| Saturday, 18th October 2025, 10:40 pm

വെറുപ്പാണ് തോന്നുന്നത്; ഇത്തവണയും തെറ്റിദ്ധാരണ കൊണ്ടാണോ ബി.ജെ.പി വേദിയിലെത്തിയത്? ഔസേപ്പച്ചനോട് ശ്രീജ നെയ്യാറ്റിന്‍കര

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി വേദിയിലെത്തിയ സംഗീത സംവിധായകന്‍ ഔസേപ്പച്ചനോട് ചോദ്യങ്ങളുമായി സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. താങ്കള്‍ ബി.ജെ.പിയുടെ വേദിയിലെത്തിയത് തെറ്റിദ്ധാരണ കൊണ്ടാണോ എന്ന് ശ്രീജ ഔസേപ്പച്ചനോട് ചോദിച്ചു.

ഹൃദയത്തില്‍ സംഗീതം സൂക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഔസേപ്പച്ചന് എങ്ങനെയാണ് ഒരു കാപട്യക്കാരനാകാനും വംശഹത്യ വാദികളുടെ വേദികളിലേക്ക് കടന്നു ചെല്ലാനും കഴിയുന്നതെന്നും ശ്രീജ ഫേസ്ബുക്കിലൂടെ ചോദ്യമുയര്‍ത്തി.

2024ലെ വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് വേദിയിലെത്തിയ ഔസേപ്പച്ചന് ശ്രീജ നെയ്യാറ്റിന്‍കര ഒരു തുറന്ന കത്തെഴുതിയിരുന്നു.

പിന്നീട് ആര്‍.എസ്.എസ് വേദിയിലെ തന്റെ സാന്നിധ്യത്തെ കുറിച്ച് ഔസേപ്പച്ചന്‍ താനുമായി ഫോണില്‍ സംസാരിച്ചുവെന്നാണ് ശ്രീജ നെയ്യാറ്റിന്‍കര പറയുന്നത്. സംഭാഷണത്തിനിടെ ഔസേപ്പച്ചന്‍ നടത്തിയ ചില പരാമര്‍ശങ്ങളെ കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്.

തെറ്റിദ്ധരിച്ചാണ് താന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത്, ആര്‍.എസ്.എസിനെ കുറിച്ച് യാതൊന്നും കൃത്യമായി അറിയാതെയാണ് ആ വേദിയിലെത്തിയത്,  തന്റെ തുറന്ന കത്തില്‍ നിന്നാണ് ആര്‍.എസ്.എസിനെ കുറിച്ച് മനസിലാക്കുന്നത്,  നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ഒരു കാരണവശാലും അവിടേക്ക് കടന്ന് ചെല്ലില്ലായിരുന്നു എന്നെല്ലാം ഔസേപ്പച്ചൻ പറഞ്ഞിരുന്നുവെന്നാണ് ശ്രീജ ചൂണ്ടിക്കാട്ടിയത്.

‘അങ്ങനെയെങ്കില്‍ താങ്കൾ ഇക്കാര്യം പൊതുസമൂഹത്തോട് തുറന്ന് പറയണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഞാനുമായി നടന്ന സംഭാഷണത്തില്‍ സര്‍ അത് പറഞ്ഞുവെന്ന് ഞാന്‍ എഴുതട്ടെ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ആദ്യം എഴുതാന്‍ സമ്മതം നല്‍കിയ അദ്ദേഹം പിന്നീടെന്നെ ഫോണില്‍ വിളിച്ച് തത്കാലം ശ്രീജ ഇപ്പോള്‍ അതെഴുതണ്ടെന്നും ഏതെങ്കിലും ഒരവസരത്തില്‍ താന്‍ തന്നെ ഉറപ്പായും പൊതുസമൂഹത്തോടത് തുറന്നുപറയുമെന്നും നിലവില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഇപ്പോള്‍ എഴുതണ്ട എന്ന് പറയുന്നതെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

ആ ആവശ്യം നിരാകരിക്കാന്‍ എനിക്ക് തോന്നിയില്ല, കാരണം അദ്ദേഹം ആര്‍.എസ്.എസിനെ മനസിലാക്കി പ്രസ്തുത വേദിയില്‍ നിന്ന് എന്നന്നേക്കുമായി വിട്ട് നില്‍ക്കുന്നെങ്കില്‍ അതാണ് നല്ലതെന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന്റെ ആര്‍.എസ്.എസിനെ കുറിച്ചുള്ള തിരിച്ചറിവില്‍ ഞാന്‍ സന്തോഷിക്കുകയും ആശ്വസിക്കുകയും എന്റെ സന്തോഷവും ആശ്വാസവും അദ്ദേഹത്തോട് ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു. വളരേ സൗഹാര്‍ദത്തോടെയാണ് ആ വിഷയം അന്ന് അവസാനിപ്പിച്ചതും. പിന്നെ ഞാനദ്ദേഹത്തെ കാണുന്നത് കഴിഞ്ഞ ദിവസം ബി.ജെ.പി വേദിയിലാണ്,’ എന്നാണ് ശ്രീജയുടെ കുറിപ്പ്.

ആര്‍.എസ്.എസിനെ കുറിച്ച് അറിയാമായിരുന്നെങ്കില്‍ ഒരു കാരണവശാലും ആ വേദിയിലേക്ക് പോകില്ലായിരുന്നുവെന്ന് അങ്ങേയറ്റം നിഷ്‌കളങ്കതയോടെ പറഞ്ഞത് നിഷേധിക്കാനാകുമോ എന്നും ഔസേപ്പച്ചനോട് ചോദ്യമുണ്ട്.

സംഗീതത്തില്‍ മാത്രം മുഴുകി കഴിയുന്ന ഒരു മനുഷ്യന്റെ നിഷ്‌കളങ്കതയാണെന്ന് കരുതി താങ്കളുടെ വാക്കുകള്‍ വിശ്വസിച്ച തനിക്കിപ്പോള്‍ വെറുപ്പാണ് തോന്നുന്നതെന്നും ശ്രീജ നെയ്യാറ്റിന്‍കര കുറിച്ചു.

Content Highlight: Sreeja Neyyattinkara questions Ouseppachan who arrived at the BJP stage

We use cookies to give you the best possible experience. Learn more