| Monday, 21st September 2026, 9:10 pm

മൂന്ന് ദിവസത്തേക്ക് പ്ലാന്‍ ചെയ്ത ഷാരൂഖ് ഖാന്റെ പാട്ട് ഒന്നര ദിവസം കൊണ്ട് പ്രിയന്‍ സാര്‍ തീര്‍ത്തു: ശ്രീകാന്ത് മുരളി

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയിലെ പ്രമുഖ സംവിധായകനും നടനുമാണ് ശ്രീകാന്ത് മുരളി. തന്റെ പതിനാറാം വയസില്‍ പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ്ജിന്റെ അസിസ്റ്റന്റായാണ് അദ്ദേഹം ചലച്ചിത്ര ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് 1996 മുതല്‍ 2006 വരെ സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രൊജക്റ്റുകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് ഫ്രീലാന്‍സ് ഫിലിം മേക്കറായി മാറിയ അദ്ദേഹം 2016-ല്‍ അഭിനയരംഗത്തും സജീവമായി. 2017-ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത എബി എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സംവിധാനത്തിന് പുറമെ ആക്ഷന്‍ ഹീറോ ബിജു, വൈറസ്, ലൂക്ക, ഹോം, രേഖാചിത്രം തുടങ്ങിയ നിരവധിയേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ശ്രീകാന്തിന് സാധിച്ചു.

അടുത്തിടെ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പ്രിയദര്‍ശന്റെ സംവിധാനത്തെ കുറിച്ച് ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തിലെ ഗാനരംഗം പ്രിയദര്‍ശന്‍ ഒന്നരദിവസം കൊണ്ട് ചിത്രീകരിച്ചിതിനെ കുറിച്ചാണ് ശ്രീകാന്ത് സംസാരിച്ചത്.

‘ഹിന്ദി സിനിമകള്‍ മാത്രമല്ല അവിടുത്തെ പരസ്യചിത്രങ്ങളടക്കം ഷൂട്ട് ചെയ്യാനായി മൂന്ന് ദിവസം മാറ്റിവെക്കുകയാണെങ്കില്‍ അത് ഒരു ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് തീര്‍ക്കുന്നയാളാണ് പ്രിയദര്‍ശന്‍ സാര്‍. എന്നിട്ട് എന്റെ ഫ്‌ളൈറ്റ് ബുക്ക് ചെയ്‌തേക്ക് എനിക്ക് പോയിട്ട് വേറെ പണിയുണ്ടെന്ന് അദ്ദേഹം പറയും. ഷാരൂഖ് ഖാന്‍ അഭിനയിച്ച ബില്ലു ബാര്‍ബറിലെ സോങ് ഷൂട്ട് ചെയ്യാനായിട്ട് മൂന്ന് ദിവസം എന്ന് പറഞ്ഞിട്ടാണ് പ്രിയദര്‍ശന്‍ സാര്‍ ഇവിടെ നിന്നും പോയത്. ആ സമയത്ത് ഞാന്‍ ചെന്നൈയിലാണ്. ആ ചിത്രത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നില്ല.

Photo: X.com

പോയതിന്റെ പിറ്റേ ദിവസം വൈകുന്നേരം അദ്ദേഹം ഇവിടെയുണ്ട്. ചോദിച്ചപ്പോള്‍ സന്തോഷല്ലേ (സിനിമാറ്റോഗ്രാഫര്‍ സന്തോഷ് ശിവന്‍) പെട്ടെന്ന് തീര്‍ത്തു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിരുന്നാലും അതിലെ ക്വാളിറ്റിയിലൊന്നും പ്രശ്‌നമില്ല. ആ സോങ്‌സ് ഇപ്പോള്‍ കണ്ടാലും മനസിലാവും. അതൊരു മിടുക്കാണ്.

ഇത്തരത്തില്‍ ബോളിവുഡിന് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുനല്‍കിയവരാണ് മലയാളികള്‍. ഇപ്പോഴും നമ്മള്‍ ആ ഇന്‍ഡസ്ട്രിയില്‍ ചെന്ന് മലയാള സിനിമയില്‍ നിന്നാണെന്ന് പറഞ്ഞാല്‍ ഒരു കസേരയുണ്ടെന്നാണ് എന്റെ വിശ്വാസം,’ ശ്രീകാന്ത് പറഞ്ഞു.

Content Highlight: Sreekanth Murali talks about director Priyadarshan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more