കൊട്ടാരക്കര: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്താതിരുന്നതിന് വിശദീകരണവുമായി ശ്രീധരന്‍ പിള്ള.
കേന്ദ്ര നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ദല്‍ഹിയിലേക്ക് പോകേണ്ടി വന്നതിനാലാണ് സുരേന്ദ്രനെ കാണാന്‍ പോകാതിരുന്നതെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. കൊട്ടാരക്കര സബ് ജയിലില്‍ കെ. സുരേന്ദ്രനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിമാന്‍ഡിയില്‍ കഴിയുന്ന സുരേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനടക്കമുള്ളവര്‍ സന്ദര്‍ശിക്കാത്തത് വിവാദമായിരുന്നു.
ബി.ജെ.പിയ്ക്കുള്ളിലെ ഗ്രൂപ്പു പോരാണ് ഇതിനു പിന്നിലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സുരേന്ദ്രന് വേണ്ടത്ര പരിഗണന നല്‍കാത്തതിന്റെ പേരില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനു പിന്നാലെയാണ് ശ്രീധരന്‍ പിള്ള സുരേന്ദ്രനെ സന്ദര്‍ശിച്ചത്.
Also Read:നിപ തിരിച്ചറിയാതെ 5 പേര്‍ മരിച്ചതായി കണ്ടെത്തല്‍; സര്‍ക്കാര്‍ വാദം തള്ളി പഠന റിപ്പോര്‍ട്ട്
സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രനെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ കേസുകളില്‍ കുടുക്കുകയാണ്. ആദ്യമെടുത്ത കേസില്‍ അദ്ദേഹം പ്രതിയല്ലെന്ന് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ 353 പോലെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
സുരേന്ദ്രനുവേണ്ടി ഹൈക്കോടതിയിലേതടക്കം വിദഗ്ധ അഭിഭാഷകരെ ഉള്‍പ്പെടുത്തി ബി.ജെ.പി ഒരു സെല്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.