ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വിവാദമാണ് മലയാളി താരം ശ്രീശാന്തും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും തമ്മില്‍ നടന്ന പോര്.
കഴിഞ്ഞ ദിവസം ഈ സംഭവത്തിന്റെ ഒരു വീഡിയോ ഐ.പി.എല്‍ സ്ഥാപകനും മുന്‍ ചെയര്‍മാനുമായിരുന്ന ലളിത് മോദി പുറത്ത് വിട്ടിരുന്നു.
‘ആരും കാണാത്ത വിഡിയോയെന്ന്’ വിശേഷിപ്പിച്ചാണ് അദ്ദേഹം ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കുമായുള്ള ബിയോണ്ട്23 ക്രിക്കറ്റ് പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം ഇത് പരസ്യമാക്കിയത്.
ഇപ്പോള്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശ്രീശാന്തിന്റെ പങ്കാളി ഭുവനേശ്വരി ശ്രീശാന്ത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഭുവനേശ്വരിയുടെ പ്രതികരണം. 2008ല്‍ നടന്ന ഒരു സംഭവം വീണ്ടും ചര്‍ച്ചയാക്കുന്നതില്‍ ഇരുവരോടും ലജ്ജ തോന്നുന്നുവെന്നാണ് ഭുവനേശ്വരി പറഞ്ഞത്. ഇത് കുടുംബത്തിന് വലിയ വേദനയുണ്ടാക്കുന്നുവെന്നും താരങ്ങളേക്കാള്‍ അവരുടെ ഒന്നുമറിയാത്ത മക്കളാണ് ഇത് നേരിടേണ്ടി വരുന്നതെന്നും അവര്‍ പറഞ്ഞു.
‘ലളിത് മോദിയോടും മൈക്കിള്‍ ക്ലര്‍ക്ക് നോടും ലജ്ജ തോന്നുന്നു. ചീപ്പ് പബ്ലിസിറ്റിക്കും വ്യൂവേഴ്‌സിനും വേണ്ടി 2008 നടന്ന ഒരു സംഭവത്തെ വീണ്ടും പ്രദര്‍ശിപ്പിക്കുന്ന നിങ്ങള്‍ മനുഷ്യരല്ല. ഹര്‍ഭജനും ശ്രീശാന്തും ഇപ്പോള്‍ ഒരുപാട് മുന്നോട്ട് പോയി. അവര്‍ ഇപ്പോള്‍ പിതാക്കളാണ്. അവരുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ശ്രമിക്കുന്നത് ആ മുറിവിലേക്ക് അവരെ വീണ്ടും വലിച്ചിഴയ്ക്കാനാണ്. ഇത് തീര്‍ത്തും ദുഷിച്ച പ്രവര്‍ത്തിയാണ്.
ശ്രീശാന്ത് അദ്ദേഹത്തിന്റെ ജീവിതം എല്ലാം മോശം അവസ്ഥയില്‍ നിന്നും ഭേദപ്പെടുത്തി വരികയായിരുന്നു. അദ്ദേഹത്തിന്റെ പങ്കാളി എന്ന നിലയിലും അദ്ദേഹത്തിന്റെ കുട്ടിയുടെ അമ്മ എന്ന നിലയിലും 18 വര്‍ഷം മുമ്പുള്ള ഈ കാര്യം വീണ്ടും ഞങ്ങളുടെ കുടുംബത്തിന് അത്രയും വേദനാജനകമാക്കി. ഇത് താരങ്ങളെ മാത്രം ബാധിക്കുന്നതല്ല അവരുടെ ഒന്നും അറിയാത്ത കുട്ടികളെയും ബാധിക്കുന്ന ചോദ്യമാണ്, അവര്‍ തെറ്റില്‍ ഞാന്‍ ലജ്ജിക്കുന്നു,’ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഭുവനേശ്വരി എഴുതിയത്.
2008 സീസണിലായിരുന്നു ഹര്‍ഭജനും ശ്രീശാന്തും തമ്മില്‍ വഴക്ക് നടന്നത് നടന്നത്. മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് അടിച്ചു എന്നായിരുന്നു വിവാദം. മത്സരത്തിന് ശേഷം ശ്രീശാന്ത് ഷെയ്ക്ക് ഹാന്‍ഡിന് ശ്രമിക്കുന്നതിനിടെ ഹര്‍ഭജന്‍ മുഖത്ത് അടിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ഹര്‍ഭജനെ ഐ.പി.എല്‍ മാനേജ്‌മെന്റ് ശിക്ഷിക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റിലെ 11 മത്സരങ്ങളില്‍ നിന്ന് വിലക്കാണ് താരം നേരിട്ടത്.
അതേസമയം, ഈ വിവാദങ്ങളില്‍ ഹര്‍ഭജന്‍ സിങ് അടുത്തിടെ ശ്രീശാന്തിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. ജീവിതത്തില്‍ എന്തെങ്കിലും കാര്യം തിരുത്താന്‍ കഴിയുമായിരുന്നെങ്കില്‍ ശ്രീശാന്തുമായുള്ള പ്രശ്‌നം ഇല്ലാതാക്കാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
Content Highlight: Sreesanth’s partner criticizes Lalit Modi and Michael Clarke