federal
അതേസമയം, കമ്മിന്‍സിന്റെ അഭാവത്തില്‍ ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷനെ ടീമിന്റെ താത്കാലിക കാപ്റ്റനായി ഹൈദരാബാദ് പ്രഖ്യാപിച്ചിട്ടുണ്ട്. താരത്തിന്റെ കീഴിലായിരിക്കും കമ്മിന്‍സ് തിരിച്ചെത്തുന്നതുവരെ മുന്‍ ചാമ്പ്യന്മാര്‍ കളത്തിലിറങ്ങുക. ഡെപ്യൂട്ടിയായി അഭിഷേകിനെയും ടീം നിയമിച്ചിട്ടുണ്ട്.
ഐ.പി.എല്‍ 2026ന്റെ ഉദ്ഘാടന ദിവസമായ മാര്‍ച്ച് 28 തന്നെ ഹൈദരാബാദ് കളത്തിലെത്തുന്നുണ്ട്. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുവാണ് (ആര്‍.സി.ബി) എതിരാളികള്‍. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Content Highlight: SRH’s Eshan Malinga got clearance from Sri Lankan Cricket Board to play in IPL 2026