| Thursday, 18th December 2025, 4:39 pm

ചാണകം തളിക്കുന്നത് അറപ്പുളവാക്കുന്നത്; അതിനെതിരെ ക്ലാസ് നല്‍കും; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കുഞ്ഞാലിക്കുട്ടി

അനിത സി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ വിജയാഘോഷത്തിനിടെ ചാണകവെള്ളം തളിച്ച് ‘ശുദ്ധീകരണം’ നടത്തിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ നടപടിയെ തള്ളി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ ഇത്തരം അറപ്പുളവാക്കുന്ന പ്രവൃത്തികളില്‍ നിന്നും പിന്തിരിപ്പിക്കും. അതിനായി നേതൃത്വം ക്ലാസുകള്‍ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചങ്ങരോത്ത് പഞ്ചായത്തിലെ യു.ഡി.എഫ് വിജയാഘോഷം Photo: screen grab/ Youtube.com

‘ചാണകം തളിക്കുന്നതൊക്കെ അറപ്പുളവാക്കുന്ന പ്രവൃത്തികളാണ്. അതെല്ലാം വളരെ മോശമാണ്. ഒരു നിലയ്ക്കും മുസ്‌ലിം ലീഗ് ഇത്തരം പ്രവൃത്തികളെ അംഗീകരിക്കില്ലെന്നും ഇത്തരം നടപടികള്‍ തടയും അതിനായി ലീഗിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്ലാസ് നല്‍കും,’ കുഞ്ഞാലിക്കുട്ടി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തിയാണ്. ശുദ്ധീകരണം പോലുള്ളവ വളരെ മോശമാണ്. ലീഗ് നേതൃത്വം അവയൊന്നും അംഗീകരിക്കുന്നില്ല. വിഷയം ലീഗ് യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

വിജയാഹ്ലാദത്തിനിടെ ലീഗിന്റെ താഴെ തട്ടില്‍ നടക്കുന്നതാണ് ഇതൊക്കെ. ഈ പ്രവൃത്തികളും വിദ്വേഷ പ്രസംഗങ്ങളും നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതൊന്നും ആരോഗ്യകരമല്ലെന്നും തടയുമെന്നും അദ്ദേഹം വിശദമാക്കി.

കണ്ണൂര്‍ ഭാഗത്താണ് രാഷ്ട്രീയത്തിന്റെ പേരില്‍ വെട്ടും കുത്തും ബോംബേറമൊക്കെ നടക്കുന്നത്. മലപ്പുറത്ത് ലീഗിന് എതിരാളികളില്ല. പ്രതിപക്ഷമില്ലാതിരുന്നിട്ടും ഇവിടെ വെട്ടും കുത്തും നടക്കുന്നില്ല. ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിക്കാര്‍ക്കിടയിലാണ് പ്രശ്‌നങ്ങള്‍ നടക്കുന്നത്.

ഒരു പ്രശ്‌നമുണ്ടായാല്‍ അതിനെതിരെ പ്രതിരോധവുമുണ്ടാകും അങ്ങനെയാണ് വെട്ടും കുത്തും നടക്കുന്നത്. പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടികളുള്ളത് കൊണ്ടാണ് മറ്റ് പാര്‍ട്ടികളും
വേണ്ടാത്ത പ്രവണതയിലേക്ക് പോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ചങ്ങരോത്ത് പഞ്ചായത്ത് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടു
ത്തിരുന്നു. തുടര്‍ന്ന് നടന്ന ആഹ്ലാദ പ്രകടനത്തിലാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ലീഗ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് ആഘോഷം നടത്തിയത്. പഞ്ചായത്ത് ഭരിച്ചിരുന്നത് ദളിത് പ്രസിഡന്റായതിനാലാണ് ശുദ്ധീകരണ പ്രവൃത്തികള്‍ ലീഗ് നടത്തിയതെന്ന ആരോപണവും ശക്തമായിരുന്നു.

സംഭവം വിവാദമായതോടെ തളിച്ചത് ചാണകവെള്ളമല്ലെന്നും പച്ചവെള്ളമാണെന്നും ലീഗ് നേതൃത്വം വിശദീകരിച്ചിരുന്നു. ചാണകവെള്ളമാണെന്ന് തെളിയിച്ചാല്‍ ഒരു ലക്ഷം ഇനാം യൂത്ത് ലീഗ് പ്രഖ്യാപിച്ചതും വലിയ വിമര്‍ശനത്തിനിടയാക്കി.

സംഭവത്തില്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റും പേരാമ്പ്രയിലെ സി.പി.ഐ.എം മുതിര്‍ന്ന നേതാവുമായ ഉണ്ണി വെങ്ങേരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

എസ്.സി, എസ്.ടി വകുപ്പ് പ്രകാരമാണ് പേരാമ്പ്ര പൊലീസ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എസ്.സി വിഭാഗത്തില്‍പ്പെടുന്ന ഉണ്ണി വേങ്ങേരിയായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷമായിചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്. ഇത്തവണ എല്‍.ഡി.എഫില്‍ നിന്നും 19 സീറ്റ് പിടിച്ചെടുത്തത് ചങ്ങരോത്ത് പഞ്ചായത്തില്‍ യു.ഡി.എഫ് ഭരണം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവാദമായ വിജയാഘോഷം നടന്നത്.

Content Highlight: Spreading cow dung is disgusting; will give a party class; Kunhalikutty against league workers

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more