| Wednesday, 18th March 2026, 6:20 pm

കമ്മിന്‍സെത്താന്‍ വൈകും; ഇന്ത്യയുടെ ലോകകപ്പ് ഹീറോയെ ക്യാപ്റ്റനാക്കി ഹൈദരാബാദ്

ഫസീഹ പി.സി.

ഐ.പി.എല്‍ 2026 സീസണില്‍ താത്കാലിക നായകനായി ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ ഇഷാന്‍ കിഷനെ പ്രഖ്യാപിച്ച് സണ്‍ റൈസേഴ്സ് ഹൈദരാബാദ് (എസ്. ആര്‍. എച്ച്). ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പരിക്ക് കാരണം സീസണിന്റെ തുടക്കത്തില്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാലാണ് ഇഷാനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നത്.

19ാം സീസണില്‍ ആദ്യ കുറച്ച് മത്സരങ്ങള്‍ കമ്മിന്‍സിന് നഷ്ടമാകും. താരം തിരിച്ചെത്തുന്നത് വരെയാകും ഇഷാന്‍ എസ്. ആര്‍. എച്ചിന്റെ ക്യാപ്റ്റനാകുക. ഈ കാലയളവിലേക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മയെ വൈസ് ക്യാപ്റ്റനായും എസ്.ആര്‍. എച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇഷാൻ കിഷനും അഭിഷേക് ശർമയും. Photo: Crictracker

ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡ് ക്യാപ്റ്റനാണ് ഇഷാന്‍. 2025 ല്‍ മുഷ്താഖ് അലിയില്‍ താരം ജാര്‍ഖണ്ഡിന് കന്നി കിരീടം നേടികൊടുത്തിരുന്നു. ഈ മികവ് തന്നെയാകും എസ്.ആര്‍.എച്ച് വിക്കറ്റ് കീപ്പര്‍ ബാറ്ററെ താത്കാലിക ക്യാപ്റ്റനാക്കിയത്.

2025ലാണ് എസ്. ആര്‍. എച്ച് കിഷനെ ടീമിലെത്തിച്ചത്. ഗുജറാത്ത് ലയണ്‍സിലും മുംബൈയിലും കളിച്ചതിന് ശേഷമാണ് താരം ടീമിനൊപ്പം ചേര്‍ന്നത്.

അതേസമയം, കമ്മിന്‍സ് എന്നാണ് പരിക്കില്‍ നിന്ന് മുക്താനായി ഐ.പി.എല്ലില്‍ കളിക്കാന്‍ എത്തുക എന്ന കാര്യം വ്യക്തമല്ല. പുറം വേദന കാരണം കുറച്ച് മാസങ്ങളായി വിട്ടുനില്‍ക്കുന്ന താരത്തിന് ഇതുവരെ ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

പാറ്റ് കമ്മിൻസ്. Photo: Sunrisers Hyderabad

അതിനാല്‍ തന്നെ കമ്മിന്‍സിന് ആദ്യ കുറച്ച് മത്സരങ്ങള്‍ നഷ്ടമാകുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ ടീമിനൊപ്പം ചേരുമെന്നും സൂചനകളുണ്ടായിരുന്നു.

2025 ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഓസ്ട്രേലിയയുടെ പരമ്പരക്കിടെയാണ് കമ്മിന്‍സിന് പരിക്കേറ്റത്. അതില്‍ മുക്തമായി താരം ആഷസിലെ ഒരു ടെസ്റ്റില്‍ കളത്തിലെത്തിയെങ്കിലും പുറം വേദന വീണ്ടും വന്നതോടെ പരമ്പരയില്‍ നിന്ന് പുറത്തായി. പിന്നാലെ, ടി – 20 ലോകകപ്പും പേസര്‍ക്ക് നഷ്ടമായി.

ഐ.പി.എല്‍ 2026ല്‍ ഉദ്ഘാടന ദിവസമായ മാര്‍ച്ച് 28 തന്നെ എസ്.ആര്‍.എച്ച് കളത്തിലിറങ്ങുന്നുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് (ആര്‍.സി.ബി) എതിരാളികള്‍. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

Content Highlight: SRH announced Ishan Kishan as interim captain absence of Pat Cummins in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more