| Tuesday, 3rd March 2026, 4:00 pm

പൊങ്കാലക്ക് ചിപ്പി, ഓണത്തിന് കൈരളിയില്‍ വല്യേട്ടന്‍, മലയാളികള്‍ക്ക് ഇതൊക്കെ നിര്‍ബന്ധാ... വൈറലായി പോസ്റ്റ്

അമര്‍നാഥ് എം.

തലസ്ഥാന നഗരത്തെ ജനസാഗരമാക്കുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്ത്രീകള്‍ അണിനിരക്കുന്ന ചടങ്ങായാണ് പലരും ആറ്റുകാല്‍ പൊങ്കാലയെ കാണുന്നത്. ഇത്തവണയും ലക്ഷക്കണക്കിനാളുകള്‍ പൊങ്കാലക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൊങ്കാല ദിനം മലയാളികളുടെ പ്രധാനശീലം ചൂണ്ടിക്കാണിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച.

അഡ്വക്കേറ്റ് ശ്രീജിത് പെരുമന പങ്കുവെച്ച സര്‍ക്കാസം പോസ്റ്റ് പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നുണ്ട്. ‘ചിപ്പിദിനാശംസകള്‍’ എന്ന തലക്കെട്ടോടെയാണ് ശ്രീജിത് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഒരു ശരാശരി മലയാളിയുടെ കേരളീയം ഇങ്ങനെ എന്ന് പറഞ്ഞുകൊണ്ട് മലയാളികള്‍ക്കിടയിലെ ചില ശീലങ്ങളെക്കുറിച്ച് ശ്രീജിത് എഴുതി.

പെരുന്നാള് വന്നു എന്നറിയാന്‍ മമ്മൂട്ടി നിസ്‌കരിക്കുന്നതിന്റെ വീഡിയോയും ഫോട്ടോയും കൈരളി ടി.വിയില്‍ കാണണമെന്നാണ് ശ്രീജിത്തിന്റെ ആദ്യ പോയിന്റ്. കാലവര്‍ഷവും വെള്ളപ്പൊക്കവും വന്നെന്നറിയാന്‍ മല്ലിക സുകുമാരനെ അവരുടെ വീട്ടില്‍ നിന്ന് കലത്തിലോ ബോട്ടിലോ കൊണ്ടുപോകുന്ന ചിത്രങ്ങള്‍ മലയാളികള്‍ക്ക് വേണമെന്നും ശ്രീജിത് പറയുന്നു.

ഏത് വിശേഷദിവസമായാലും അതിന് പൂര്‍ണത ലഭിക്കണമെങ്കില്‍ അന്നേദിവസം കൈരളി ടി.വിയില്‍ വല്യേട്ടന്‍ വേണമെന്നും പോസ്റ്റിലുണ്ട്. പൊങ്കാലയാണെങ്കില്‍ പട്ടില്‍ പൊതിഞ്ഞ ചിപ്പി അടുപ്പ് കത്തിക്കണമെന്നും ശ്രീജിത് കൂട്ടിച്ചേര്‍ത്തു. പെരുന്നാളിന് തലയില്‍ തൊപ്പി വെച്ച മമ്മൂട്ടിയും പൊങ്കാലക്ക് അടുപ്പ് കത്തിക്കുന്ന ചിപ്പിയും ആഘോഷദിവസങ്ങളില്‍ കൈരളിയില്‍ വല്യേട്ടനും മലയാളികള്‍ക്ക് നിര്‍ബന്ധമാണെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

അതേസമയം വര്‍ഷങ്ങളായുള്ള പതിവ് ഇത്തവണയും ചാനലുകാര്‍ തെറ്റിച്ചിട്ടില്ല. പൊങ്കാലയിടുന്ന ചിപ്പിയെ പ്രേക്ഷകര്‍ക്ക് കാണിക്കാന്‍ വേണ്ടി മാത്രം പ്രത്യേക ക്യാമറമാനെയെല്ലാം പലരും അറേഞ്ച് ചെയ്തിരുന്നു. ചിപ്പിയെ കാണാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശീയെന്നും വാര്‍ത്തകളുണ്ട്.

സിനിമാ-സീരിയല്‍ രംഗത്ത് തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടിയാണ് ചിപ്പി. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ച താരം തമിഴിലും തെലുങ്കിലും കന്നഡയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയ ചിപ്പി ഇപ്പോള്‍ അഭിനയരംഗത്ത് സജീവമല്ല. നിര്‍മാതാവ് രജപുത്ര രഞ്ജിത്താണ് ചിപ്പിയുടെ പങ്കാളി.

Content Highlight: Sreejith Perumana’s post about Attukal Pongala and Chippy Viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more