ശ്രീജ രവി, സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതമായ ശബ്ദം. മലയാള സിനിമയില്‍ 125ലേറെ നായികമാര്‍ക്ക് ശബ്ദം നല്‍കി തന്റെ കഴിവ് തെളിയിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് അവര്‍. ശാലിനി, മാതു, ചാര്‍മിള, സുനിത, നയന്‍താര, കാവ്യ മാധവന്‍ തുടങ്ങി നിരവധി നായികമാരുടെ ശബ്ദമാണ് ശ്രീജ.
1983ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെക്കിളികൂട് എന്ന സിനിമയിലൂടെയാണ് ശ്രീജയുടെ ശബ്ദം നായികയുടേതായി വരുന്നത്. പിന്നീട് മലയാളത്തില്‍ മാത്രമല്ല തമിഴിലും മികവ് തെളിയിക്കാന്‍ ശ്രീജയ്ക്ക് സാധിച്ചു.
ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ അന്യഭാഷാ നായികമാര്‍ക്ക് ഡബ്ബ് ചെയ്യുമ്പോഴുള്ള പ്രയാസത്തെ കുറിച്ചും ഒരിക്കല്‍ മമ്മൂട്ടി തന്നെ അഭിനന്ദിച്ചതിനെ കുറിച്ചും പറയുകയാണ് അവര്‍.
ഹരികൃഷ്ണന്‍സ് സിനിമയില്‍ ജൂഹി ചൗളയ്ക്ക് വേണ്ടിയും ബല്‍റാം വേഴ്‌സസ് താരാദാസ് സിനിമയില്‍ കത്രീന കൈഫിന് വേണ്ടിയും നോട്ട്ബുക്ക് എന്ന പടത്തില്‍ റോമയ്ക്ക് വേണ്ടിയും ശബ്ദം നല്‍കിയത് ശ്രീജ തന്നെയാണ്.
ആ സമയത്ത് ബുദ്ധിമുട്ടുകളെക്കുറിച്ചല്ല താന്‍ ചിന്തിക്കാറുള്ളതെന്നും എങ്ങനെ നന്നായി ചെയ്യാമെന്നാണ് ചിന്തിക്കാറുള്ളതെന്നും അവര്‍ പറഞ്ഞു. ഒപ്പം ബല്‍റാം വേഴ്‌സസ് താരാദാസ് സിനിമയുടെ സമയത്ത് നടന്ന കാര്യങ്ങള്‍ തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘അന്ന് കത്രീനയ്ക്ക് ശബ്ദം നല്‍കി പുറത്തിറങ്ങിയപ്പോള്‍ മമ്മൂക്കയെ കണ്ടു. ഞാനാണോ ആ കുട്ടിക്ക് ശബ്ദം നല്‍കിയതെന്ന് മമ്മൂക്ക ചോദിച്ചു. വഴക്ക് പറയാന്‍ വേണ്ടിയാണോ എന്ന് കരുതി ഞാന്‍ ആകെ പേടിച്ചുപോയി.
വളരെ നന്നായിട്ട് ഞാന്‍ ഡബ്ബ് ചെയ്തുവെന്ന് മമ്മൂക്ക പറഞ്ഞു. ആ കുട്ടിയോട് ഇപ്പോള്‍ എല്ലാവര്‍ക്കും ഒരിഷ്ടം തോന്നുമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഒരുപാട് സന്തോഷം നല്‍കിയ കാര്യമായിരുന്നു അത്,’ ശ്രീജ രവി പറയുന്നു.
Content Highlight: Sreeja Ravi Talks About Mammootty