മലയാളിക്ക് സുപരിചിതമായ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ശ്രീജ രവി. ശാലിനി, മാതു, ചാര്‍മിള, സുനിത, നയന്‍താര, കാവ്യമാധവന്‍ തുടങ്ങി 125ല്‍പരം നായികമാരുടെ ശബ്ദത്തിന് ഉടമയാണവര്‍. നാല്പത്തഞ്ചുവര്‍ഷമായി മലയാള സിനിമയുടെ ഭാഗമായ അവര്‍ മലയാളത്തിന് പുറമെ തമിഴിലും തന്റെ ഡബ്ബിങ്ങ് കൊണ്ട് മികവ് തെളിയിച്ചിട്ടുണ്ട്.
ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് ശ്രീജയുടെ ശബ്ദം നായികയുടേതായി വരുന്നത്. ഇപ്പോള്‍ അഭിനയരംഗത്തും ശ്രീജയുണ്ട്. അടുത്തിടെ വന്ന് ഹിറ്റായി മാറിയ ടൂറിസ്റ്റ് ഫാമിലിയില്‍ ശ്രീജ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
വളരെ വൈകിയാണ് ഡബ്ബിങ് ക്യാറ്റഗറിക്ക് പുരസ്‌കാരം വന്നു തുടങ്ങിയതെന്ന് ശ്രീജ രവി പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനോട് സംസാരിക്കുകയായാണ് അവര്‍.
‘നാലുതവണ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഒരുതവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. വളരെ വൈകിയാണ് ഡബ്ബിങ്ങിന് പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. ആദ്യമൊക്കെ പുരസ്‌കാരം പങ്കിടല്‍ ആയിരുന്നു. അനിയത്തിപ്രാവില്‍ എനിക്കും കൃഷ്ണ ചന്ദ്രനും ചേര്‍ന്നാണ് പുരസ്‌കാരം ലഭിച്ചത്. മെയില്‍, ഫീമെയില്‍ എന്നിങ്ങനെ പ്രത്യേക വിഭാഗം ഇല്ലായിരുന്നു. പിന്നെയും മാറ്റം വന്നു,’ശ്രീജ രവി പറയുന്നു.
ഒരുവര്‍ഷം മെയില്‍ ആര്‍ട്ടിസ്റ്റിന് പുരസ്‌കാരം നല്‍കിയാല്‍ അക്കൊല്ലം ഫീമെയില്‍ ആര്‍ട്ടിസ്റ്റിന് പുരസ്‌കാരം ഉണ്ടാകാറില്ലെന്നും തിരിച്ചും അങ്ങനെത്തന്നെയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കുറെക്കാലം അവാര്‍ഡ് നല്‍കാതെയും ഇരുന്നിട്ടുണ്ടെന്നും ഇക്കാരണം കൊണ്ടൊക്കെ പുരസ്‌കാരസാധ്യതയുണ്ടായിരുന്ന ഒരുപാട് ചിത്രങ്ങള്‍ അംഗീകാരം നേടാതെ പോയെന്നും ശ്രീജ പറയുന്നു.
‘നിറം, ഗൗരീശങ്കരം, സല്ലാപം ഒക്കെ എനിക്ക് സംസ്ഥാനപുരസ്‌കാരം ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ച ചിത്രങ്ങളാണ്. പുരസ്‌കാരങ്ങളിലൊക്കെ ഉപരി ശബ്ദം നല്‍കിയ സിനിമകളെല്ലാം എനിക്ക് സ്‌പെഷ്യലാണ്,’ശ്രീജ രവി പറഞ്ഞു.
Content Highlight: Sreeja Ravi says that awards for the dubbing category started coming very late