ജയിലര്‍ 2, സീന്‍ എന്നീ സിനിമകള്‍ വരവറിയിച്ചതിന് ശേഷം തമിഴ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന പ്രൊജക്ടുകളിലൊന്നാണ് ഓം. ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കഴിഞ്ഞദിവസം ഓമിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. നായകനായ ധനുഷിനെക്കാള്‍ ഓഡിയോ ലോഞ്ച് തൂക്കിയത് മമ്മൂട്ടിയാണ്. സിമ്പിള്‍ അറ്റയറില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയായിരുന്നു പരിപാടിയിലെ ഷോ സ്റ്റീലര്‍. നായികമാരായ സായ് പല്ലവി, ശ്രീലീല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ചിത്രത്തിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും ശ്രീലീല സംസാരിച്ചു. കരിയറിലെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഓം എന്ന് താരം പറഞ്ഞു. ഇത്രയും വലിയ പ്രൊജക്ടിന്റ ഭാഗമായത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും റോജ എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ഓക്കെ പറഞ്ഞെന്നും ശ്രീലീല കൂട്ടിച്ചേര്‍ത്തു.
‘ഈ സിനിമയില്‍ മെയിന്‍ ക്യാരക്ടേഴ്‌സിനെല്ലാം ഓരോ ടീസര്‍ കൊടുത്തിട്ടുണ്ട്. അതില്‍ മമ്മൂട്ടി സാറിന്റെ ടീസര്‍ അടിപൊളിയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. അതുപോലെ സായ് പല്ലവിയുടെ ടീസറും എന്നെ ഞെട്ടിച്ചു. പൊലീസ് റോളാണ് സായ് ഈ സിനിമയില്‍ ചെയ്തത്. ഞങ്ങള്‍ നടിമാര്‍ സാധാരണയായി ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് കഥാപാത്രത്തിനായി മുടി മുറിക്കുക എന്നത്. ഈ സിനിമക്ക് വേണ്ടി സായ് പല്ലവി അത് ചെയ്തപ്പോള്‍ എനിക്ക് അവരോട് ബഹുമാനം തോന്നി.
എല്ലാവരും എടുത്തുപറയുന്ന വേറൊരു കാര്യമാണ് സായ് അഭ്യങ്കറിന്റെ മ്യൂസിക്. ലാസ്റ്റ് പുറത്തുവന്ന ‘സെഞ്ചുടരേ’ എന്ന പാട്ടില്‍ എന്താണ് ചെയ്തുവെച്ചിരിക്കുന്നത്. അവസാനത്തെ ഒരു 40 സെക്കന്‍ഡ് പോര്‍ഷന്‍ എന്നെ വേറെ ലോകത്തെത്തിച്ചു. അതുപോലെ ധനുഷ് സാറിനൊപ്പമുള്ള ഷൂട്ടും നല്ല എക്‌സ്പീരിയന്‍സായിരുന്നു. അദ്ദേഹം സെറ്റിലെത്തുമ്പോള്‍ വിഭൂതിയുടെ സ്‌മെല്‍ അവിടം മുഴുവന്‍ നിറയും. വല്ലാത്തൊരു ഡിവൈന്‍ ഫീലാണത്,’ ശ്രീലീല പറയുന്നു.
ആന്ധ്ര- തമിഴ്‌നാട് ബോര്‍ഡറിലെ ചന്ദന കടത്തുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സിയാ എന്ന കഥാപാത്രമായി മമ്മൂട്ടി വേഷമിടുമ്പോള്‍ നിത്യാ റെഡ്ഡി എന്ന പൊലീസായാണ് സായ് പല്ലവി പ്രത്യക്ഷപ്പെടുന്നത്. വരുംദിവസങ്ങളില്‍ ഓമിന്റെ ട്രെയ്‌ലര്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം നവംബര്‍ 20ന് തിയേറ്ററുകളിലെത്തും.
Content Highlight: Sreeleela praises Sai Pallavi for her dedication in Om Movie