മലയാള സിനിമയിലെ പ്രമുഖ സംവിധായകനും നടനുമാണ് ശ്രീകാന്ത് മുരളി. തന്റെ പതിനാറാം വയസിൽ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്ജിന്റെ അസിസ്റ്റന്റായാണ് അദ്ദേഹം ചലച്ചിത്ര ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് 1996 മുതൽ 2006 വരെ സംവിധായകൻ പ്രിയദർശന്റെ പ്രൊജക്റ്റുകളിൽ അസിസ്റ്റന്റായി പ്രവർത്തിച്ചു.
തുടർന്ന് ഫ്രീലാൻസ് ഫിലിം മേക്കറായി മാറിയ അദ്ദേഹം 2016-ൽ അഭിനയരംഗത്തും സജീവമായി. 2017-ൽ വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത എബി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
സംവിധാനത്തിന് പുറമെ ആക്ഷൻ ഹീറോ ബിജു, വൈറസ്, ലൂക്ക, ഹോം, രേഖാചിത്രം തുടങ്ങിയ നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ശ്രീകാന്ത് മുരളി. Photo. Screen Grab/ Youtube
ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മലയാളത്തിൽ സൂപ്പർഹിറ്റുകൾ തീർത്ത പഴയകാല സംവിധായകരുടെ നിർമ്മാണ ശൈലിയെയും അനുഭവങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ശ്രീകാന്ത് മുരളി.
‘വളരെ കുറഞ്ഞ ബജറ്റിൽ പതിനെട്ടോ ഇരുപതോ ദിവസം കൊണ്ട് ഷൂട്ടിങ് തീർത്തുകൊണ്ട് സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കിയ ഒരുപാട് സംവിധായകർ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഇതിനൊക്കെ നമ്മൾ നന്ദി പറയേണ്ടത് പ്രിയദർശൻ സാറിനോടും മുരളി നാഗവള്ളിയോടുമൊക്കെയാണെന്നാണ് എനിക്ക് മനസിലായത്. അന്നത്തെ കാലത്തെ എല്ലാ ഫിലിം മേക്കേഴ്സും അതിപ്പോൾ സത്യൻ അന്തിക്കാട് സാറായാലും സിബി മലയിൽ സാറായാലും. കിരീടം ഒക്കെ ഷൂട്ട് ചെയ്തത് പതിനെട്ടു ദിവസം കൊണ്ടാണെന്ന് പറയുമ്പോൾ നമുക്ക് വിശ്വസിക്കാൻ പോലുമാവില്ല,’ അദ്ദേഹം പറഞ്ഞു.
ബോളിവുഡിൽ വർഷങ്ങളെടുത്ത് സിനിമകൾ പൂർത്തിയാക്കിയിരുന്ന കാലത്ത്, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഹിറ്റുകൾ തീർത്ത മലയാളത്തിലെ പ്രഗത്ഭ സംവിധായകരുടെ സിസ്റ്റമാറ്റിക് രീതികളെ ഓർത്തെടുക്കുകയാണ് അദ്ദേഹം.
ശ്രീകാന്ത് മുരളി. Photo. Screen Grab/ Youtube
‘തേന്മാവിൻ കൊമ്പത്ത് ഷൂട്ട് ചെയ്തത് മുപ്പത്തേഴ് ദിവസം കൊണ്ടാണ്. ഇങ്ങനെയുള്ള ഷൂ സ്ട്രിംഗ് ബജറ്റിൽ സിനിമയെടുക്കാൻ അന്നത്തെ സംവിധായകർക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. ആ ബജറ്റിനുള്ളിൽ നിന്ന് അവർ കാര്യങ്ങൾ ചെയ്യും, അതിന്റെ പുറത്തേക്ക് പോകില്ല. ഭയങ്കര സ്ട്രിക്റ്റും സിസ്റ്റമാറ്റിക്കും ആയിരുന്നു അവർ. അതേസമയം തൊണ്ണൂറുകളിലൊക്കെ ബോളിവുഡിൽ ഒന്നര വർഷം കൊണ്ടൊക്കെയാണ് ഒരു സിനിമ തീർന്നിരുന്നത്.’ ശ്രീകാന്ത് മുരളി പറഞ്ഞു.