| Thursday, 22nd January 2026, 2:25 pm

ഇതെന്താ നാടോടിനൃത്തത്തിന് പേര് കൊടുത്ത അയ്യപ്പനോ? ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി ശ്രീ അയ്യപ്പന്‍

അമര്‍നാഥ് എം.

റിലീസിന് മുമ്പ് പ്രസ് മീറ്റില്‍ നടത്തിയ പ്രസ്താവനയിലൂടെ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ശ്രീ അയ്യപ്പന്‍. നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്ത ശ്രീ അയ്യപ്പന്റെ പ്ലോട്ട് വിമര്‍ശനത്തിന് വിധേയമായിരുന്നു. ബാബരി മസ്ജിദ് ദിനത്തില്‍ ശബരിമല ആക്രമിക്കാന്‍ പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികള്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥയെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

തിയേറ്ററില്‍ ആരുമറിയാതെ വന്നുപോയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഭ ഭ ബക്ക് ശേഷം ട്രോള്‍ പേജുകള്‍ക്ക് കിട്ടിയ പുതിയ ഇരയായി ശ്രീ അയ്യപ്പന്‍ മാറി. ക്രിഞ്ച് ഫെസ്റ്റെന്നാണ് സിനിമയെക്കുറിച്ച് പലരും ഒറ്റവാക്കില്‍ വിശേഷിപ്പിക്കുന്നത്. മോശം പ്ലോട്ടിന്റെ വളരെ മോശം അവതരണമാണ് ശ്രീ അയ്യപ്പന്‍.

എ.ഐ ഉപയോഗിച്ച് പാകിസ്ഥാനിലെ ജയിലും എന്‍.എസ്.ജിയുടെ ഹെലികോപ്റ്ററുമെല്ലാം ഉണ്ടാക്കിയ ശ്രീ അയ്യപ്പനിലെ കഥാപാത്രങ്ങളും കോമഡിയായിട്ടുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പ്രത്യക്ഷപ്പെടുന്ന അയ്യപ്പനെയും ട്രോളന്മാര്‍ വെറുതേ വിടുന്നില്ല. മലയാള സിനിമാചരിത്രത്തില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടതില്‍ വെച്ച് ഏറ്റവും മോശം അയ്യപ്പനാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു.

കണ്ണെഴുതി സ്‌കൂളിലെ പ്രച്ഛന്നവേഷത്തിന് പങ്കെടുക്കാന്‍ വിട്ടതുപോലെയാണ് അയ്യപ്പനെ അവതരിപ്പിച്ചതെന്നും കമന്റുകളുണ്ട്. അയ്യപ്പനായി വേഷമിട്ട ആര്‍ട്ടിസ്റ്റിന്റെ പേര് അറിയില്ലെങ്കിലും ഈ നടനെ പലരും ട്രോളുന്നുണ്ട്. നാടോടി നൃത്തത്തിന് പേര് കൊടുത്തതിന് ശേഷം നേരെ പോയി സിനിമയില്‍ അഭിനയിച്ചതാണോ എന്നും ചോദ്യങ്ങളുയരുന്നു.

ശ്രീ അയ്യപ്പന്‍ Phot: Amjad Shaan/ Facebook

‘ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്ന സ്വാമി അയ്യപ്പനില്‍ കാണിച്ച അയ്യപ്പന് ഇതിനെക്കാള്‍ എത്രയോ ഗ്രേസും സ്‌ക്രീന്‍ പ്രസന്‍സുമുണ്ട്’, ‘ഇതാണോ അയ്യപ്പന്‍, അയ്യേ’, ‘അയ്യപ്പന്‍ ഫ്രം മീശോ’, എന്നിങ്ങനെയാണ് സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് താഴെയുള്ള കമന്റുകള്‍. ക്രിഞ്ച് ഫെസ്റ്റിന്റെ അങ്ങേയറ്റമാണെന്ന് അറിഞ്ഞിട്ടും ഈ സിനിമക്ക് തലവെച്ചവരെ അഭിനന്ദിച്ചും കമന്റുകളുണ്ട്.

ചിത്രത്തിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ട്രോള്‍ മെറ്റീരിയലാണ്. റിയാസ് ഖാനാണ് എ.ടി.എസ് തലവനായി വേഷമിടുന്നത്. കറുത്ത ഷര്‍ട്ടും കറുത്ത പാന്റും കൂളിങ് ഗ്ലാസും ധരിച്ച് വരുന്ന എ.ടി.എസ് ടീം കോമഡിയായിട്ടുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. ഈയടുത്ത് വന്ന ഏറ്റവും മോശം സിനിമയെന്നാണ് പലരും ശ്രീ അയ്യപ്പനെക്കുറിച്ച് പങ്കുവെക്കുന്ന അഭിപ്രായം. സുധീര്‍ സുകുമാരന്‍, റിയാസ് ഖാന്‍, അനീഷ് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Content Highlight: Sree Ayyappan movie getting trolls after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more