മലയാളികൾ നെഞ്ചിലേറ്റിയ പാട്ടാണ് ‘നെഞ്ചോട് ചേർത്ത്’ എന്ന് തുടങ്ങുന്ന യുവ്വ് എന്ന ആൽബത്തിലെ പാട്ട്. ശ്രീജിത്ത് എടവനയും സച്ചിനുമാണ് പാട്ടിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ആൽബത്തിന് വരികളെഴുതിയത് നവീൻ മാരറും പാടിയത് ആലാപ് രാജുമാണ്. അൽഫോൺസ് പുത്രനാണ് ആൽബം സംവിധാനം ചെയ്തത്. 2012ൽ പുറത്തിറങ്ങിയ ആൽബം അന്നത്തെ ഇൻഡിപെൻഡന്റ് മ്യൂസിക് ഹിറ്റായിരുന്നു.
നിവിൻ പോളിയും നസ്രിയ നസീമും പ്രധാന വേഷത്തിൽ അഭിനയിച്ച ആൽബത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇരുവരും ആദ്യമായ് ഒന്നിച്ചഭിനയിച്ചത് ഈ മ്യൂസിക് വിഡിയോയോയിലാണെന്ന പ്രത്യേകത കൂടെ ആൽബത്തിനുണ്ട്. ആ കാലഘട്ടത്തിൽ ഒരു മില്യണിലധികം വ്യൂസ് കിട്ടുന്ന ആൽബങ്ങളിൽ ഒന്നാണിത്. സോണി മ്യൂസിക് മലയാളത്തിൽ ആദ്യമായ് പുറത്തിറക്കിയ ആൽബം കൂടിയെന്ന പ്രത്യേകതയും യുവ്വിനുണ്ട്.
ആൽബം ഇത്രയധികം ഹിറ്റാവുമെന്ന് വിചാരിച്ചില്ലെന്ന് പറയുകയാണ് ശ്രീജിത്ത് എടവന. ഇൻഡിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീജിത്ത്.
യുവ്വിലെ രംഗം.Photo.Screen Grab/Youtube.com
‘ആദ്യത്തെ പാട്ട് തന്നെ കേറി ഹിറ്റാവുക എന്നുള്ളത് അനുഗ്രഹമാണ്. ഹിറ്റാകുന്തോറും ഞങ്ങൾക്ക് മരവിച്ച ഫീലായിരുന്നു. കാരണം ഇന്നാണെങ്കിൽ നമ്മുക്ക് കുറെ കോൾസൊക്കെ വരും. അന്ന് കോൾസൊന്നും വരില്ല. അന്ന് നമ്മുടെ സോഷ്യൽ നെറ്റ്വർക്ക് ഏര്യയൊന്നും അത്ര വലുതല്ലായിരുന്നു. ഇമ്പാക്ട് എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ യൂട്യൂബും പിന്നെ ഫേസ്ബുക്കും മാത്രമേയുള്ളൂ.
അങ്ങനെ സംഭവം ഭയങ്കരമായിട്ട് ഗ്രോ ആകുന്നുണ്ടെന്ന് കണ്ടപ്പോൾ അതിനകത്ത് ഭയങ്കര സന്തോഷം തോന്നി. പിന്നെ പയ്യെ ആളുകളായിട്ട് കണക്ട് ചെയ്യാൻ തുടങ്ങി. അതുകൊണ്ട് സ്ലോ ഗ്രോത്താണ് നമുക്ക് ഫീൽ ചെയ്തത്. പിന്നെ അത് കഴിഞ്ഞിട്ടാണ് ശരിക്കും പാട്ട് ഭയങ്കരമായിട്ട് മുകളിലേക്ക് കേറുന്നത്.’ ശ്രീജിത്ത് പറഞ്ഞു.
ആദ്യത്തെ പാട്ട് ഹിറ്റായതുകൊണ്ട് അത് പിന്നെ ക്യാരി ഫോർവേർഡ് ചെയ്യുകയെന്ന് പറയുന്നത് ഒരു വലിയ ടാസ്കാണെന്നാണ് അദ്ദേഹം പറയുന്നത്. അതിനുശേഷം ഈ പാട്ട് വെച്ചിട്ട് എത്ര നല്ല പാട്ട് ചെയ്താലും നമ്മളെ ആളുകൾ ജഡ്ജ് ചെയ്യുമെന്നും അങ്ങനെയൊരു പാട്ടിനു വേണ്ടി അവർ കാത്തിരിക്കുമെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
Content Highlight: Sreejith Edavana stated that he had never thought ‘Nenjodu Cherthu’ would become such a massive hit, and added that moving forward after that had been a real task.