ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രമെന്ന സവിശേഷതയോടെ 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ മുതല്‍ പരീക്ഷണ ചിത്രങ്ങള്‍ ഒട്ടനവധി പുറത്തിറങ്ങിയ ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. ഇന്ത്യയിലെ മറ്റ് പല ഇന്‍ഡസ്ട്രികളും സ്ഥിരം പാറ്റേണിലുള്ള ചിത്രങ്ങളില്‍ മാത്രം ചുറ്റിത്തിരിഞ്ഞപ്പോള്‍ മിന്നല്‍ മുരളിയും ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയും അടക്കം സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങുകയും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.
ഒറിജിനല്‍. Photo: Think Music India
ഇത്തരത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളാണ് നീരജ് മാധവും അല്‍ത്താഫ് സലീമും പ്രധാനവേഷത്തിലത്തിയ പ്ലൂട്ടോയും കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഇറ്റ്സ് എ മെഡിക്കല്‍ മിറാക്കിളും. ഇരു ചിത്രങ്ങള്‍ക്കും ബോക്‌സ് ഓഫീസില്‍ വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും ചിത്രത്തിന്റെ ആശയത്തിലുള്ള പുതുമയക്ക് പ്രേക്ഷകരില്‍ നിന്നും കൈയടി ലഭിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ നിന്നും പ്രതീക്ഷയേകുന്ന മറ്റൊരു സയന്‍സ് ഫിക്ഷന്‍ ടൈം ട്രാവല്‍ ചിത്രം റിലീസിനെത്തുന്നു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ശ്രീനാഥ് ഭാസി പ്രധാനവേഷത്തിലെത്തുന്ന ഒറിജിനലിന്റെ ട്രെയിലറാണ് മലയാള സിനിമാ ലോകത്തെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയ്‌ലര്‍, ടൈം ട്രാവലിനെ പശ്ചാത്തലമാക്കിയാണ് ഒറിജിനല്‍ ഒരുക്കിയിരിക്കുന്നതെന്ന സൂചന നല്‍കുന്നു. സിനിമാക്കാരനാകാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും ചുറ്റിപ്പറ്റി ആകാംക്ഷ ഉണര്‍ത്തുന്ന രീതിയിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിട്ടുള്ളത്.
ഒറിജിനല്‍. Photo: Think Music India
റമീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മാസ് മീഡിയയും സിക്കു ഫിലിംസും ചേര്‍ന്നാണ്. ഇലക്ട്രോണിക് കിളിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയി, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലിം ഹസ്സന്‍, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ മാസം 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlight: Sreenath Bhasi’s movie Orijinal trailer out