പ്രതാപ്ഗഢ് : ഹിന്ദു ദൈവങ്ങളായ ശ്രീരാമനെയും ശ്രീകൃഷ്ണനെയും താരതമ്യം ചെയ്തുകൊണ്ടുള്ള തന്റെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് ഹിന്ദുക്കള്‍ക്കിടയിലുള്ള ആഭ്യന്തര ഭിന്നത ഒഴിവാക്കാന്‍ വേണ്ടിയാണെന്ന് ബാഗേശ്വര്‍ ധാം മുഖ്യപുരോഹിതനും ആള്‍ ദൈവവുമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി.
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറത്തുനിന്നുള്ള ശക്തികളേക്കാള്‍ ഹിന്ദു സമൂഹത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങളും ചില മോശം പ്രവണതകളുമാണ് സനാതന ധര്‍മത്തിന് വലിയ ഭീഷണിയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കള്‍ പരസ്പരം തമ്മിലടിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് താന്‍ മാപ്പ് പറഞ്ഞതെന്നും, അതിനായി നൂറു തവണ വേണമെങ്കിലും മാപ്പ് പറയാന്‍ തയ്യാറാണെന്നും കൃഷ്ണ ശാസ്ത്രി പറഞ്ഞു. അദ്ദേഹം പുരാതന കാലത്ത് അസുരന്മാര്‍ യാഗങ്ങള്‍ തടസപ്പെടുത്തിയിരുന്നതുപോലെ, ആധുനിക കാലത്തെ എതിരാളികള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഹിന്ദുത്വ നേതാവ് കുറ്റപ്പെടുത്തി.
ഒക്ടോബര്‍ 29ന് മധ്യപ്രദേശിലെ ശിവ്പുരിയില്‍ നടന്ന രാമകഥാ പ്രഭാഷണത്തിനിടെ, ശ്രീരാമന്‍ ‘നേരായ’ സ്വഭാവമുള്ളയാളാണെന്നും ശ്രീകൃഷ്ണന്‍ രൂപത്തിലും പേരിലും പ്രവൃത്തിയിലും ‘വക്രതയുള്ള’ ആളാണെന്നും ശാസ്ത്രി പരാമര്‍ശിച്ചിരുന്നു. ഇത് മഥുരയിലെയും ബ്രജിലെയും സന്യാസിമാരുടെയും യാദവ സമുദായത്തിന്റെയും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.
2027-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശില്‍ ശാസ്ത്രിയുടെ പരിപാടികള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിവാദം രൂക്ഷമായതോടെ, ഭക്തിയുടെയും വാത്സല്യത്തിന്റെയും പുറത്താണ് താന്‍ അങ്ങനെ പറഞ്ഞതെന്നും രാമനും കൃഷ്ണനും ഒന്നാണെന്നും വ്യക്തമാക്കി അദ്ദേഹം നേരത്തെ മാപ്പ് പറയുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.
എല്ലാവര്‍ക്കും നീതിയും ബഹുമാനവും തുല്യ അവസരവും ഉറപ്പാക്കുന്നതാണ് ‘രാമരാജ്യം’ എന്നും, ഭീഷണികളുണ്ടായാലും ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാനുള്ള തന്റെ പ്രചാരണം തുടരുമെന്നും ധീരേന്ദ്ര ശാസ്ത്രി വാദിച്ചു.
Content Highlight: Sree Krishna is ‘crooked’ (cunning/devious), while Rama is straightforward; Dhirendra Krishna Shastri offers an apology and clarification following the controversy.