| Sunday, 8th March 2026, 1:05 pm

12 ടേക്കുകള്‍ വരെ പോയ സമയമുണ്ടായിരുന്നു; ഇപ്പോള്‍ ഡബ്ബിങ്ങില്‍ അതൊക്കെ എളുപ്പമാണ്: ശ്രീജ രവി

ഐറിന്‍ മരിയ ആന്റണി

45 വര്‍ഷകാലമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ശ്രീജ രവി. ശാലിനി, മാതു, ചാര്‍മിള, സുനിത, നയന്‍താര, കാവ്യമാധവന്‍ തുടങ്ങി നിരവധി നായികമാര്‍ക്ക് ശബ്ദം കൊടുത്ത അവര്‍ സിനിമകളില്‍ കുട്ടികള്‍ക്കായും ഡബ്ബിങ് ചെയ്തിട്ടുണ്ട്. ഡബ്ബിങ്ങില്‍ സജീവമായിരുന്ന ശ്രീജ ഇപ്പോള്‍ അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചു.

അബിഷന്‍ ജീവിന്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടൂറിസ്റ്റ് ഫാമിലിയില്‍ താരം ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോള്‍ മലയാള മനോരമ ദിനപത്രവുമായുള്ള അഭിമുഖത്തില്‍ തന്റെ ഡബ്ബിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് ശ്രീജ രവി. കുട്ടികള്‍ക്ക് ഡബ്ബ് ചെയ്യാന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റുകള്‍ പണ്ടു മദ്രാസില്‍ തീരെ കുറവായിരുന്നുവെന്ന് അവര്‍ പറയുന്നു.

‘ഞാനും അമ്പിളിയുമായിരുന്നു അന്നു കുട്ടികള്‍ക്കു ശബ്ദം നല്‍കിയിരുന്നത്. ഞങ്ങള്‍ക്കായിരുന്നു അന്ന് അല്‍പം നേര്‍ത്ത ശബ്ദമുണ്ടായിരുന്നത്. ആദ്യമൊക്കെ അല്‍പം ടെന്‍ഷനുണ്ടായിരുന്നെങ്കിലും പതിയെ പതിയെ അതങ്ങു നന്നായി വന്നു. പിന്നെ എനിക്കു കുട്ടികളെ വലിയ ഇഷ്ടമാണ്.

അവരുടെ വര്‍ത്തമാനവും ശബ്ദരീതിയും കൊഞ്ചലുമൊക്കെ എപ്പോഴും നിരീക്ഷിക്കും. കൊഞ്ചലോടെ ഡബ്ബ് ചെയ്യാന്‍ ഇപ്പോഴും എനിക്ക് ഇഷ്ടമാണ്. എന്റെ ഉള്ളിലെ കുട്ടി ഇനിയും വലുതാകാത്തതു കൊണ്ട് ഇപ്പോഴും കുട്ടികളുടെ ശബ്ദം 99 ശതമാനത്തോളം നന്നാക്കാന്‍ കഴിയുന്നുണ്ടെന്നാണ് വിശ്വാസം. അത് ഈശ്വര കൃപയാണ്,’ ശ്രീജ പറയുന്നു.

പണ്ടത്തെ കാലം രസകരമായിരുന്നുവെന്നും ആര്‍ട്ടിസ്റ്റുകളെല്ലാം മൈക്കിനു മുന്നില്‍ നിന്നു ശബ്ദം നല്‍കുമായിരുന്നുവെന്നും അവര്‍ പറയുന്നു. ചില നീളമേറിയ സീനുകള്‍ രണ്ടോ മൂന്നോ ആയി കട്ട് ചെയ്ത് ലൂപ് പോലെ ഇട്ടിരിക്കുമെന്നും ഡയലോഗ് എല്ലാം മനഃപാഠമായി കൃത്യമായി പറയണമായിരുന്നുവെന്നും അവര്‍ പറയുന്നു.

ഒരാള്‍ തെറ്റിച്ചാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങുമെന്നും അങ്ങനെ 12 ടേക്കുകള്‍ വരെ പോയ സമയമുണ്ടായിട്ടുണ്ടെന്നും ശ്രീജ രവി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോള്‍ അത് എളുപ്പമാണെന്നും ട്രാക്ക് സംവിധാനം വന്നതോടെ എങ്ങനെ വേണമെങ്കിലും സൗകര്യം പോലെ ഡബ്ബ് ചെയ്താല്‍ മതിയെന്നും അവര്‍ പറഞ്ഞു.

Content Highlight: Sreeja Ravi talks about dubbing for children

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more