| Monday, 17th November 2025, 3:13 pm

ഈ പരാജയങ്ങള്‍ക്ക് ഉത്തരവാദി രാഹുല്‍ തന്നെ

ശ്രീകാന്ത് പി.കെ

‘Don’t Look Up’ (മുകളിലേക്ക് നോക്കരുത്) എന്ന പേരില്‍ 2021ല്‍ ഇറങ്ങിയ ഒരു ഹോളിവുഡ് സിനിമയുണ്ട്. ഭൂമിയെ ലക്ഷ്യം വച്ച് വരുന്ന ഒരു ധൂമകേതുവിനെ കുറിച്ച് വിവരം ലഭിച്ച രണ്ട് ശാസ്ത്രജ്ഞര്‍ അത് അമേരിക്കന്‍ ഭരണകൂടത്തെ അറിയിക്കുന്നതും, എന്നാല്‍ അതിനോട് അമേരിക്കന്‍ ഭരണകൂടം സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാടുകളും, ഒടുവില്‍ പ്രസ്തുത വാല്‍ നക്ഷത്രം ഭൂമിയില്‍ പതിച്ച് ഭൂമി ചിന്നഭിന്നമായി പോകുന്നതുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.

അമേരിക്കന്‍ ഭരണകൂടം അവരുടെ സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ തങ്ങളുടെ മുന്നറിയിപ്പ് ശ്രദ്ധിക്കാതിരുന്നപ്പോള്‍ ഈ ശാസ്ത്രജ്ഞര്‍ മീഡിയകളിലൂടെ വാല്‍നക്ഷത്രം ഭൂമിയില്‍ പതിച്ചാല്‍ ഉണ്ടാകുന്ന അപകടത്തെ കുറിച്ച് ജനങ്ങളോട് വിളിച്ച് പറഞ്ഞപ്പോള്‍, ഭരണകൂടം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നെന്ന പേരില്‍ അവരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു.

ഒടുവില്‍ കോമറ്റ് ആകാശത്തില്‍ ദൃശ്യമായി തുടങ്ങിയപ്പോള്‍ അതേ ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയ ഉത്തരവാണ് ‘Don’t Look Up’ – മുകളിലേക്ക് നോക്കരുത് എന്നത്. മുകളിലേക്ക് നോക്കിയാലല്ലേ അപകടം കാണൂ. കണ്ടാലല്ലേ പേടിക്കേണ്ടതുള്ളൂ.

2014ല്‍ യു.പി.എ ഭരണം അവസാനിപ്പിച്ച് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി മുന്നണി അധികാരത്തിലെത്തി. അന്ന് മുതല്‍ ഇന്ന് വരെ കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളിലേറെയായി രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ അമ്പതിലധികം പ്രധാന തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു.

അമ്പത്തിലധികമല്ല, സഖ്യകക്ഷികളുടെ കൂടെ മത്സരിച്ചത് കൂടെ എണ്ണിയാല്‍ തൊണ്ണൂറിലധികം. തങ്ങളുടെ ജീവിതം കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോപ്പം എഴുതി വച്ചിരുന്ന പരിണിതപ്രജ്ഞരായ അനേകം മുന്‍നിര നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയി, പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പാര്‍ടി ഭരിച്ചിരുന്ന പാര്‍ടിയുടെ കരുത്തുറ്റ സംസ്ഥാനങ്ങളില്‍ സംഘടനയടക്കം തുടച്ച് നീക്കിക്കൊണ്ട് അപ്രത്യക്ഷമായി.

രാഹുല്‍ ഗാന്ധി

ഇതിന്റെയൊക്കെ ഓരോ ഘട്ടത്തിലും, ഇപ്പോള്‍ ഏറ്റവും അവസാന പരാജയ ഘട്ടത്തില്‍ വരെ അതിന്റെ നേതാക്കളും അണികളും ഒരുപോലെ പരസ്പരം പറയുന്നത് ‘Don’t Look Up’ എന്നാണ്.

രാഹുല്‍ ഗാന്ധി എന്ന മനുഷ്യന്‍ ഇന്ത്യ പോലൊരു രാജ്യത്തെ ഒരു പൊളിറ്റിക്കല്‍ സ്പെക്ട്രത്തിലെ രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനല്ലെന്നും, അതിനുള്ള പക്വതയോ പ്രായോഗികമായ സ്ട്രാറ്റജികളോ അയാള്‍ക്കില്ലെന്നും, എന്തിന് കൊള്ളാവുന്ന ഒരു ടീമിനെ ഉണ്ടാക്കാന്‍ പോലും പറ്റുന്ന ഒരു ലീഡര്‍ഷിപ്പ് ക്വാളിറ്റി പോലും അദ്ദേഹത്തിനില്ലെന്നും തിരിച്ചറിയാന്‍ ശരാശരി ബുദ്ധി മതി.

പക്ഷേ നെഹ്‌റു കുടുംബത്തോടുള്ള ഫ്യൂഡല്‍ ഭക്തിയാണ് മറ്റെന്തിനേക്കാളും ഇന്നത്തെ കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസായി നിലനിര്‍ത്തുന്നത്.

രാജാവ് നഗ്നനാണെന്നതൊഴികെ അവരെല്ലാം പറയും. ഓരോ തവണ പരാജയപ്പെടുമ്പോഴും, ഓരോ സംസ്ഥാനത്തും സംഘടനയില്ലാതാകുമ്പോഴും അവര്‍ പുതിയ പുതിയ കാരണങ്ങള്‍ അന്വേഷിച്ച് ഓടിക്കൊണ്ടേയിരിക്കും. പാര്‍ട്ടിയുടെ മുകളിലേക്ക് മാത്രം നോക്കരുത്.

കപില്‍ സിബലിനെ പോലെയൊരു രാഷ്ട്രീയ തന്ത്രജ്ഞനെ വിട്ട് കളഞ്ഞൊരു പാര്‍ട്ടിയാണത്, ഗുലാം നബി ആസാദിനെ പോലെ സര്‍വരും ബഹുമാനിച്ചു പോന്നിരുന്ന നേതാവിനെ തള്ളിക്കളഞ്ഞൊരു പാര്‍ട്ടിയാണത്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പോലെ സംസ്ഥാനം മുഴുവന്‍ നിറഞ്ഞു നിന്ന തലയെടുപ്പുണ്ടായിരുന്ന ജനകീയ നേതാവിനെ പുറം കാല് കൊണ്ട് തൊഴിച്ച് തള്ളി പുറത്താക്കിയ പാര്‍ട്ടിയാണത്.

കപില്‍ സിബല്‍ | ഗുലാം നബി ആസാദ് | അമരീന്ദര്‍ സിങ്‌

രണ്ട് യു.പി.എ ഗവണ്മെന്റ് അടങ്ങുന്ന കോണ്‍ഗ്രസിന്റെ പ്രതാപകാലത്തും അതിന് മുന്നേയും രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള രണ്ട് ഡസനോളം മുന്‍നിര നേതാക്കള്‍ കോണ്‍ഗ്രസ് മുഖമായി നിറഞ്ഞ് നിന്നിരുന്നു. ഇന്നെത്രപേര്‍ ബാക്കിയുണ്ട്?

കപില്‍ സിബലും ഗുലാം നബി ആസാദുമൊക്കെ അധികാരക്കൊത്തി മൂലമാണ് പാര്‍ട്ടി വിട്ടത് എന്നാരെങ്കിലും ആരോപിക്കുമോ? അങ്ങേയറ്റം സെക്കുലറായ – ബി.ജെ.പി വിരുദ്ധരായ ആ നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു കുടുംബത്തില്‍ കേന്ദ്രീകരിക്കുന്ന ലീഡര്‍ഷിപ്പിനേയും ആ ലീഡര്‍ഷിപ്പിന് ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തെ ഏകോപിപ്പിക്കാന്‍ സാധിക്കുന്നില്ല എന്ന വിമര്‍ശനത്തെ ഒന്ന് ചര്‍ച്ച ചെയ്യാന്‍ പോലും മുതിരാതെ ആ പാര്‍ട്ടി ‘ഹൈ കമാന്‍ഡ്’ എങ്ങനെയാണ് നേരിട്ടത് എന്ന് കണ്ടതാണ്.

കേരളത്തിലടക്കം പ്രാദേശിക തലത്തില്‍ പോലും ഏതെങ്കിലും പാര്‍ട്ടി നേതാവിന് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായി പാര്‍ട്ടിയോട് വിയോജിച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ ഉടനെ വേണ്ടപ്പെട്ടവര്‍ ചെന്ന് കണ്ട് അദ്ദേഹത്തെ കൂടെ നിര്‍ത്തി അത് സെറ്റില്‍ ചെയ്യാന്‍ ശ്രമിക്കും. ഈ കോണ്‍ഗ്രസ് പാര്‍ട്ടി അടക്കം അത് ചെയ്യും.

എന്നാല്‍ തന്റെ പ്രായത്തോളം സംഘടനാ പരിചയമുള്ള നേതാക്കള്‍ പോലും അഭിപ്രായ വ്യത്യാസം ഉന്നയിക്കുമ്പോഴോ, പാര്‍ട്ടി വിടാന്‍ ഒരുങ്ങുമ്പോഴോ അവരെ പരിഹസിച്ചും അധിക്ഷേപിച്ചും തള്ളിവിടുന്ന രാഹുല്‍ ഗാന്ധി എന്ന നേതാവിനെ ഏത് രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കള്ളിയിലാണ് പെടുത്താന്‍ സാധിക്കുക?

കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുത്ത പരിപാടി ഓര്‍മയിലുണ്ടാകും. ആദ്യം കണ്ടെത്തിയ അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രണ്ട് വര്‍ഷം മുന്നിലുള്ള മുഖ്യമന്ത്രി സ്ഥാനമാണ് സോണിയാ കുടുംബത്തിന്റെ റബ്ബര്‍ സ്റ്റാമ്പിനേക്കാള്‍ നല്ലത് എന്ന് മനസിലാക്കി പിന്മാറിയപ്പോള്‍, അപ്പുറം മത്സര രംഗത്തുണ്ടായിരുന്ന ശശി തരൂരിനെ വകവെക്കാതെ മറ്റൊരു റബ്ബര്‍ സ്റ്റാമ്പിനെയാണ് സോണിയാ കുടുംബം അധ്യക്ഷനാക്കി വച്ചത്.

അശോക് ഗെഹ്‌ലോട്ട്

അങ്ങനെയൊരു അധ്യക്ഷനെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ അവസാന വാക്കായി ആരെങ്കിലും പരിഗണിക്കുന്നുണ്ടോ. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണ് ‘സംഘടന’. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് കെ.സി. വേണുഗോപാല്‍.

കണ്ണും പൂട്ടി ജയിക്കാവുന്ന സംസ്ഥാനങ്ങളിലടക്കം സംഘടന അപ്പാടെ ഇല്ലാതായിട്ടും ഈ കെ.സി. വേണുഗോപാല്‍ എന്തെങ്കിലും നടപടി നേരിട്ടോ, പോട്ടെ, അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഏതേലും കോണ്‍ഗ്രസുകാരാനെങ്കിലും പറയുന്നുണ്ടോ. ഭരണം കിട്ടിയാല്‍ കേരള മുഖ്യമന്ത്രിയാകാന്‍ കുപ്പായം റെഡിയാക്കി ഇരിക്കുന്നവരുടെ കൂട്ടത്തില്‍പ്പെട്ട ഒരാളാണ് കോണ്‍ഗ്രസ് സംഘടനയെ ദേശീയ തലത്തില്‍ നിയന്ത്രിക്കുന്ന ടിയാന്‍.

കെ.സി. വേണുഗോപാല്‍

തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കും. അവിടെ സ്റ്റാലിന്റെ ഡി.എം.കെയും ബി.ജെ.പി മുന്നണിയുമായി മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെയും, നടന്‍ വിജയ്‌യുടെ പാര്‍ട്ടിയുമാണ് മത്സരം.

ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ച വെക്കുന്ന ഡി.എം.കെ തട്ടകത്തില്‍ വന്ന് രാഹുല്‍ ഗാന്ധി സ്റ്റാലിനെ സൈഡ്‌ലൈന്‍ ചെയ്ത് കൊണ്ട് വോട്ട് ചോരിയോ അതുപോലുള്ള മറ്റെന്തെങ്കിലും വിഷയമോ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കിയാല്‍ അത് ഡി.എം.കെ മുന്നണിക്ക് സീറ്റ് കൂട്ടുമോ കുറയ്ക്കുമോ എന്ന് ചിന്തിച്ച് നോക്കൂ.

യു.പിയില്‍ പോയി അഖിലേഷ് യാദവിനെയും സമാജ്‌വാദി പാര്‍ട്ടിയേയും മറികടന്ന് ഇതേ പരിപാടി ചെയ്താലോ? വെസ്റ്റ് ബംഗാളില്‍? ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം പേറുന്ന, അതിന്റെ പേരില്‍ വോട്ട് വീഴുന്ന പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായ സംസ്ഥാനങ്ങളില്‍ പോയി സംഘടനാ സംവിധാനം പോലുമില്ലാത്ത കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റുകള്‍ വിലപേശി വാങ്ങുകയും, ആ സംസ്ഥാനത്തെ ജനങ്ങളുടെ ആദ്യ പത്ത് പരിഗണന പോലുമല്ലാത്ത വിഷയങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയാക്കി നിര്‍ത്തുകയും ചെയ്താല്‍ ആര്‍ക്കാണ് അതിന്റെ ഗുണം.

രാഹുല്‍ ഗാന്ധി

സ്വന്തം വീട്ടില്‍ കക്കൂസ് കെട്ടുന്നത് പോലും വികസനമായി കരുതുന്ന ഗ്രാമീണ ബീഹാറികളെ സംബന്ധിച്ച് എന്ത് വോട്ട് ചോരി!

ഇതിന് പുറമെയാണ് സ്വന്തം മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ സൗഹൃദ മത്സരം എന്ന പേരില്‍ മത്സരിച്ച് വോട്ട് സ്പ്ലിറ്റ് ചെയ്യുന്ന കലാപരിപാടികള്‍. ഇടയ്ക്കിടെ ഇടവേളകളില്‍ വന്ന് വോട്ട് ചോരിയുമായി ബന്ധപ്പെട്ട പി.പി.ടി പ്രസന്റേഷന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസന്റ് ചെയ്ത് നാട് വിടുന്ന രാഹുല്‍ ഗാന്ധി അതിന്റെ തുടര്‍ച്ചക്കായി എന്താണ് ചെയ്തത്?

കോണ്‍ഗ്രസ് പാര്‍ട്ടി അതുമായി ബന്ധപ്പെട്ട സമരം ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയൊ? പോട്ടെ ഇന്ത്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്ത് ആ വിഷയത്തെ ഒരു പൊളിറ്റിക്കല്‍ ഫൈറ്റാക്കി രൂപപ്പെടുത്താന്‍ മുന്നണിയെ നയിക്കുന്ന പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചോ?

ഇലക്ഷന്‍ തൊട്ട് മുന്നില്‍ നില്‍ക്കുന്ന വേളയില്‍, ഒക്ടോബര്‍ മാസത്തില്‍ ഇതൊക്കെ കാണിച്ചിട്ട് രാഹുല്‍ ഗാന്ധി സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി. മോദി, അമിത് ഷാ, നിധിന്‍ ഗഡ്കരി, യോഗി കൂടാതെ ബി.ജെ.പിയുടെ സകല ഒന്നാം നിര – രണ്ടാം നിര നേതാക്കളും ബീഹാറില്‍ തമ്പടിച്ച് നിന്ന് കരുക്കള്‍ നീക്കുകയും പ്രചരണം നടത്തുകയും ചെയ്യുന്ന ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഈ ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനം.

എങ്ങനെയായിരിക്കും ആ നാട്ടിലെ സാധാരണ ജനത അങ്ങനെയൊരു നേതാവിനെ വിശ്വാസത്തിലെടുക്കാന്‍ തോന്നുക? ആര്‍.എസ്.എസിന്റെ മിലിറ്റന്റ് സംഘാടനത്തിലൂടെ വളര്‍ന്ന് രാഷ്ട്രീയത്തിന്റെ എല്ലാ ഉടായിപ്പ് വിദ്യകളും, ഇലക്ഷന്‍ മാനേജ്‌മെന്റും കൈവശമുള്ള മോദി – അമിത് ഷാമാരോടും അവരെ ബാക്ക് ചെയ്യുന്ന ആര്‍.എസ്.എസിന്റെ സംഘടനാ ശരീരത്തോടും മുട്ടാന്‍ ഈ പവര്‍ പോയിന്റ് പ്രസന്റേഷന്‍ ലെവല്‍ പൊളിറ്റിക്കല്‍ ഫൈറ്റും, ടൂറിന്റെ ഇടവേളകളിലെ രാഷ്ട്രീയ പ്രവര്‍ത്തനവും മതിയെന്ന് വിശ്വസിക്കുന്നിടത്തോളം കോണ്‍ഗ്രസ് പാര്‍ടിക്കോ ഇന്ത്യന്‍ ജനതക്കോ ഇതില്‍ നിന്നൊരു മോചനമുണ്ടാകില്ല.

Content Highlight: Sreekanth PK criticize Rahul Gandhi

ശ്രീകാന്ത് പി.കെ

We use cookies to give you the best possible experience. Learn more