മലയാള സിനിമയിലെ പ്രമുഖ സംവിധായകനും നടനുമാണ് ശ്രീകാന്ത് മുരളി. തന്റെ പതിനാറാം വയസിൽ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്ജിന്റെ അസിസ്റ്റന്റായാണ് അദ്ദേഹം ചലച്ചിത്ര ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് 1996 മുതൽ 2006 വരെ സംവിധായകൻ പ്രിയദർശന്റെ പ്രൊജക്റ്റുകളിൽ അസിസ്റ്റന്റായി പ്രവർത്തിച്ചു.
തുടർന്ന് ഫ്രീലാൻസ് ഫിലിം മേക്കറായി മാറിയ അദ്ദേഹം 2016-ൽ അഭിനയരംഗത്തും സജീവമായി. 2017-ൽ വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത എബി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
സംവിധാനത്തിന് പുറമെ ആക്ഷൻ ഹീറോ ബിജു, വൈറസ്, ലൂക്ക, ഹോം, രേഖാചിത്രം തുടങ്ങിയ നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹം.
ശ്രീകാന്ത് മുരളി. Photo. Screen Grab/ Youtube/
‘ചന്ദ്രലേഖയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച രസകരമായൊരു അനുഭവം പങ്കുവെക്കുകയാണ് ശ്രീകാന്ത് മുരളി. സിനിമയുടെ ഡബ്ബിങ് സമയത്ത് എം.ജി. സോമനുമായി ബന്ധപ്പെട്ട ഒരു പ്രധാന ഡയലോഗ് തന്നെ വിട്ടുപോയ സംഭവമാണ് അദ്ദേഹം ഓർത്തെടുക്കുന്നത്. അന്നത്തെ സാങ്കേതിക പരിമിതികൾക്കിടയിൽ സംഭവിച്ച ആ ചെറിയ പിഴവ് പിന്നീട് മറക്കാനാകാത്ത അനുഭവമായി മാറിയെന്നും ശ്രീകാന്ത് പറയുന്നു.
‘ചന്ദ്രലേഖ സിനിമയുടെ ഡബ്ബിങ് സമയത്ത് ഒരു സീനിൽ എം.ജി. സോമേട്ടന്റെ ഡോക്ടർ കഥാപാത്രം വന്ന് ‘ലേഖ വന്നു’ എന്ന് പറയുന്ന ഒരു സീനുണ്ട്. അന്ന് സിനിമ ഫിലിം റീലുകളിലാണ്. അതിൽ മൂന്നാമത്തെ റീലിൽ സോമേട്ടന്റെ ഈ ഒരു ഡയലോഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ ഇന്നത്തെപ്പോലെ കമ്പ്യൂട്ടറോ സോഫ്റ്റ്‌വെയറോ ഒന്നും ഇല്ലാത്തതുകൊണ്ട് നമ്മൾ തന്നെ ഒരു ബുക്ക് ഉണ്ടാക്കി കൈകൊണ്ട് വരച്ചാണ് ഡബ്ബിംഗ് നോട്ട്സ് തയ്യാറാക്കുന്നത്.
അങ്ങനെ അത് ചെയ്തപ്പോൾ സോമേട്ടന്റെ പേരെഴുതാൻ മറന്നുപോയി. സ്വാഭാവികമായും ആ ഡയലോഗ് വിട്ടുപോയി. സോമേട്ടനാണെങ്കിൽ ഡബ്ബിങ് കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോവുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.
ഡബ്ബിങ്ങിനിടെ സംഭവിച്ച ആ പിഴവ് സംവിധായകൻ പ്രിയദർശന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കാര്യങ്ങൾ അൽപം ഗൗരവമായി. ആദ്യം ശാസനയായി തോന്നിയ ആ സംഭവത്തിനൊടുവിൽ, സിനിമയിലെ ഉത്തരവാദിത്വത്തെക്കുറിച്ച് പ്രിയദർശൻ നൽകിയ വിലപ്പെട്ടൊരു പാഠമായിരുന്നു അതെന്ന് ശ്രീകാന്ത് പറയുന്നു.
‘പ്രിയൻ സാറിനെ പോലുള്ള മാസ്റ്റേഴ്സ് ഒന്നും ഒരു ഡയലോഗ് പോലും മറക്കില്ലല്ലോ. അങ്ങനെ സ്റ്റുഡിയോയിൽ എത്തി ഡയലോഗ് പ്ലേ ചെയ്ത് നോക്കുന്ന സമയത്ത് സാർ ഒറ്റ നോട്ടത്തിൽ തന്നെ ചോദിച്ചു, ആ ഡയലോഗ് എവിടെ എനിക്ക് അപ്പോഴേക്കും കൈയിൽ നിന്ന് പോയിരുന്നു. തുടർന്ന് പ്രൊഡക്ഷൻ കൺട്രോളറായ രാധാകൃഷ്ണൻ ഏട്ടനോട് എന്നോട് പൊയ്ക്കോളാൻ പറയാൻ സാർ പറഞ്ഞു.
ശ്രീകാന്ത് മുരളി. Photo. Screen Grab/ Youtube
അങ്ങനെ ഞാൻ മുറിയിൽ പോയി പെട്ടിയൊക്കെ പാക്ക് ചെയ്തു. പിറ്റേദിവസം രാവിലെ ആറു മണിക്ക് പ്രിയൻ സാറിനെ കണ്ടു യാത്ര പറയാൻ ചെന്നപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, അപ്പോൾ പിന്നെ അത് ആര് ഡബ്ബ് ചെയ്യും എന്നിട്ട് കാറിൽ കയറാൻ പറഞ്ഞു.
കാറിൽ കയറി കുറച്ചു സമയം കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, സിനിമയിൽ എക്സ്ക്യൂസ് ഇല്ല. താൻ ഒരു തെറ്റ് ചെയ്താൽ ആ സിനിമ ഉള്ളിടത്തോളം കാലം ആ തെറ്റ് അവിടെയുണ്ടാകും. അതുകൊണ്ട് ഇനിയിത് ആവർത്തിക്കാതിരിക്കുക എന്ന് ശ്രീകാന്ത് മുരളി പറഞ്ഞു.
Content Highlight: Sreekanth Murali recalls the valuable lesson Priyadarshan taught him after a dubbing mistake during Chandralekha