തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജാതിയെന്നാല്‍ മനുഷ്യജാതിയാണെന്നും മതമെന്നാല്‍ മാനവികതയാണെന്നും ലോകത്തെ ഉദ്‌ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരുവെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കേരള സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും സാമൂഹ്യ പുരോഗതിക്കും രാഷ്ട്രീയ ബോധ്യങ്ങള്‍ക്കും പുതിയ വഴി നല്‍കിയ ദാര്‍ശനിക വിപ്ലവമായിരുന്നു ശ്രീനാരായണഗുരു. അപര ജീവിതത്തിന് സ്വജീവിതത്തേക്കാള്‍ മൂല്യമുണ്ടെന്ന പാഠമാണ് ശ്രീനാരായണഗുരു നമ്മെ പഠിപ്പിച്ചതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
മനുഷ്യരനുഭവിച്ചു പോന്ന സകല ചൂഷണങ്ങളില്‍ നിന്നുമുള്ള വിമോചന സാധ്യത അദ്ദേഹം നിരന്തരം അന്വേഷിച്ചു. ആ അന്വേഷണം തുടരുന്ന ഈ കാലത്തും ശ്രീനാരായണഗുരുവിന്റെ ജീവിതവും ചിന്തയും ഏറെ പ്രസക്തമാണ്. സംഘടിച്ച് ശക്തരാകുന്നതിനൊപ്പം തന്നെ വിദ്യ കൊണ്ട് പ്രബുദ്ധരാകാനും അദ്ദേഹം ആഹ്വാനം ചെയ്തു. സവര്‍ണാധിപത്യത്തിനും അനാചാരങ്ങള്‍ക്കും എതിരെയുള്ള പോരാട്ടമായിരുന്നു ശ്രീനാരായണഗുരുവിന്റെ ജീവിതമെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
മനുഷ്യരെ മനുഷ്യരായി കാണാനും സഹജീവികളോട് കരുണ കാട്ടാനും തടസമായി നില്‍ക്കുന്നത് എന്തൊക്കെയാണോ അതില്‍ നിന്നെല്ലാം സ്വതന്ത്രരാകാന്‍ കഴിയണമെന്നാണ് ഗുരു ആഹ്വാനം ചെയ്തത്. പലമതസാരവും ഏകമാണെന്ന് ഗുരു ലോകത്തോട് പറഞ്ഞു. വിഭാഗീയതയും സങ്കുചിതത്വവും തൊട്ടുകൂടായ്മയും തീവ്രമായി പ്രവര്‍ത്തിച്ച സമൂഹത്തെ പുനര്‍ചിന്തനം നടത്തി മനുഷ്യത്വപൂര്‍ണമാക്കാനാണ് ഗുരു ശ്രമിച്ചതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അക്കാലത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ ഏറിയും കുറഞ്ഞും നമ്മുടെ സമൂഹത്തില്‍ പിന്നെയും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. വിഭജന യുക്തികള്‍ പല രൂപങ്ങളില്‍ സമൂഹത്തിലേക്ക് കടന്നുവരുമ്പോള്‍ അതിനെതിരെയുള്ള ദാര്‍ശനിക പ്രതിരോധം കൂടിയാണ് ഗുരുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീനാരായണഗുരു മുന്നോട്ടുവെച്ച മാനവിക ചിന്തകള്‍ കാലാതീതമായ പ്രവര്‍ത്തനശേഷിയോടെ നമുക്കിടയില്‍ തുടരും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
മതനിരപേക്ഷത കാത്തുസൂക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നായകരുടെ ജ്വലിക്കുന്ന സ്മരണകളാണ് നമ്മുടെ കരുത്തെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ശ്രീനാരായണഗുരുവിനെ മുന്‍നിര്‍ത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ചരിത്രവിരുദ്ധ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.
മാപ്പിള ലഹളക്കിടെ മാപ്പിളമാര്‍ ഹിന്ദുക്കളെ കൊല്ലുന്നത് കണ്ട ദുഖത്തിലാണ് ശ്രീനാരായണഗുരു ആലുവയില്‍ സര്‍വമത സമ്മേളനം വിളിച്ചുചേര്‍ത്തതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
Content Highlight: Narayanaguru is a philosophical defense against divisive logics: M.V. Govindan