| Saturday, 30th May 2026, 2:56 pm

എരുമ മൂത്രമൊഴിക്കുമ്പോൾ അത് വീടിനകത്തേക്ക് തെറിക്കുന്ന അത്രയും മോശം അവസ്ഥ, അവിടെയും ഞങ്ങൾ ഹാപ്പിയായിരുന്നു: ശ്രീജ രവി

നന്ദന എം.സി

മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ ഡബ്ബിങ് ആർട്ടിസ്റ്റുമാരിൽ ഒരാളാണ് ശ്രീജ രവി. നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ഭാഗമായി തുടരുന്ന താരം 125-ലേറെ നായികമാർക്ക് ശബ്ദം നൽകി പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്.

കൂടാതെ ഇപ്പോൾ അഭിനയ രംഗത്തും താരം സജീവമാണ്. ഇപ്പോഴിതാ തന്റെ കരിയറിന് പിന്നിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ഒരു ബാല്യകാലമുണ്ടായിരുന്നുവെന്ന് തുറന്നുപറയുകയാണ് ശ്രീജ രവി.

ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ജീവിതത്തിലെ പ്രയാസകരമായ ദിവസങ്ങളെ താരം ഓർത്തെടുത്തത്. മെക്കാനിക്കൽ എൻജിനീയറായിരുന്ന അച്ഛൻ പുതിയോട്ടിൽ കുഞ്ഞിക്കുട്ടന് കുട്ടിക്കാലത്ത് സ്ട്രോക്ക് വന്നതോടെ കുടുംബത്തിന്റെ സാഹചര്യങ്ങൾ മാറിമറിഞ്ഞുവെന്ന് ശ്രീജ പറയുന്നു.

ശ്രീജ രവി, Photo: YouTube/ Screengrab

പിന്നീട് അച്ഛന്റെ മരണത്തോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി അമ്മ അഭിനയരംഗത്ത് അവസരങ്ങൾ തേടി മദ്രാസിലേക്ക് പോകുകയായിരുന്നുവെന്നും താരം വ്യക്തമാക്കി.

ഒൻപത് മക്കളുള്ള കുടുംബത്തിൽ ഇളയ നാല് കുട്ടികളെയാണ് അമ്മ കൂടെക്കൊണ്ടുപോയത്. സാമ്പത്തികമായി അതീവ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന കാലമായിരുന്നുവെന്നും അന്ന് താമസിച്ചിരുന്ന വീടിന്റെ അവസ്ഥ ഇന്നും വ്യക്തമായി ഓർമയുണ്ടെന്നും ശ്രീജ പറഞ്ഞു.

‘ഇപ്പോൾ താമസിക്കുന്ന ചെന്നൈയിലെ വീടിന് ഏതാനും വീടുകൾക്കപ്പുറമുള്ള ഒരു ഷെഡിലായിരുന്നു ഞങ്ങൾ വാടകയ്ക്ക് കഴിഞ്ഞിരുന്നത്. ഷെഡിന് മുന്നിൽ എരുമകളെ കെട്ടിയിടുന്ന സ്ഥലമായിരുന്നു.

എരുമ മൂത്രമൊഴിക്കുമ്പോൾ അത് വീടിനകത്തേക്ക് വരെ തെറിച്ചെത്തുന്ന അവസ്ഥയായിരുന്നു. പക്ഷേ ആ സാഹചര്യത്തിലും ഞങ്ങൾ സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത്,’ എന്നാണ് ശ്രീജയുടെ വാക്കുകൾ.

ശ്രീജ രവി കുടുംബത്തോടൊപ്പം, Photo: Sreeja Ravi/ Facebook

ദാരിദ്ര്യവും പട്ടിണിയും ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കിലും അതിനെക്കുറിച്ച് നിരാശപ്പെടാൻ അമ്മ ഒരിക്കലും അനുവദിച്ചിരുന്നില്ലെന്ന് താരം പറയുന്നു. ഏത് സാഹചര്യത്തിലും സന്തോഷം കണ്ടെത്താൻ പഠിപ്പിച്ചതും ജീവിതത്തെ പോസിറ്റീവായി കാണാൻ ശീലിപ്പിച്ചതും അമ്മയാണെന്നാണ് ശ്രീജയുടെ വാക്കുകൾ.

വിശപ്പടക്കാൻ ചില ദിവസങ്ങളിൽ അയൽവീടുകളിൽ നിന്ന് കഞ്ഞിവെള്ളം വാങ്ങിക്കുടിക്കേണ്ടി വന്ന അനുഭവങ്ങളും കുടുംബത്തിനുണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. എന്നാൽ ആ കാലഘട്ടത്തെക്കുറിച്ച് ഇന്ന് ഓർക്കുമ്പോൾ സങ്കടമല്ല, മറിച്ച് അഭിമാനമാണ് തോന്നുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഒരുകാലത്ത് ദുരിതപൂർണമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന കുടുംബം ഇന്ന് അതേ തെരുവിൽ സ്വന്തമായി ഫ്ലാറ്റ് വാങ്ങി താമസിക്കുന്നുണ്ടെന്നും അതെല്ലാം സിനിമ നൽകിയ അനുഗ്രഹമാണെന്നും ശ്രീജ രവി പറഞ്ഞു.

അമ്മയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുരുവെന്നും സിനിമയിലേക്കുള്ള തന്റെ യാത്രയ്ക്കും പ്രചോദനമായത് അമ്മ തന്നെയാണെന്നും താരം വ്യക്തമാക്കി. എത്ര വലിയ പ്രതിസന്ധിയുണ്ടായാലും ജീവിതത്തെ സന്തോഷത്തോടെ നേരിടാനുള്ള മനോഭാവം അമ്മയിൽ നിന്നാണ് ലഭിച്ചതെന്നും ശ്രീജ രവി അഭിമാനത്തോടെ പറഞ്ഞു.

Content Highlight: Sreeja Ravi openly admits that behind her career was a childhood full of hardships and suffering.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more