| Thursday, 7th August 2025, 7:18 am

ശബ്ദം ഡബ്ബിങ്ങിന് പറ്റിയതല്ല; വേറേ വല്ല ജോലിയും നോക്കാന്‍ എന്നോട് പറഞ്ഞു: ശ്രീജ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളിക്ക് സുപരിചിതമായ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ശ്രീജ രവി. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പത്താം വയസില്‍ തുടങ്ങിയ ഡബ്ബിങ് കരിയറിനെ കുറിച്ച് ശ്രീജ രവി സംസാരിക്കുന്നു.

1975ല്‍ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് ഡബ്ബിങ്ങിന്റെ തുടക്കം. അന്നെനിക്ക് പത്ത് വയസാണ്. ആള്‍ക്കൂട്ടത്തില്‍ കലപില ശബ്ദം ഒക്കെ ഉണ്ടാക്കിയെന്നു മാത്രം. എന്റെ സഹോദരന്മാരായ ജ്യോതിഷ് കുമാറും റസീഖ് ലാലും ഒപ്പമുണ്ടായിരുന്നു. അവര്‍ അന്ന് സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. ജ്യോതിഷ് ഇടയ്ക്ക് വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ ചെറിയൊരു വേഷം ചെയ്തു, കന്നഡയില്‍ ഈയടുത്ത് ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്,’ശ്രീജ രവി പറഞ്ഞു.

ഡബ്ബിങ് കരിയറാക്കണം എന്നൊരു ചിന്ത പണ്ട് ഉണ്ടായിരുന്നില്ലെന്ന് ശ്രീജ പറയുന്നു. പ്ലസ്ടു കഴിഞ്ഞ് ജോലിക്കൊക്കെ ശ്രമിക്കണം എന്നതായിരുന്നു ആലോചനയെന്നും ഡബ്ബിങ് ചെയ്തുതുടങ്ങിയെങ്കിലും നിലനില്‍ക്കാന്‍ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘അന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ കുറവായിരുന്നു, പക്ഷേ കടുത്ത മത്സരമുണ്ടായിരുന്നു. എന്റെ ശബ്ദം ഡബ്ബിങ്ങിന് പറ്റിയതല്ലെന്നും വേറെ വല്ല ജോലിയും നോക്കിക്കോളു എന്നും ഒരു സീനിയര്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അന്നെന്നോട് പറഞ്ഞിരുന്നു. എനിക്ക് ഈ മേഖലയില്‍ രക്ഷപ്പെടാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു. ഇതൊക്കെ എന്റെ മനസില്‍ ഒരു നെഗറ്റീവ് ആയി കിടന്നു. വേറെ ഓഫീസ് ജോലിക്ക് ഒക്കെ ഞാന്‍ ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല,’ ശ്രീജ രവി പറഞ്ഞു.

ആ ഇടയ്ക്കാണ് താന്‍ ഇളനീര്‍ സിനിമയിലെ നായികയ്ക്കുവേണ്ടി ശബ്ദം കൊടുത്തതെന്നും പിന്നീട് കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തില്‍ രേവതിക്ക് ശബ്ദം നല്‍കിയത് ശ്രദ്ധിക്കപ്പെട്ടുകയുണ്ടായെന്നും ശ്രീജ രവി പറയുന്നു.

‘അതിനുശേഷം രോഹിണി, മാതു, ചാര്‍മിള തുടങ്ങിയ നായികമാര്‍ക്ക് വേണ്ടി ശബ്ദം നല്‍കി. രേവതിക്ക് വേണ്ടി മൊഴിമാറ്റ ചിത്രങ്ങളിലും ശബ്ദംനല്‍കി. അനിയത്തിപ്രാവില്‍ ശാലിനിക്ക് ശബ്ദം നല്‍കിയതോടെയാണ് കരിയറില്‍ വഴിത്തിരിവുണ്ടാകുന്നത്. തമിഴിലും ആ സമയത്ത് ശ്രദ്ധകിട്ടിത്തുടങ്ങി. ശാലിനിക്കും ദേവയാനിക്കും ഒക്കെ ഒരുപാട് ചിത്രങ്ങളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്,’ ശ്രീജ രവി പറഞ്ഞു.

Content Highlight:  Sreeja Ravi talks about her dubbing career, which she began at the age of ten

We use cookies to give you the best possible experience. Learn more