| Saturday, 26th July 2025, 2:00 pm

ജോജുവും മാർട്ടിൻ പ്രക്കാട്ടും ആ കഥാപാത്രത്തിലേക്ക് വിളിച്ചപ്പോൾ വ്യത്യസ്തത മനസിലായി: ശ്രീകാന്ത് മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ശ്രീകാന്ത് മുരളി. ഇദ്ദേഹമൊരു പരസ്യ സംവിധായകനും, നിർമാതാവും കൂടിയാണ്. ഹോം, എബി, ആക്ഷൻ ഹീറോ ബിജു തുടങ്ങി മലയാള സിനിമകളിൽ അഭിനയിക്കുകയും എബി എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്റെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെപ്പറ്റി സംസാരിക്കുകയാണ് അദ്ദേഹം.

തന്നെപ്പോലുള്ള ആളുകൾക്ക് കഥാപാത്രം നോക്കി തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ശ്രീകാന്ത് മുരളി പറയുന്നു.

‘ഞാൻ ഈ കഥാപാത്രമേ ചെയ്യത്തുള്ളൂ എന്ന് പറയാൻ പറ്റില്ല. കണ്ണടയും കോട്ടുമിട്ട് ഇരുന്നാൽ ഇയാൾ കൺവിൻസിങ് വക്കീലായി എന്ന് സംവിധായകർക്ക് തോന്നുന്നുണ്ടാവാം’ എന്ന് ശ്രീകാന്ത് തമാശയോടെ പറയുന്നു. എന്നാൽ ചിലർ തന്നോട് ‘ചേട്ടാ സ്ഥിരമുള്ള പരിപാടിയല്ലാതെ നമുക്ക് മാറ്റിപ്പിടിക്കാം’ എന്ന് പറയുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

അത്തരത്തിലൊരു വേഷമാണ് ഇരട്ട സിനിമയിലേത് എന്നും ജോജുവും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് വിളിച്ചപ്പോൾ തന്നെ ആ ചിത്രത്തിലെ വ്യത്യസ്തത മനസിലായെന്നും ശ്രീകാന്ത് പറഞ്ഞു. ക്ലീഷേ കഥാപാത്രങ്ങൾ ആവാതിരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ടെന്നും താൻ സിനിമയിൽ അഭിനയിക്കാൻ വന്ന ആളല്ലെന്നും പറഞ്ഞ ശ്രീകാന്ത് ‘അഭിനയം തീർത്തും അപ്രതീക്ഷിതമായി സംഭവിച്ചതാണ്. നിവിനോട് കഥ പറയാൻ പോയതാണ് ഞാൻ. അപ്പോൾ എന്നെ പിടിച്ച് ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിപ്പിച്ചു,’ കൂട്ടിച്ചേർത്തു.

ഒപ്പം ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ പന്ത്രണ്ടോ പതിമൂന്നോ സിനിമകളിൽ ഡോക്ടറായി അഭിനയിച്ചെന്നും അദ്ദേഹം പറഞ്ഞു.

പല സംവിധായകരും തിരക്കഥാകൃത്തുക്കളും അടുത്ത സുഹൃത്തുക്കളും പരിചയക്കാരുമാണെന്നും അത്തരം പരിചയങ്ങൾ കഥാപാത്രത്തിലേക്ക് എത്തിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്തരത്തിലുള്ള കഥാപാത്രമാണ് മീശയിലെയും കത്തനാരിലെയും എന്നും ഇതുവരെ തന്നെ വെച്ച് അത്തരം കഥാപാത്രം ആരും ആലോചിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇതുവരെ എന്നെവെച്ച് ആരും ആലോചിക്കാനിടയില്ലാത്തതാണ് എം.സി ജോസഫ് മീശയിലൂടെ ചെയ്യിച്ചത്,’ ശ്രീകാന്ത് മുരളി പറയുന്നു.

Content Highlight: Sreekanth Murali talking about His Characters in Malayalam Cinema

We use cookies to give you the best possible experience. Learn more