അഭിനയത്തോടൊപ്പം തിരക്കഥാരചനയിലും ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ചവരാണ് ശ്രീനിവാസനും കമല്‍ ഹാസനും. തമിഴ് സിനിമാപ്രേമികള്‍ക്ക് കമല്‍ ഹാസന്റെ തിരക്കഥകള്‍ എല്ലായ്‌പ്പോഴും കാലത്തിന് മുന്നേ സഞ്ചരിക്കുന്നവയാണ്. പത്ത് വര്‍ഷത്തിന് ശേഷമുള്ള പ്രേക്ഷകര്‍ക്ക് സ്വീകാര്യമാകും വിധമാണ് കമല്‍ തന്റെ തിരക്കഥകള്‍ ഒരുക്കാറുള്ളത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സിനിമകളൊക്കെ കാലങ്ങള്‍ക്ക് ശേഷമാണ് അംഗീകരിക്കപ്പെടുക.
എന്നാല്‍ ശ്രീനിവാസന്‍ അതില്‍ നിന്ന് വ്യത്യസ്തനാണ്. കാലത്തിനൊപ്പവും കാലങ്ങള്‍ക്ക് ശേഷവും ശക്തമായി നില്‍ക്കുന്ന തിരക്കഥകളാണ് ശ്രീനിവാസന്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്ന് എടുത്ത അനുഭവങ്ങളാണ് എപ്പോഴും ശ്രീനിവാസന്റെ തിരക്കഥകള്‍ക്ക് ആധാരമാകാറുള്ളത്.
തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ എണ്ണമറ്റ ഗംഭീര കഥകള്‍ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം താന്‍ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതാണെന്ന് പലകുറി ശ്രീനിവാസന്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. 1999ല്‍ ചിന്താവിഷ്ടയായ ശ്യാമളക്ക് ദേശീയ അവാര്‍ഡ് ലഭിച്ച ശേഷം നടന്ന സ്വീകരണ പരിപാടിയില്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ ഇതിന് ഉദാഹരണമാണ്.
സ്വീകരണ ചടങ്ങില്‍ തനിക്ക് പ്രസംഗിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് ‘ഈ കഥ ഞാന്‍ മോഷ്ടിച്ചതാണ്’ എന്നായിരുന്നു. സദസിനെ ഒന്നടങ്കം ഞെട്ടിച്ച വാക്കുകളായിരുന്നു. ‘കേരളത്തിലെ ഓരോ സാധാരണക്കാരുടെയും ജീവിതത്തില്‍ നിന്ന് ഞാന്‍ മോഷ്ടിച്ചതാണ് ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ’ എന്നായിരുന്നു പ്രസംഗത്തിന്റെ ബാക്കി ശ്രീനിവാസന് മാത്രം സാധിക്കുന്ന നര്‍മമാണ് ഇതെല്ലാം.
താന്‍ തിരക്കഥയെഴുതുന്ന സിനിമകളില്‍ പ്രധാനവേഷം ഒരിക്കലും അദ്ദേഹം തെരഞ്ഞെടുക്കാറില്ല. സന്ദേശത്തിലെ കോട്ടപ്പള്ളി, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലെ വിശ്വനാഥന്‍, അഴകിയ രാവണനിലെ അംബുജാക്ഷന്‍, വരവേല്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തുടങ്ങി കഥയില്‍ കുറച്ച് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളോടായിരുന്നു അദ്ദേഹത്തിന് പ്രിയം.
കഥയും കഥാസന്ദര്‍ഭങ്ങളും മാത്രമ്ലല, ശ്രീനിവാസനെഴുതിയ ഓരോ ഡയലോഗുകളും മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. പോപ്പ് കള്‍ച്ചര്‍ മലയാളികള്‍ക്കിടയില്‍ ട്രെന്‍ഡായപ്പോള്‍ അദ്ദേഹത്തിന്റെ ഡയലോഗുകളാണ് കൂടുതലായും മനസില്‍ വന്നത്. നാടോടിക്കാറ്റിലെ ‘ഓരോന്നിനും അതിന്റേതായ സമയമുണ്ട്’, ‘നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത്’ കഥ പറയുമ്പോളിലെ ‘എന്റെ മുന്നിലോ ബാലാ’ അക്കരെയക്കരെയക്കരെയിലെ ‘മീനവിയല്‍’, ‘പോള്‍ ബാര്‍ബര്‍’ തുടങ്ങിയ ഡയലോഗുകള്‍ പറയാതെ ഒരുദിവസം പോലും കടന്നുപോകാറില്ല.
ഹോട്ടലാണെന്ന് ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ തമാശ പറയാറില്ലെങ്കിലും ഏതെങ്കിലും തമാശ ചീറ്റിപ്പോകുമ്പോള്‍ ‘ശോഭക്ക് തമാശ ഇഷ്ടമല്ലേ’ എന്ന് ചോദിക്കാത്തവര്‍ ചുരുക്കമാണ്. ഒരിക്കലെങ്കിലും ഇലക്ട്രോണിക് ഉപകരണം ശരിയാക്കുമ്പോള്‍ ‘ഞാനും പോളിടെക്‌നിക് പഠിച്ചിട്ടുണ്ട്’ എന്ന് പറയാന്‍ ചിലര്‍ക്കെങ്കിലും ഊര്‍ജം തന്നത് ശ്രീനിവാസന്‍ തന്നെയായിരിക്കും.
‘ഇപ്പോ ശരിയാക്കിത്തരാ’, ‘ഇങ്ങള് ദുബായ് കണ്ടിട്ട്ണ്ടാ’, ‘അത് മറ്റൊരാശ്വാസം’ തുടങ്ങി അദ്ദേഹം കഥയെഴുതിയ സിനിമകളിലെ ചെറിയ ഡയലോഗ് പോലും ഇന്നും ഓര്‍ത്തിരിക്കുന്നുണ്ടെങ്കില്‍ അതെല്ലാം ശ്രീനിവാസന്‍ എന്ന ലെജന്‍ഡിന്റെ കഴിവ് തന്നെയാണ്. ഇതില്‍ പല സിനിമകളും ഒരാഴ്ച കൊണ്ടോ രണ്ടാഴ്ച കൊണ്ടോ പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റാണെന്ന് അറിയുമ്പോള്‍ ആ ഇതിഹാസത്തിന്റെ വലിപ്പം കൃത്യമായി മനസിലാകും.
ഒഴിവാക്കാന്‍ പറ്റാത്ത തിരക്ക് കാരണം വെള്ളാനകളുടെ ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് ലൊക്കേഷനില്‍ നിന്ന് ഒളിച്ചോടിയ ശ്രീനിവാസന്‍ ലോറിക്കാരുടെ കൈയില്‍ സ്‌ക്രിപ്റ്റ് കൊടുത്തുവിട്ട് സിനിമ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന കഥ വരുംതലമുറ അത്ഭുതത്തോടെയാകും കേട്ടിരിക്കുക.
മലയാളസിനിമയില്‍ സൂപ്പര്‍സ്റ്റാറുകള്‍ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് ശരിയല്ലെന്ന് മറ്റൊരു സൂപ്പര്‍സ്റ്റാറായ മോഹന്‍ലാലിനെക്കൊണ്ട് പറയിപ്പിച്ച ശ്രീനിവാസന്റെ ധൈര്യത്തെ ഇന്നും പലരും അഭിനന്ദിക്കുന്നുണ്ട്. സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍, മേഘത്തിലെ ഷണ്മുഖന്‍ മുതലാളി, ട്രാഫിക്കിലെ സുദേവന്‍ തുടങ്ങിയ ഐക്കോണിക് കഥാപാത്രങ്ങളും അദ്ദേഹം വെള്ളിത്തിരയില്‍ പകര്‍ന്നാടി.
48 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ 200ലധികം സിനിമകളില്‍ അദ്ദേഹം പല തരത്തിലുള്ള വേഷങ്ങള്‍ ചെയ്തു. 69ാം വയസില്‍ ജീവിതത്തോട് വിടപറയുമ്പോള്‍ ഒരു യുഗം മുഴുവന്‍ നിലനില്‍ക്കുന്ന കലാസൃഷ്ടികളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.
Content Highlight: Sreenivasan’s scripts and dialogues influenced Malayalis