| Monday, 8th June 2026, 12:30 pm

സന്തോഷേട്ടൻ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ ആണ് പോയത്; മൂന്നാം ഭാഗത്തിൽ ഉറപ്പായും അദ്ദേഹം ഉണ്ടായേനെ: ശ്രീരേഖ

നന്ദന എം.സി

മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രീരേഖ. ഷെയ്ൻ നിഗം നായകനായ വെയിൽ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ശ്രീരേഖയെ തേടിയെത്തിയിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരം, മോഹിനിയാട്ടത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ നടൻ സന്തോഷ് കെ. നായരെ കുറിച്ചും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചും മനസുതുറക്കുകയാണ്.

ശ്രീരേഖ, Photo: YouTube/ Screengrab

സൗത്ത് ഗ്രാമി പ്രൊഡക്ഷൻ നൽകിയ അഭിമുഖത്തിലാണ് ശ്രീരേഖ സന്തോഷ് കെ. നായരെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്. നടന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്താണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായതെന്ന് ശ്രീരേഖ പറയുന്നു.

‘സന്തോഷേട്ടൻ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോളാണ് അദ്ദേഹം പോയത്. ഇപ്പോൾ അദ്ദേഹത്തെ കണ്ടാൽ അറിയാത്ത ഓഡിയൻസ് ആരുമില്ല. മുമ്പ് ആണെങ്കിൽ അദ്ദേഹത്തിന് അത്രയും ഒരു ഫെയിം കിട്ടണം എന്നില്ല. എപ്പോളോ ഒരു പേജിൽ ചെറിയ ഒരു വാർത്തയായി ഒതുങ്ങിപ്പോകുന്ന ഒരു വ്യക്തി ഇപ്പോൾ എത്രയോ ഹെഡിങ്ങുകളിൽ വന്നു, എത്രയോ ന്യൂസിൽ വന്നു. മരണം ഒരാളെ മഹാൻ ആക്കും എന്നുള്ളതിന്റെ തെളിവാണ്,’ എന്നാണ് ശ്രീരേഖ പറഞ്ഞത്.

മോഹിനിയാട്ടം, Photo: YouTube/ Screengrab

മോഹിനിയാട്ടം സിനിമയിലൂടെ ലഭിച്ച സ്വീകാര്യത സന്തോഷ് കെ. നായർ ഏറെ ആസ്വദിച്ചിരുന്നുവെന്നും താരം ഓർമ്മിക്കുന്നു. ‘അദ്ദേഹത്തിന്റെ നല്ല ഒരു ടൈമിൽ ഉള്ള മരണമായിരുന്നു അത്. കുറെ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത് മോഹിനിയാട്ടത്തിൽ ആണ്.

അതുകൊണ്ട് തന്നെ നമ്മൾ പ്രമോഷൻ ഒക്കെ പോകുമ്പോൾ ആളുകൾ സന്തോഷേട്ടനെ കാണുമ്പോൾ ഡയറക്ട് വന്ന് അഭിനന്ദനങ്ങൾ പറയുന്നു. അതൊക്കെ അദ്ദേഹം എൻജോയ് ചെയ്യുന്നുണ്ടായിരുന്നു,’ എന്നും ശ്രീരേഖ പറഞ്ഞു.

സന്തോഷ് കെ. നായരുടെ ഭാവി പദ്ധതികളെക്കുറിച്ചും താരം അഭിമുഖത്തിൽ പരാമർശിച്ചു. ‘ഭാരതനാട്യത്തിന്റെ തേർഡ് പാർട്ട് ഉണ്ടാകുകയാണെങ്കിൽ ഉറപ്പായിട്ടും അതിനകത്ത് അദ്ദേഹം ഉണ്ടാകും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്,’ എന്നാണ് ശ്രീരേഖ പറഞ്ഞത്.

സിനിമാ ജീവിതത്തിൽ ഏറെ വർഷങ്ങൾ പിന്നിട്ട ശേഷമാണ് സന്തോഷ് കെ. നായർക്ക് വലിയ ജനപ്രീതിയും പ്രേക്ഷക ശ്രദ്ധയും ലഭിച്ചത്.

മോഹിനിയാട്ടം റിലീസിന് ശേഷം അദ്ദേഹത്തിന് ലഭിച്ച അംഗീകാരവും സ്നേഹവും ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്ന് സഹപ്രവർത്തകരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. അതിനിടെയുണ്ടായ വിയോഗം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും ഒരുപോലെ വലിയ നഷ്ടമായാണ് ഇന്നും വിലയിരുത്തപ്പെടുന്നത്.

Content Highlight: Sreerekha speaks out about the death of actor Santhosh K Nair

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more