മലയാള സിനിമയിലെ ഏറ്റവും പരിചിതമായ ശബ്ദങ്ങളിൽ ഒന്നാണ് ശ്രീജ രവിയുടേത്. ശാലിനി, മാതു, ചാർമിള, സുനിത, നയൻതാര, കാവ്യ മാധവൻ തുടങ്ങി 125ലേറെ നായികമാർക്ക് ശബ്ദം നൽകി കഴിഞ്ഞ നാൽപത്തിയഞ്ച് വർഷത്തിലേറെയായി സിനിമയുടെ ഭാഗമാണ് താരം.
മലയാളത്തിന് പുറമെ തമിഴ് സിനിമയിലും സ്വന്തം ഇടം നേടിയ ശ്രീജ, 1983ൽ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയ്ക്ക് ശബ്ദം നൽകിയത്. പിന്നീട് ഡബ്ബിങ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീജ അഭിനയത്തിലും ശ്രദ്ധ നേടി.
ശ്രീജ രവി, Photo: IMDb
ഇപ്പോഴിതാ തന്റെ സ്കൂൾകാലത്തെ ഒരു ക്രഷിനെ കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് താരം. കൗമാരപ്രായത്തിൽ മനസിൽ ഇടം നേടിയ ഒരു പയ്യനെ കുറിച്ചാണ് ശ്രീജ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്.
‘അമ്മയുള്ള സമയത്ത് ഒരു ക്രഷ് ഉണ്ടായിരുന്നു. ആ ക്രഷ് ആണ് പിന്നെ പിടികൂടിയത്. ഒരു ദിവസം വയർവേദനയാണെന്ന് പറഞ്ഞ് ഞാൻ സ്കൂളിൽ പോയില്ല. ഒമ്പതാം ക്ലാസ്സിലാണ് പഠിക്കുന്നത്.
ഞങ്ങളുടെ ബെഡ്റൂമിൽ നിന്ന് സ്കൂളിന്റെ ഗ്രൗണ്ട് കാണാമായിരുന്നു. അവിടെ ഒരു പയ്യൻ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും യൂണിഫോം ഇടുമ്പോൾ അവൻ മാത്രം വേറിട്ട സ്റ്റൈലിൽ വരും. കുറച്ച് താടിയൊക്കെ ഉള്ള ആ പയ്യൻ വോളിബോൾ കളിക്കുന്നതും നടത്തവും എല്ലാം ഭയങ്കര സ്റ്റൈൽ ആയിരുന്നു,’ എന്നാണ് ശ്രീജ പറഞ്ഞത്.
അവന്റെ നടപ്പിനോട് അത്രയും ഇഷ്ടം തോന്നിയതുകൊണ്ട് മനസിൽ ‘റോയൽ വാക്കർ’ എന്ന പേരും നൽകിയിരുന്നുവെന്ന് താരം പറയുന്നു. ‘ആരാണെന്നോ പേരെന്താണെന്നോ ഒന്നും അറിയില്ലായിരുന്നു.
ശ്രീജ രവി, കലാരഞ്ജിനി, Photo: Saiju kurup/ Facebook
പക്ഷേ സ്കൂൾ വിട്ട് പോകുമ്പോൾ അവൻ ആ വഴിയിലൂടെയാണ് പോകുക. അതുകൊണ്ട് ഞാൻ ഗേറ്റിന് സമീപം പോയി നിൽക്കും. ഒരിക്കൽ എന്റെ ഏട്ടൻ അത് കണ്ട് ‘എന്താണ് ഇവിടെ നിൽക്കുന്നത്, അകത്ത് പോ’ എന്ന് പറഞ്ഞ് ഓടിച്ചു,’ എന്നും താരം ചിരിയോടെ ഓർത്തെടുത്തു.
പിന്നീട് ഒരു സ്കൂൾ ഫംഗ്ഷനിൽ പങ്കെടുത്ത് മടങ്ങുമ്പോഴും ആ പയ്യനെ ഒന്ന് കാണാമെന്ന ആഗ്രഹം കൊണ്ട് ഓട്ടോ പോലും പിടിക്കാതെ നടന്ന് വന്നതായും ശ്രീജ പറഞ്ഞു.
‘അവനെ ഒന്ന് കണ്ടുകൊണ്ട് വരാമെന്ന് കരുതി നടക്കുകയായിരുന്നു. പക്ഷേ ഏട്ടൻ എന്നെ ഫോളോ ചെയ്ത് വന്നു. എന്തോ ഗുലുമാൽ ഉണ്ടെന്ന് അവന് മനസിലായി,’ എന്നാണ് താരം പറഞ്ഞത്.
ഒടിവിൽ ഫ്രണ്ട്സിൽ നിന്നും ആ ‘റോയൽ വാക്കർ’ന്റെ പേര് മനസിലാക്കിയെന്നും ശശി എന്നായിരുന്നു അവന്റെ യഥാർത്ഥ പേര് എന്നും ശ്രീജ ഓർത്തെടുത്ത് പറഞ്ഞു.
Content Highlight: Sreeja Ravi talks about her childhood crush