സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ജയദീപ്. കുഞ്ഞുപ്രായത്തില്‍ തന്നെ തന്റെ സംഗീതം കൊണ്ട് ശ്രദ്ധനേടാന്‍ ശ്രേയക്ക് സാധിച്ചിരുന്നു. ഒപ്പം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം ആലപിച്ചതും ശ്രേയ തന്നെയാണ്.
ഒപ്പം സിനിമയില്‍ പാട്ടുപാടാനായി മ്യൂസിക് ഡയറക്ടേഴ്സിനോട് തന്നെ കുറിച്ച് പറയുന്നത് എം.ജി ശ്രീകുമാര്‍ ആണെന്നാണ് ശ്രേയ പറയുന്നത്. ‘ഇങ്ങനെയൊരു കുട്ടിയുണ്ട്’ എന്ന് പറഞ്ഞത് അദ്ദേഹമാണെന്നും അങ്ങനെയാണ് താന്‍ ഒപ്പം സിനിമക്കായി പാട്ടുപാടുന്നതെന്നും ഗായിക പറഞ്ഞു.
തുടക്കത്തില്‍ തന്നെ അത് മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണെന്ന് അറിയാമായിരുന്നുവെന്നും ആശിര്‍വാദ് സിനിമാസില്‍ നിന്നായിരുന്നു തങ്ങള്‍ക്ക് കോള്‍ വന്നതെന്നും ശ്രേയ പറയുന്നു. അപ്പോള്‍ തന്നെ ‘ആശിര്‍വാദ് സിനിമാസില്‍ നിന്ന് വിളിക്കണമെങ്കില്‍ എന്തായിരിക്കും’ എന്ന് ചിന്തിച്ചിരുന്നെന്നും ശ്രേയ കൂട്ടിച്ചേര്‍ത്തു.
‘സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ സമയത്താണോയെന്ന് എനിക്ക് ഓര്‍മയില്ല. അന്ന് എന്റെ കൂടെ ആ പാട്ട് പാടിയത് എം.ജി അങ്കിളായിരുന്നില്ല. പകരം ലാലങ്കിളായിരുന്നു. സിനിമയുടെ 100 ഡേ സെലിബ്രേഷന്റെ സമയത്തായിരുന്നു അതെന്ന് തോന്നുന്നു.
അന്നാണ് ഞങ്ങള്‍ ഒരുമിച്ച് പാടിയത്. ലാലങ്കിള്‍ അന്ന് പ്രാക്ടീസിന് വേണ്ടി എന്നെ ട്രാവന്‍ങ്കൂര്‍ ഹോട്ടലിലേക്ക് വിളിപ്പിച്ചു. പ്രാക്ടീസിനിടയില്‍ മൂന്ന് തവണ ആ പാട്ട് ഞങ്ങള്‍ മുഴുവനായും പാടിയിട്ടുണ്ട്. ‘ഒന്ന് കൂടി പാടി നോക്കാം മോളെ. അങ്കിളിന് റെഡിയായിട്ടില്ല’ എന്ന് പറഞ്ഞ് ലാലങ്കിള്‍ വീണ്ടും വീണ്ടും പാടുകയായിരുന്നു.
എം.ജി അങ്കിള്‍ ലാലങ്കിളിന് ഓരോന്നും പറഞ്ഞു കൊടുക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്നാണ് ആ പാട്ട് അന്ന് പ്രാക്ടീസ് ചെയ്തത്. പിന്നീട് സ്റ്റേജില്‍ പാടിയപ്പോള്‍ ലാലങ്കിള്‍ എനിക്കൊരു ഉമ്മയൊക്കെ തന്നു. ആ ഓര്‍മകളാണ് എന്റെ മനസില്‍ വളരെ ഫ്രഷായി നില്‍ക്കുന്നത്,’ ശ്രേയ ജയദീപ് പറയുന്നു.
Content Highlight: Sreya Jayadeep Talks About Mohanlal And Oppam Movie Song