| Tuesday, 27th October 2026, 10:34 pm

അവരെങ്ങനെയാണത് ചെയ്തതെന്ന് ഞാനും സഞ്ജുവും അത്ഭുതപ്പെട്ടു: വെല്ലിങ്ടണ്‍ ചേസിനെപ്പറ്റി ക്യാപ്റ്റന്‍

ദേവിക ജയചന്ദ്രന്‍

ന്യൂസിലാന്‍ഡിനെതിരെയുള്ള മൂന്നാം ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം വെറും 13.2 ഓവറില്‍ ഇന്ത്യ മറികടന്നു.

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും വൈഭവ് സൂര്യവംശിയുടെയും വെടിക്കെട്ട് പാര്‍ട്ട്ണര്‍ഷിപ്പ് മികവിലാണ് ഇന്ത്യയുടെ വിജയം. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 118 റണ്‍സെടുത്ത് റെക്കോഡ് സൃഷ്ടിച്ചു. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണ് ഇന്ത്യയ്ക്ക് വേണ്ടി വൈഭവും അഭിഷേക് ശര്‍മയും അടിച്ചെടുത്തത്.

അവരെങ്ങനെയാണ് ഇരുവരും അനായാസം ഇത്ര റണ്‍സ് അടിച്ചെടുത്തതെന്ന് താന്‍ അത്ഭുതപ്പെട്ടുവെന്ന് കാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മത്സരശേഷം പറഞ്ഞു.

‘അവര്‍ കളിച്ച രീതി അതിശയകരം തന്നെയായിരുന്നു. ഞാനും സഞ്ജുവും ബാറ്റ് ചെയ്യാന്‍ പോയപ്പോള്‍ പന്ത് സീം ചെയ്യുകയായിരുന്നു. അവരെങ്ങനെയാണിത് ചെയ്തതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു,’ ശ്രേയസ് പറഞ്ഞു.

അഞ്ച് ഓവറില്‍ 100 റണ്‍സ് കടക്കുക എന്നത് ഇതിന് മുമ്പ് കണ്ടിട്ടില്ലാത്തതാണെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. വിദേശത്തെ സാഹചര്യങ്ങളില്‍ ഇങ്ങനെയുള്ള ഇന്നിങ്‌സുകള്‍ പ്രധാനമാണെന്നും വെല്ലുവിളികളെ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ശ്രേയസ് പറഞ്ഞു.

‘വിദേശത്തെ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും പലതരത്തിലുള്ള പന്തുകളെ നേരിടേണ്ടിവരുമെന്നും നമുക്കറിയാം. അത്തരം വെല്ലുവിളികളെ മറികടന്ന ഇത്രയും മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്നവര്‍ കളിച്ച രീതി അസാധാരണമായിരുന്നു,’ അയ്യര്‍ പറഞ്ഞു.

മൂന്നാം മത്സരത്തില്‍ തന്നെ പരമ്പര സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇതേ ഫോം തുടരാന്‍ ടീമിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ക്യാപ്റ്റന്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിന്റെ രണ്ടാം പകുതിയില്‍ ബൗളര്‍മാര്‍ പന്തെറിയുന്ന ലെങ്തില്‍ മാറ്റം വരുത്തിയതിനെക്കുറിച്ചും അയ്യര്‍ വിശദീകരിച്ചു.

‘ഹാര്‍ഡ് ലെങ്തില്‍ പന്തെറിഞ്ഞാലും ഹാഫ് വോളികള്‍ എറിഞ്ഞാലും അവര്‍ പന്ത് അടിച്ചുപരത്തുകയായിരുന്നു. അതുകൊണ്ട് പരമാവധി യോര്‍ക്കറുകള്‍ എറിയാന്‍ ഞാന്‍ ബൗളര്‍മാരോട് നിര്‍ദശിച്ചു. അത റണ്‍നിരക്ക് എട്ടിനും ഒന്‍പതിനും ഇടയില്‍ പിടിച്ചുനിര്‍ത്താനായത് നിര്‍ണായകമായി,’ ശ്രേയസ് പറഞ്ഞു.

മത്സരത്തില്‍ സഞ്ജു സാംസണിന് പകരമായി ഓപ്പണിങ് പൊസിഷനില്‍ എത്തിയ യുവ താരം വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

ആദ്യ വിക്കറ്റില്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് ഇരുവരും കളത്തില്‍ തകര്‍ത്താടിയത്. വൈഭവ് 19 പന്തില്‍ 45 റണ്‍സും അഭിഷേക് 35 പന്തില്‍ 113 റണ്‍സുമെടുത്താണ് പുറത്തായത്.

Content Highlight: Sreyas Iyer opened up on India’s overall performance while lauding the aggression of Abhishek Sharma and Vaibhav Suryavanshi.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more