75ാം വയസിലും തന്റെ ബോക്‌സ് ഓഫീസ് പവര്‍ സിനിമാലോകത്തിന് മുന്നില്‍ വ്യക്തമാക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. ഒപ്പം വന്നവരും പിന്നാലെ വന്നവരും ഒതുങ്ങിയപ്പോഴും തലൈവര്‍ തന്റെ പവര്‍ വ്യക്തമാക്കുന്ന കാഴ്ചക്കാണ് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. ജയിലര്‍ 2 ഇതുവരെ ബോക്‌സ് ഓഫീസില്‍ നിന്ന് 800 കോടിക്ക് മുകളില്‍ സ്വന്തമാക്കിക്കഴിഞ്ഞു.
ജയിലര്‍ 2ന്റെ ഓളം ഒടുങ്ങുന്നതിനിടെ രജിനിയുടെ അടുത്ത ചിത്രം തയാറെടുക്കുകയാണ്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ധര്‍മന്റെ ഷൂട്ട് അതിവേഗമാണ് പൂര്‍ത്തിയാകുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ നാലാം ഷെഡ്യൂള്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
തെലുങ്ക് താരം ശ്രീലീല ധര്‍മന്റെ ഭാഗമാണെന്നാണ് പുതിയ അപ്‌ഡേറ്റ്. താരത്തെ സ്വീകരിച്ചുകൊണ്ടുള്ള വീഡിയോ നിര്‍മാതാക്കളായ രാജ് കമല്‍ ഫിലിംസ് പുറത്തുവിട്ടു. ചിത്രത്തിലെ നാലാമത്തെ നായികയാണ് ശ്രീലീല. ഷൂട്ട് ആരംഭിക്കുന്ന സമയത്ത് സിമ്രന്‍, റാഷി ഖന്ന എന്നിവരായിരുന്നു പ്രധാന നായികമാര്‍. കഴിഞ്ഞദിവസം നയന്‍താരയും ധര്‍മന്റെ ഭാഗമാവുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.
ഇപ്പോഴിതാ, ശ്രീലീല കൂടി ഭാഗമായതോടെ നായികമാരുടെ വലിയൊരു നിര തന്നെ ധര്‍മനില്‍ അണിനിരക്കുകയാണ്. രജിനിയുടെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ധര്‍മനെന്ന് ഈ അപ്‌ഡേറ്റ് സൂചന നല്‍കുന്നു. ജയിലര്‍, വേട്ടൈയന്‍, കൂലി, ജയിലര്‍ 2 എന്നീ സിനിമകളില്‍ അന്യഭാഷകളിലെ സൂപ്പര്‍താരങ്ങളായിരുന്നു അണിനിരന്നത്.
ജയിലറിലും ജയിലര്‍ 2ലും മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. വേട്ടൈയനില്‍ ഫഹദ്, അമിതാഭ് ബച്ചന്‍, റാണാ ദഗ്ഗുബട്ടി എന്നിവര്‍ ഭാഗമായിരുന്നു. കൂലിയിലേക്കെത്തിയപ്പോള്‍ താരനിര വീണ്ടും വലുതായി. നാഗാര്‍ജുന, ഉപേന്ദ്ര, ആമിര്‍ ഖാന്‍, സൗബിന്‍ തുടങ്ങിയവരായിരുന്നു കൂലിയിലെ അന്യഭാഷാ സാന്നിധ്യങ്ങള്‍.
അപ്‌ഡേറ്റുകള്‍ കൊണ്ടും അതിന്റെ ട്രീറ്റ്‌മെന്റ് കൊണ്ടും ധര്‍മന്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ഓ മൈ കടവുളേ, ഡ്രാഗണ്‍ എന്നീ ചിത്രങ്ങളൊരുക്കിയ അശ്വത് മാരിമുത്തു സൂപ്പര്‍സ്റ്റാറിനെ നായകനാക്കുമ്പോള്‍ സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷകളേറെയാണ്. കരിയറില്‍ ആദ്യമായാണ് രജിനി ഡോക്ടര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
രജിനിയെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രം എന്നതാണ് ധര്‍മന്റെ ഏറ്റവും വലിയ പ്രത്യേകത. തെലുങ്ക് താരം റാം പൊത്തിനേനിയാണ് ചിത്രത്തിലെ വില്ലന്‍. പൊങ്കല്‍ റിലീസായി അനൗണ്‍സ് ചെയ്ത ചിത്രം ഏപ്രിലിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Sreeleela on board in Rajnikanth’s Dharman movie