| Friday, 28th November 2025, 12:16 pm

സിനിമ സിനിമയാണ്, പ്രേക്ഷകനെ പഠിപ്പിക്കേണ്ടതും തിരുത്തേണ്ടതും എന്റെ ഉത്തരവാദിത്തമല്ല : ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയെ സിനിമയായി കാണണമെന്നും സിനിമ കണ്ടതിനു ശേഷം പ്രേക്ഷകര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് തനിക്കോ സംവിധായകര്‍ക്കോ ഉത്തരവാദിത്തമില്ലെന്നും നടന്‍ ശ്രീനാഥ് ഭാസി. പൊങ്കാല സിനിമയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

സിനിമയില്‍ താരം സിഗരറ്റ് വലിക്കുന്നത് കണ്ടാണ് താന്‍ വലിക്കാന്‍ തുടങ്ങിയതെന്ന് പറഞ്ഞപ്പോള്‍, അത് സിനിമക്ക് വേണ്ടി ചെയ്യുന്നതാണെന്നും ഒരിക്കലും തന്നെ അനുകരിക്കരുതെന്നും താരം ആരാധകനെ ഉപദേശിച്ചിരുന്നു. മലയാള സിനിമാ രംഗത്ത് യുവാക്കളുടെ പിന്തുണയുള്ള താരമായതുകൊണ്ട് വയലന്‍സടക്കമുള്ള രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഉത്തരവാദിത്തമില്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് താരത്തിന്റെ മറുപടി.

sreenath bhasi photo: facebook

‘സിനിമയാടാ, ആളുകള്‍ക്ക് സിനിമ കണ്ടാല്‍ പോരെ അതില്‍ കൂടുതലുള്ള വിവരം മലയാളികള്‍ക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഈ സിനിമ കണ്ടിട്ട് ആള്‍ക്കാര്‍ വല്ലതും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ കണ്ടല്ല ആള്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നത്. ‘ആര്‍ട്ട് റിഫ്‌ളെക്ട്‌സ് ലൈഫ്, ലൈഫ് റിഫ്‌ളെക്‌സ് ആര്‍ട്ട്. ആളുകളുടെ മനസ്സിലുള്ള കാര്യങ്ങളുടെ പ്രതിഫലനമാണ് സിനിമ.

ഇതെല്ലാം കണ്ടിട്ട് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് വട്ടാണ്. സംവിധായകന് ഇഷ്ടമുള്ള പടമമേ അവര്‍ ചെയ്യുള്ളൂ. അല്ലെങ്കില്‍ അവര്‍ക്ക് വേറെയെന്തെങ്കിലും ജോലി ചെയ്താല്‍ മതിയല്ലോ. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാ കലകള്‍ക്കും വേണം. അയ്യോ ഞാനിത് ചെയ്തിട്ട് ആളുകള്‍ കണ്ട് എന്തെങ്കിലും ചെയ്യുമോ എന്ന് പേടിച്ചിരുന്നാല്‍ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല’ താരം പറയുന്നു.

pongala movie theatrical poster

സിനിമ അത്തരത്തിലൊരു മീഡിയമാണെന്നും, ആളുകളെ തിരുത്തേണ്ടതും പഠിപ്പിക്കേണ്ടതും തന്റ ഉത്തരവാദിത്തമെല്ലെന്നും ഭാസി പറയുന്നു. നമ്മളെല്ലാവരും പൊളിറ്റിക്കലാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സിനിമ ചെയ്യുന്നതെന്നും അതിന്റപ്പുറത്തേക്കുള്ള ഉത്തരവാദിത്തങ്ങളൊന്നും തലയില്‍ വച്ചു നടക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.

എ.ബി. ബിനിലിന്റെ സംവിധാനത്തില്‍ ശ്രീനാഥ് ഭാസി നായകനായെത്തുന്ന ചിത്രം പതിവില്‍ നിന്നും വ്യത്യസ്തമായി നവംബര്‍ 30 ന് ഞായറാഴ്ച്ച ദിവസമാണ് തിയേറ്ററുകളിലെത്തുക. താരത്തിലുള്ള വിശ്വാസമാണ് വെള്ളിയാഴ്ചയില്‍ നിന്നും മാറി ഞായറാഴ്ച ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പുറകിലെന്ന് സംവിധായകന്‍ പറഞ്ഞു. ബാബുരാജ്, അലന്‍സിയര്‍, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.


Content Highlight: sreenath bhasi talks about violence and audience in cinema

We use cookies to give you the best possible experience. Learn more