| Friday, 11th September 2026, 2:10 pm

അമ്പതിൽ അമ്പരിപ്പിച്ച് ശ്രീ; ചരിത്രത്തിലേക്ക് കാലെടുത്തുവെച്ച് 22കാരി

സുദേവ് എ

026 വിമൺസ് ഏഷ്യാകപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇന്ത്യ. സെമിഫൈനലിൽ ബംഗ്ലാദേശിനെ വീഴ്ത്തിയാണ് ഇന്ത്യ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 40 റൺസിന് കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് അടിച്ചെടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസിന് ബംഗ്ലാദേശിന് കളി അവസാനിപ്പിക്കേണ്ടി വന്നു.

മത്സരത്തിൽ ഒരു പുതിയ നാഴികക്കല്ലാണ് ശ്രീ ചരണി സ്വന്തമാക്കിയത്. മത്സരത്തിൽ നേടിയ ഒറ്റ വിക്കറ്റിന് പിന്നാലെ ഇന്റർനാഷണൽ ടി-20യിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.

ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരവും ചരണിയാണ്. വെറും 29 ടി-20 മത്സരങ്ങളിൽ നിന്നുമാണ് താരത്തിന്റെ നേട്ടം. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ മറികടന്നാണ് താരത്തിന്റെ കുതിപ്പ്. കുൽദീപ് 30 മത്സരങ്ങളിൽ നിന്നുമാണ് 50 വിക്കറ്റ് നേട്ടം കൈവരിച്ചത്.

ചരണിക്ക് പുറമെ ഇന്ത്യൻ ബൗളിങ്ങിൽ ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. താരത്തിന് പുറമെ നന്ദിനി ശർമ രണ്ട് വിക്കറ്റ് നേടിയപ്പോൾ പ്രേമ റാവത് ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങിൽ തിളങ്ങിയത് ഷെഫാലി വർമയാണ്. അർധ സെഞ്ച്വറി നേടിയാണ് താരം ഇന്ത്യയുടെ സ്‌കോർ ഉയർത്തിയത്. 40 പന്തിൽ മൂന്ന് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 64 റൺസാണ് ഷെഫാലി സ്വന്തമാക്കിയത്.

അതേസമയം വിമൺസ് ഏഷ്യാകപ്പിലെ പത്താം ഫൈനൽ പോരാട്ടത്തിനാണ് ഹർമൻപ്രീത് കൗറും സംഘവും ഒരുങ്ങുന്നത്. 2004, 2005, 2006, 2008, 2012, 2016, 2018, 2022, 2024 എന്നീ വർഷങ്ങളിലായിരുന്നു ഇതിന് മുമ്പ് ഫൈനലിലെത്തിയത്. ഇതിൽ ഏഴ് തവണ കിരീടം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

2018ലും 2024ലുമാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്. ഇത്തവണ എട്ടാം കിരീടം ഉയർത്താനാവും ഇന്ത്യ ലക്ഷ്യം വെക്കുക. ഇന്ന് നടക്കുന്ന ശ്രീലങ്ക-പാകിസ്ഥാൻ രണ്ടാം സെമി ഫൈനലിലെ വിജയികളെയായിരിക്കും ഇന്ത്യ ഫൈനലിൽ നേരിടുക. സെപ്റ്റംബർ 13നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.

Content Highlight: Sree Charani create a historical record in T20

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more