നാലുപതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ തന്റെ ശബ്ദം കൊണ്ട് സാന്നിധ്യമുറപ്പിച്ച ആര്‍ട്ടിസ്റ്റാണ് ശ്രീജ രവി. 1983ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ ശബ്ദം നല്‍കി കരിയര്‍ ആരംഭിച്ച ശ്രീജ, ബേബി ശ്യാമിലി, ശാലിനി, നയന്‍താര, കാവ്യ മാധവന്‍, റോമ തുടങ്ങി 125ലധികം അഭിനേതാക്കള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. കൊച്ചുകുട്ടിയുടെ മുതല്‍ മുതിര്‍ന്ന കഥാപാത്രങ്ങള്‍ക്ക് വരെ വ്യത്യസ്ത വേരിയേഷനുകളില്‍ ശബ്ദം നല്‍കാനുള്ള ശ്രീജയുടെ കഴിവ് ഇതിനോടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
ശ്രീജ രവി. Photo: Dool News
അഭിനയത്തിലൂടെയാണ് താരം കരിയര്‍ ആരംഭിച്ചതെങ്കിലും പിന്നീട് ഡബ്ബിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എന്നാല്‍ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ വീണ്ടും സജീവമാകുന്ന ശ്രീജയുടെ ഏറ്റവും പുതിയതായി വരാനിരിക്കുന്ന ചിത്രമാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന മോഹിനിയാട്ടം. ചിത്രവുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വ്യത്യസ്ത അഭിനേതാക്കള്‍ക്ക് ശബ്ദം നല്‍കിയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞ ശ്രീജയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
അഭിനയിക്കുന്ന സമയത്ത് യങ് ആയിട്ടുള്ള ശബ്ദം കൊണ്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഡബ്ബ് ചെയ്യുന്ന സമയത്ത് സംവിധായകര്‍ കൂടുതല്‍ പക്വതയുള്ള ശബ്ദത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും ശ്രീജ പറയുന്നു. മുമ്പ് ചെയ്ത ശാലിനി, റോമ, നയന്‍താര തുടങ്ങിയവരുടെ ശബ്ദം വരാതെ നോക്കണമെന്ന് എപ്പോഴും ഇന്‍സ്ട്രക്ഷന്‍സ് ലഭിക്കാറുണ്ടെന്നും താരം പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കഥാപാത്രം ചെയ്തപ്പോള്‍ എന്തിനാണ് കാവ്യയുടെ ശബ്ദം ഈ തള്ളക്ക് നല്‍കിയതെന്നും എന്തിനാണ് ഈ ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ ഉപയോഗിച്ചതെന്നുമടക്കം പല മോശം കമന്റുകളും തനിക്ക് ലഭിച്ചിരുന്നുവെന്നും ശ്രീജ പറയുന്നു.
അതിന് ശേഷം പല അഭിമുഖങ്ങളിലും താന്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ ആ ശബ്ദത്തിന്റെ ഉടമ ഈ തള്ള തന്നെയാണെന്ന് പലരും തിരിച്ചറിഞ്ഞെന്നും ആളുകള്‍ ഈ കാര്യം ആക്‌സെപ്റ്റ് ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു. പിന്നീട് ഇത്തരം കമന്റുകള്‍ കേട്ടിട്ടില്ലെന്നും ശ്രീജ രവി കൂട്ടിച്ചേര്‍ത്തു.
മോഹിനിയാട്ടം. Photo: Samakalika Malayalam
സൈജു കുറിപ്പ് പ്രധാന വേഷത്തിലെത്തി പ്രേക്ഷക പ്രശംസ നേടിയ ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് മോഹിനിയാട്ടം ഒരുക്കുന്നത്. ഏപ്രില്‍ 10 ന് റിലീസാകുന്ന ചിത്രത്തിന്റെ ഇതിനോടകം പുറത്തുവന്ന ട്രെയ്‌ലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍ പെടുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Sreeja Ravi talks about her experience as a Dubbing artist and actress