| Wednesday, 19th August 2015, 12:04 pm

സ്ത്രീകള്‍ക്കുള്ള ലൈംഗിക ഉത്തേജന ഗുളിക 'അഡ്ഡി'ക്ക് അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുരുഷന്മാര്‍ ലൈംഗീക ഉത്തേജനത്തിന് സാധാരണയായി ഉപയോഗിച്ച് വരുന്ന വയാഗ്ര മരുന്നുകള്‍ക്ക് തുല്യമായി സ്ത്രീകള്‍ക്കും മരുന്ന് വേണമെന്ന ആവശ്യം സഫലീകരിക്കപ്പെടുന്നു. സ്ത്രീകളുടെ ലൈംഗിക ഉത്തേജനത്തിനായി ഉപയോഗിക്കാവുന്ന “അഡ്ഡി”(Addyi) എന്ന മരുന്നിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ  അംഗീകാരം ലഭിച്ചു. അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സ്ത്രീ ലൈംഗിക ഉത്തേജന മരുന്നാണിത്.

വയാഗ്ര മരുന്നുകള്‍ വിജയകരമായതോടെ വനിതകള്‍ക്കായുള്ള സമാനമായ മരുന്നിനുള്ള അന്വേഷണത്തിലായിരുന്നു മരുന്ന് വ്യവസായ മേഖല. പുതിയ മരുന്നിന്റെ വരവ് അതുകൊണ്ടുതന്നെ വ്യവസായത്തിലെ ഒരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. സ്പ്രൗട്ട് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഈ മരുന്ന് പുറത്തിറക്കിയിരിക്കുന്നത്.

എന്നാല്‍ കര്‍ശനമായ ആരോഗ്യ മുന്നറിയിപ്പുകളാണ് ഈ മരുന്നിനുള്ളത്. അതുകൊണ്ടുതന്നെ വയാഗ്രയ്ക്ക് ഉണ്ടായ അത്രയും വില്‍പ്പന നേട്ടം “അഡ്ഡി”യ്ക്ക് ഉണ്ടാവാനിടയില്ല. 1990 കള്‍ക്ക് ശേഷം ലക്ഷം കോടി ഡോളറിന്റെ വില്‍പ്പന്ന വയാഗ്രയ്ക്ക് ഉണ്ടായിട്ടുണ്ട്.

മരുന്നുപയോഗത്തിലൂടെ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മരുന്നിന്റെ ലേബലിനൊപ്പം ഉണ്ടാവും. ഇത് ഉപയോഗിക്കുന്നവര്‍ക്ക് രക്ത സമ്മര്‍ദ്ദം അപകടകരമാം വിധം കുറയുകയോ തളര്‍ച്ചയുണ്ടാവുകയോ ചെയ്‌തേക്കാം. പ്രത്യേകിച്ച് ഈ മരുന്ന് മദ്യവുമായി കലരാന്‍ ഇടയായാല്‍. ഇത് പക്ഷെ ഈ മരുന്നിന്റെ മാത്രം പ്രത്യേകതയല്ല. ഫംഗസ് ഇന്‍ഫക്ഷനുകള്‍ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകള്‍ക്കും ഇത്തരം നിയന്ത്രണങ്ങളുണ്ടാകാറുണ്ട്.

ചികിത്സയ്ക്കായി മരുന്ന് പരിഗണിക്കുന്നതിന് മുമ്പ് മുമ്പ് അത് നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരും മരുന്ന് ഉപയോഗിക്കുന്നരും “അഡ്ഡി”യുടെ ഉപയോഗത്തിലുള്ള അപകട സാധ്യതകള്‍ പൂര്‍ണമായും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെ ഡ്രഗ് സെന്റര്‍ ഡയറക്ടര്‍ ഡോ. ജാനറ്റ് വുഡ്‌കോക്ക് പറഞ്ഞു.

We use cookies to give you the best possible experience. Learn more