| Sunday, 12th April 2026, 7:33 pm

ആ ഡയലോഗിന്റെ ആഴം മനസിലായത് സിനിമ കണ്ടപ്പോള്‍; അത് അദ്ദേഹത്തിന്റെ മിടുക്കാണ്: ശ്രീനാഥ് പി.എസ്

ഐറിന്‍ മരിയ ആന്റണി

വിപിന്‍ ദാസിന്റെ തിരക്കഥയില്‍ നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത വാഴ2 ബോക്സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ പ്രേക്ഷ ശ്രദ്ധ പിടിച്ച് പറ്റിയ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ ഇതിനോടകം 150 കോടി കളക്ഷന്‍ നേടി കഴിഞ്ഞു.

വാഴ- ബയോപിക് ഓഫ് ബില്യണ്‍ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തിയ വാഴ2വിന് അനൗണ്‍സ്മെന്റ് മുതല്‍ പ്രതീക്ഷകളേറയായിരുന്നു. ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയ എല്ലാ അഭിനേതാക്കളും കയ്യടി നേടുമ്പോള്‍ രണ്ടാം പകുതിയില്‍ ചെറിയ വേഷത്തിലെത്തിയ ശ്രീനാഥ് പി.എസിന്റെ വേഷത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയുടെ പ്രൊഡ്യൂസറിലൊരാളായ ശ്രീനാഥ് ആദ്യമായാണ് സ്‌ക്രീനിന് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. പ്ലംബറായും, ഇലക്ട്രീഷനായും ഗാര്‍ഡനരായും അലന്റെ രക്ഷകനായെത്തുന്ന ഈ കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

ഇപ്പോഴിതാ ഇന്‍ഡിവുഡുമായുള്ള അഭിമുഖത്തില്‍ സിനിമയെ കുറിച്ചും തന്റെ വേഷത്തെ കുറിച്ചും മനസ് തുറക്കുകയാണ് ശ്രീനാഥ് പി.എസ്. ചിത്രത്തില്‍ ഒരുപാട് പ്രധാനപ്പെട്ട സീനുകളില്‍ താന്‍ ഉണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും സിനിമ കണ്ടപ്പോഴാണ് തന്റെ കഥാപാത്രത്തിന് ഇത്രയേറെ പ്രാധാന്യമുണ്ടെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

‘മൂന്ന്, നാല് തവണയായി വന്നുപോകുന്ന ഒരു കഥാപാത്രമാണ് എന്റേതെന്നാണ് ഞാന്‍ വിചാരിച്ചത്. അങ്ങനെ വന്ന് പോകുന്ന സീനുകൡ കുറച്ച് ഫണ്ണ് പരിപാടികളുണ്ട് എന്നും അറിയാം. ‘ഒറ്റ ജീവിതമല്ലേ ഉള്ളൂ അനിയാ, ജീവിക്കണ്ടേ’ എന്ന പറയുന്ന ആ ഒരു ഡയലോഗ് ഷൂട്ട് ചെയ്തിരുന്നു, എന്നാല്‍ ആ ഡയലോഗിന് ഇത്രത്തോളം പ്രാധാന്യമുണ്ടെന്ന് എനിക്ക് മനസിലായില്ല. സിനിമ കണ്ടപ്പോഴാണ് ആ ഡയലോഗിന് ഇത്രയും ആഴമുണ്ടെന്ന് എനിക്ക് മനസിലായത്.

കാരണം, അതുമുതലാണ് അവര്‍ക്ക് ജീവിതത്തില്‍ ഒരു തിരിച്ചറിവ് ഉണ്ടാകുന്നത്. ആ ഡയലോഗ് അവിടെ എഴുതിയതും, പ്ലേയ്‌സ് ചെയ്തതുമൊക്കെ വിപിന്റെ എഴുത്തിലുള്ള ബ്രില്ല്യന്‍സാണ്. ആദ്യമായി അഭിനയിക്കുന്നയാളാണെന്ന് മനസിലാകാത്ത രീതിയില്‍ സവിന്‍ സാ അത് ചിത്രീകരിച്ചിട്ടുമുണ്ട്. പടി പടിയായി ഉയര്‍ന്ന് പോകുമ്പോള്‍ കൂടെയുള്ളവരെയും ചേര്‍ത്ത് നിര്‍ത്തുന്ന ആളാണ് വിപിന്‍ ദാസ്. അത് അദ്ദേഹത്തിന്റെ വലിയൊരു ക്വാളിറ്റിയാണ്,’ ശ്രീനാഥ് പി.എസ് പറയുന്നു.

ഡബ്ല്യൂ.ബി.ടി. എസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ്, ഷൈന്‍ സ്‌ക്രീന്‍സ് എന്നിവയുടെ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി അനീഷ് എന്നിവര്‍ ചേര്‍ന്നാണ് വാഴ2 നിര്‍മിച്ചത്. അഖില്‍ ലൈലാസുരനാണ് സിനിമയുടെ ഛായാഗ്രഹണം. 10 ഗാനങ്ങലുള്ള ചിത്രത്തില്‍ 9 സംഗീത സംവിധായകരാണ് അണിനിരക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്.

Content Highlight: Sreenath PS talks about his character in vaazha 2 and about  Vipin Das 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more