വെസ്റ്റ് ഇന്ഡീസിന്റെ ഇന്ത്യന് പര്യടനത്തില് തുടര്ച്ചയായി മികച്ച പ്രകടനം പുറത്തെടുക്കുന്ന കരിബിയന്സ് നായകന് ഷായ് ഹോപ്പിനെ അഭിനന്ദിച്ച് മുന് ആര്.സി.ബി താരം ശ്രീവത്സ് ഗോസ്വാമി.
ലിമിറ്റഡ് ഓവര് ഫോര്മാറ്റില് വെസ്റ്റ് ഇന്ഡീസ് ടീമില് ഷായ് ഹോപ്പിന്റെ സ്വാധീനം ഇന്ത്യയ്ക്കായി വിരാട് കോഹ്ലി നല്കിയ സംഭാവനകള്ക്ക് സമാനമാണെന്ന് ഗോസ്വാമി അഭിപ്രായപ്പെട്ടു.
ശ്രീവത്സ് ഗോസ്വാമി.
ബിയോണ്ട് 23 ക്രിക്പോഡ്കാസ്റ്റില് സംസാരിക്കവെയാണ് ഗോസ്വാമി ഹോപ്പിനെ കുറിച്ച് സംസാരിച്ചത്.
‘ഇതൊരു വലിയ കാര്യമായി തോന്നാം, പക്ഷേ ലിമിറ്റഡ് ഓവര് ക്രിക്കറ്റില് ഇന്ത്യക്ക് വിരാട് കോഹ്ലി എന്തായിരുന്നോ, വെസ്റ്റ് ഇന്ഡീസിന് അത് ഷായ് ഹോപ്പാണ്.
അദ്ദേഹത്തെ നോക്കിയാല് ഒരു അപകടകാരിയായ ബാറ്ററാണെന്ന് പെട്ടെന്ന് തോന്നില്ല. ക്രിസ് ഗെയ്ലോ കെയ്റോണ് പൊള്ളാര്ഡോ പ്രകടിപ്പിക്കുന്ന തരത്തിലുള്ള ശാരീരിക ശേഷിയോ സവിശേഷതകളോ അദ്ദേഹത്തിനില്ല.
ഷായ് ഹോപ്പ്. Photo: ICC
എന്നാല് മികച്ച ക്രിക്കറ്റിങ് ഷോട്ടുകള് കളിച്ച് 160ന് മുകളില് സ്ട്രൈക്ക് റേറ്റ് നിലനിര്ത്താന് അദ്ദേഹത്തിന് സാധിക്കുന്നു. മികച്ച ബാറ്റര് എന്നതിനൊപ്പം തന്നെ അദ്ദേഹം ടീമിന്റെ മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമാണ്,’ ഗോസ്വാമി പറഞ്ഞു.
ടി-20 കരിയറിന്റെ തുടക്കത്തില് മെല്ലെപ്പോക്കിന്റെ പേരില് വിമര്ശനം നേരിട്ടിരുന്ന ഹോപ്പ്, പിന്നീട് തന്റെ ശൈലി മെച്ചപ്പെടുത്തി 74 മത്സരങ്ങളില് നിന്ന് 33.40 ശരാശരിയിലും 142-ഓളം സ്ട്രൈക്ക് റേറ്റിലും റണ്സ് അടിച്ചുകൂട്ടി മുന്നേറുകയാണ്.
നിലവില് നടക്കുന്ന ടി-20 പരമ്പരയില് 130.50 ശരാശരിയിലും 190ന് മുകളില് സ്ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ച്വറികളടക്കം 261 റണ്സ് നേടി റണ്വേട്ടക്കാരുടെ പട്ടികയില് ഒന്നാമനാണ് ഷായ് ഹോപ്പ്.
ടി-20 പരമ്പരയ്ക്ക് മുന്നോടിയായി നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യന് ബൗളര്മാര്ക്ക് ഷായ് ഹോപ്പ് വലിയ ഭീഷണിയായിരുന്നു. വിന്ഡീസ് പരമ്പര 1-2 ന് തോറ്റെങ്കിലും, 139 ശരാശരിയിലും 112-ലധികം സ്ട്രൈക്ക് റേറ്റിലും 278 റണ്സാണ് വലംകൈയന് ബാറ്ററായ ഹോപ്പ് നേടിയത്.
പരമ്പരയിലെ അവസാന ഏകദിനത്തില് ഇന്ത്യ ഉയര്ത്തിയ 352 റണ്സ് വിജയലക്ഷ്യം മറികടക്കാന് വിന്ഡീസിനെ സഹായിച്ചത് ഹോപ്പിന്റെ പുറത്താകാതെയുള്ള 162 റണ്സ് പ്രകടനമായിരുന്നു.
ഏകദിനത്തില് 21 സെഞ്ച്വറികള് തികച്ച ഹോപ്പ്, വെസ്റ്റ് ഇന്ഡീസിനായി ഏറ്റവും കൂടുതല് ഏകദിനസെഞ്ച്വറികള് നേടിയ താരങ്ങളുടെ പട്ടികയില് ക്രിസ് ഗെയ്ലിന് (25) തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്തുമുണ്ട്.
ഇന്ത്യയ്ക്കെതിരെ കളിച്ച 49 ഇന്നിങ്സുകളില് നിന്നായി എട്ട് സെഞ്ച്വറികള് ഉള്പ്പെടെ 48-നോടടുത്ത് ശരാശരിയോടെ മികച്ച റെക്കോര്ഡാണ് ഷായ് ഹോപ്പിനുള്ളത്.
അതേസമയം, ഇന്ത്യ – വെസ്റ്റ് ഇന്ഡീസ് പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളില് രണ്ട് വീതം മത്സരം വിജയിച്ച് ആതിഥേയരായ ഇന്ത്യയും വിസിറ്റിങ് ടീം വെസ്റ്റ് ഇന്ഡീസും ഒപ്പത്തിനൊപ്പമാണ്. ഇന്ന് ബെംഗളൂരുവില് നടക്കുന്ന സീരീസ് ഡിസൈഡര് മത്സരത്തില് വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ബാറ്റര്മാരുടെ പറുദീസയായ ചിന്നസ്വാമിയില് കൂറ്റന് സ്കോര് ഉയരുമെന്നുറപ്പാണ്.
Content Highlight: Sreevats Goswami compares Shai Hope with Virat Kohli