| Thursday, 13th November 2025, 2:09 pm

'പ്രണയിക്കാന്‍ അറിയില്ല' എന്നല്ല പുരുഷന് പബ്ലിക്കായി പ്രണയം പ്രകടിപ്പിക്കാന്‍ പേടിയാണ്: ശ്രീലക്ഷ്മി അറയ്ക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുരുഷന് പബ്ലിക്കായി പ്രണയം പ്രകടിപ്പിക്കാന്‍ പേടിയാണെന്ന് അധ്യാപികയും സാമൂഹിക നിരീക്ഷകയുമായ ശ്രീലക്ഷ്മി അറയ്ക്കല്‍. ‘പുരുഷന്മാര്‍ക്ക് പ്രണയിക്കാന്‍ അറിയില്ല’ എന്ന് പറയുന്നതിന് പകരം മിക്ക പുരുഷന്മാര്‍ക്കും പ്രണയം പബ്ലിക്കായി സ്ത്രീ ആഗ്രഹിക്കുന്ന രീതിയില്‍ എക്‌സ്പ്രസ് ചെയ്യാന്‍ പേടിയാണെന്നും ശ്രീലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം എഴുത്തുകാരി കെ.ആര്‍. മീര പുരുഷന്മാര്‍ക്ക് പ്രണയിക്കാന്‍ അറിയില്ലെന്നും പുരുഷനെ പ്രണയിക്കാന്‍ പഠിപ്പിക്കാന്‍ കുറേ ശ്രമിച്ചെന്നും പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് ശ്രീലക്ഷ്മിയുടെ എഫ്.ബി പോസ്റ്റ്.

പുരുഷന്മാര്‍ക്ക് പ്രണയിക്കാന്‍ അറിയില്ലെങ്കില്‍ അവര്‍ പ്രണയത്തെ പറ്റി ഇത്ര വാചാലമായ കവിതകളും നോവലുകളും സിനിമയുമൊന്നും എഴുതാതെ ഇരുന്നേനെയെന്നും ശ്രീലക്ഷ്മി പറയുന്നു. പ്രണയിക്കാന്‍ അറിയില്ലെങ്കില്‍ പുരുഷന്മാര്‍ കുടുംബത്തെ നോക്കാന്‍ വേണ്ടി പണിക്ക് പോകുന്ന പരിപാടി അവസാനിപ്പിച്ച് ഫുള്‍ സ്വതന്ത്രമായി കറങ്ങി നടന്നേനെയെന്നും ശ്രീലക്ഷ്മി ചൂണ്ടിക്കാട്ടി.

‘പുരുഷന്മാര്‍ക്ക് പ്രണയമുണ്ട്. പക്ഷേ അത് സ്ത്രീ ആഗ്രഹിക്കുന്ന രീതിയില്‍ പബ്ലിക് ആയി പ്രകടിപ്പിച്ച് നല്‍കാറില്ല. ഇതിന് കാരണം പുരുഷന്മാര്‍ വളര്‍ന്നുവന്ന പ്രത്യേക സോഷ്യല്‍ നിര്‍മിതി ആണ്. അതിനെ ആണ് നമ്മള്‍ പാട്രിയാര്‍ക്കി എന്ന് പറയുന്നത്,’ ശ്രീലക്ഷ്മി പ്രതികരിച്ചു.

സ്ത്രീകള്‍ക്ക് കൈപിടിച്ച് നടക്കാനും കെട്ടിപിടിച്ച് ഇരിക്കാനും ഉമ്മവെക്കാനുമൊക്കെ ഇഷ്ടമാണ്. ഇതെല്ലാം ചെയ്യാന്‍ പുരുഷന്മാര്‍ക്കും ഇഷ്ടമാണ്. പക്ഷേ അവര്‍ക്ക് ഇതെല്ലാം ഈ സമൂഹത്തിന്റെ മുന്നില്‍ ചെയ്യാന്‍ പേടിയാണെന്നും ശ്രീലക്ഷ്മി അറയ്ക്കല്‍ പറഞ്ഞു.

എന്നാല്‍ സമൂഹത്തിന്റെ മുന്നില്‍ താന്‍ പ്രണയിക്കപ്പെടുന്നുണ്ട്, പ്രണയിക്കുന്നുണ്ട് എന്ന് കാണിക്കാന്‍ സ്ത്രീകള്‍ക്ക് ഒരു മടിയും ഇല്ല. അതുകൊണ്ട് തന്നെ പ്രണയം ആളുകളുടെ മുന്നില്‍ നിന്നുകൊണ്ട് പ്രകടിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് മടിയില്ലെന്നും ശ്രീലക്ഷ്മി അറയ്ക്കല്‍ പറയുന്നു.

പക്ഷേ പുരുഷന്മാര്‍ക്ക് പേടിയാണ്. കാരണം ഇങ്ങനെയെല്ലാം ചെയ്യുന്ന ആള്‍ക്കാരെ ‘പാവാട’ എന്നൊക്കെയാണ് ഇവിടുത്തെ സമൂഹം വിളിക്കുന്നത്. അതിനെ ബ്രേക്ക് ചെയ്ത പുരുഷന്മാരാണ് പബ്ലിക്കായി പ്രണയം പ്രകടിപ്പിക്കുന്നത്. അതിനെ ബ്രേക്ക് ചെയ്യാത്തവര്‍ വീടിന്റെ ഉള്ളില്‍ ആരും ഇല്ലാത്തപ്പോള്‍ മാത്രം പ്രണയം പ്രകടിപ്പിക്കുമെന്നും ശ്രീലക്ഷ്മി പറയുന്നു.

പ്രണയം പ്രകടിപ്പിക്കുന്ന സമയത്ത് പുരുഷന്മാര്‍ ശിശുക്കളെ പോലെയാണ്. പക്ഷേ അതെല്ലാം പബ്ലിക്കായി കാണിച്ചാല്‍ അവരുടെ ഇമേജിന് കോട്ടം തട്ടുമെന്നും ശ്രീലക്ഷ്മി പറഞ്ഞു.

പുരുഷന്മാരുടെ മാസ്‌കുലിന്‍ ഇമേജ് ഒരു പാട്രിയാര്‍ക്കി നിര്‍മിതിയാണ്. അത് ഉയര്‍ത്തി പിടിച്ച് നടക്കുന്നവരാണ് ക്വിയര്‍ കമ്മ്യൂണിറ്റിയില്‍ പെട്ടവരെ കളിയാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രണയത്തിന്റെ അവസാനം കല്യാണമല്ലെന്നും രണ്ട് മനുഷ്യര്‍ സൗഹൃദപരമായി ബന്ധം അവസാനിപ്പിക്കുന്നതാണ് പ്രണയത്തിന്റെ അവസാനമെന്നും ശ്രീലക്ഷ്മി ഓര്‍മിപ്പിച്ചു.

Content Highlight: Sreelakshmi Arackal says that men are afraid to express their love in public

We use cookies to give you the best possible experience. Learn more