തിരുവനന്തപുരം: ചാല തൊഴിലാളികളെ കുറിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ അധിക്ഷേപ പരാമര്‍ശത്തിനോട് യോജിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി.
ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഒരു സിനിമയിലെ ലൈംഗിക ദൃശ്യങ്ങള്‍ കാണാന്‍ തൊഴിലാളികള്‍ കതകിടിച്ച് തകര്‍ത്ത് തിയേറ്ററിന്റെ ഉള്ളില്‍ കടക്കാന്‍ ശ്രമിച്ചുവെന്ന അടൂറിന്റെ പരാമര്‍ശത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാലയിലെ തൊഴിലാളികള്‍ മാത്രമല്ല, ഒരുപാട് ആളുകള്‍ അത്തരത്തില്‍ സെക്‌സ് കാണാന്‍ വേണ്ടി മാത്രം വന്നവരാണെന്നാണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്.
‘അത് സത്യമാണ്. നിഷേധിക്കുന്നില്ല. കാരണം അത്തരം ഒരുപാട് രംഗങ്ങളുള്ള പടത്തിന് വലിയ ആള്‍ക്കൂട്ടം വരികയും ബഹളം ഉണ്ടാക്കുകയും ചെയ്യാറുണ്ട്. അന്നൊക്കെ ഫോറിന്‍ സിനിമകള്‍ക്ക് മാത്രമേ ഇങ്ങനെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പിന്നെ ഇന്ത്യന്‍ സിനിമകളിലും അത്തരം രംഗങ്ങളുണ്ടല്ലോ,’ ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനുപിന്നാലെ അടൂരിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. വിഷയത്തില്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ച അടൂര്‍, തൊഴിലാളികളെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും അവര്‍ ചെയ്ത കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നുമാണ് പറഞ്ഞത്.
വൈകാതെ അധിക്ഷേപ പരാമര്‍ശത്തില്‍ അടൂറിനെതിരെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചു. അടൂര്‍ മാപ്പ് പറയണമെന്ന് സി.ഐ.ടി.യു നേതാവ് എന്‍. സുന്ദരന്‍പിള്ള പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്റെ ജല്‍പ്പനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നില്ലെന്നും സുന്ദരന്‍പിള്ള പ്രതികരിച്ചു. ചാലയിലെ തൊഴിലാളികളെ കുറിച്ചും അവരുടെ സാഹചര്യങ്ങളെ കുറിച്ചും മനസിലാക്കാതെയും യാതൊരു തെളിവുമില്ലാതെയും എന്തെങ്കിലും വിളിച്ചുപറയുന്ന ഒരു രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ താഴരുതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Sreekumaran Thampi agrees with director Adoor Gopalakrishnan’s derogatory remarks about the chala workers