മലയാള സിനിമയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന തരത്തിലുള്ള വൻ വിജയമായി മാറിയിരിക്കുകയാണ് നവാഗതനായ സവിൻ സാ സംവിധാനം ചെയ്ത വാഴ 2.
റിലീസിന് പിന്നാലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ കുതിച്ചുപായുന്ന ചിത്രം, സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
വാഴ 2, Photo: IMDb
ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധ നേടിയ യുവാക്കളെ പ്രധാന വേഷങ്ങളിലെത്തിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുതുമയും നർമവും ചേർന്ന അവതരണം പ്രേക്ഷകർ ഏറ്റെടുത്തതോടെയാണ് വാഴ 2 വലിയ വിജയത്തിലേക്ക് ഉയർന്നത്.
ഇതിനിടെ, സിനിമയുടെ മൂന്നാം ഭാഗമായ വാഴ 3യെ കുറിച്ചുള്ള ചർച്ചകളും ശക്തമായി പുരോഗമിക്കുകയാണ്. ഒന്നാം ഭാഗത്തെക്കാൾ വലിയ വിജയമായി മാറിയ രണ്ടാം ഭാഗം ഇപ്പോഴും ഹൗസ്‌ഫുൾ പ്രദർശനവുമായി മുന്നേറുന്നതിനിടെ, മൂന്നാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചതോടെ ആരാധകർ വലിയ ആവേശത്തിലാണ്.
ചിത്രത്തിൽ പ്ലംബർ, ഹെൽപ്പർ, ചെടി വെട്ടുന്ന തൊഴിലാളി തുടങ്ങിയ വ്യത്യസ്ത വേഷങ്ങളിൽ എത്തി പ്രേക്ഷകരെ ചിരിപ്പിക്കുകയും ഒരൊറ്റ ഡയലോഗിലൂടെ ചിന്തിപ്പിക്കുകയും ചെയ്ത ഒരു കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ആ കഥാപാത്രത്തെ അത്രയും സ്വാഭാവികമായി അവതരിപ്പിച്ചത് ശ്രീനാഥാണ്.
വാഴ 2, Photo: IMDb
ഇപ്പോൾ വാഴ 3യിൽ സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, ആരൊക്കെയായിരിക്കും അഭിനയിക്കുക എന്ന ചർച്ചകളും സജീവമാണ്.
മമിതയോ അനശ്വരയോ ഉണ്ടാകുമോ എന്ന ചോദ്യങ്ങൾക്ക് മറുപടിയായി, ഇതുസംബന്ധിച്ച് തനിക്ക് വ്യക്തമായ അറിവില്ലെന്ന് ശ്രീനാഥ് പറഞ്ഞു. ദി ഷോ സ്‌കേപ്പ് ജേർണൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്.
‘വാഴ 3യിൽ അനശ്വര രാജൻ, മമിത ബൈജു ഒക്കെ ഉണ്ടാവുമോ എന്നൊന്നും അറിയില്ല. വാഴ 3 തുടങ്ങാൻ പോകുന്നതേയുള്ളു. അനൗൺസ് ചെയ്തിട്ട് ദിവസങ്ങളെ ആയിട്ടുള്ളു. വാഴ 3 ചെയ്യണമെന്നാഗ്രഹിച്ചു. അത് സ്ത്രീകളുടെ കഥപറയാം എന്നായി. ആ കാര്യം ഒരു ഇന്റർവ്യൂവിലൂടെ അദ്ദേഹം പറയുകയും ചെയ്തു.
90 സിലെ പെൺകുട്ടികളുടെ കഥപറയണം എന്നാണ് പറഞ്ഞത്. ഫുൾ ആക്‌ടേഴ്‌സ് എന്തായാലും പെൺകുട്ടികൾ ആയിരിക്കില്ലല്ലോ. കഥ എന്തായാലും പെൺകുട്ടികളുടെതായിരിക്കും. ഇപ്പോൾ നമ്മൾ നോക്കിയാൽ ജയ ജയ ജയ ജയ ഹേ പെൺകുട്ടിയുടെ കഥയല്ലേ അങ്ങനെയൊരു സംഭവമായിരിക്കും,’ശ്രീനാഥ് പറഞ്ഞു.
Content Highlight: Sreenath talk about Vazha 3