| Thursday, 8th May 2025, 5:06 pm

യഥാര്‍ത്ഥ ക്രിക്കറ്റ് ആരാധകര്‍ നാടകമോ ഗോസിപ്പോ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല; അവര്‍ താരങ്ങളെ ഒറ്റപ്പെടുത്തുന്നു; തുറന്നടിച്ച് രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ കമന്റേറ്റര്‍മാരെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മാധ്യമങ്ങങ്ങളും കമന്റേറ്റര്‍മാറും വിവാദങ്ങള്‍ സൃഷ്ടിക്കുകയും സെന്‍സേഷണല്‍ വാര്‍ത്തകളില്‍ വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് രോഹിത് പറഞ്ഞു.

കമന്ററിയുടെ നിലവാരം കുറഞ്ഞുവെന്നും മുമ്പ് ക്രിക്കറ്റിന് എല്ലാ പ്രാധാന്യവും നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ വ്യൂവര്‍ഷിപ്പ് നേടുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേയില്‍ സംസാരിക്കുകയായിരുന്നു രോഹിത് ശര്‍മ.

‘നിങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയും സെന്‍സേഷണല്‍ വാര്‍ത്തകളില്‍ വിശ്വസിക്കുകയും ചെയ്യുന്നു. കമന്ററിയുടെ നിലവാരം കുറഞ്ഞു. മുമ്പ് ക്രിക്കറ്റിന് എല്ലാ പ്രാധാന്യവും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കൂടുതല്‍ വ്യൂവര്‍ഷിപ്പ് നേടുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. യഥാര്‍ത്ഥ വിശകലനങ്ങളും തന്ത്രപരമായ ചര്‍ച്ചകളും പിന്നോട്ട് പോയി,’ രോഹിത് പറഞ്ഞു.

മറ്റു രാജ്യങ്ങളിലെ കമന്റേറ്റര്‍മാരെ കുറിച്ചും രോഹിത് സംസാരിച്ചു. ഓസ്ട്രേലിയ പോലുള്ള സ്ഥലങ്ങളില്‍ കമന്റേറ്റര്‍മാര്‍ പ്രധാനമായും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പലപ്പോഴും ഒരു കളിക്കാരനെ ഒറ്റപ്പെടുത്തുകയും അവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്നും രോഹിത് പറഞ്ഞു.

യഥാര്‍ത്ഥ ക്രിക്കറ്റ് ആരാധകര്‍ നാടകമോ ഗോസിപ്പോ അല്ല, കളിയെക്കുറിച്ച് കേള്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് താരം അഭിപ്രായപ്പെട്ടു. മാധ്യമങ്ങളും കമന്റേറ്റര്‍മാരും അവര്‍ക്ക് ഒരു വേദി ലഭിക്കുമ്പോള്‍ കായികരംഗത്തിനെക്കുറിച്ച് സംസാരിക്കാന്‍ ദയവായി അത് ഉപയോഗിക്കണമെന്നും, ക്രിക്കറ്റ് കളിക്കാരെ ബഹുമാനിക്കണമെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ പരിധിവിടാതിരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഓസ്ട്രേലിയ പോലുള്ള സ്ഥലങ്ങളില്‍ കമന്റേറ്റര്‍മാര്‍ പ്രധാനമായും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നു. അപ്പോഴാണ് നിങ്ങള്‍ക്ക് വ്യത്യാസം അനുഭവപ്പെടുക. ഇന്ത്യയില്‍, മാധ്യമങ്ങള്‍ പലപ്പോഴും ഒരു കളിക്കാരനെ ഒറ്റപ്പെടുത്തുകയും അവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അത് ശരിയല്ല. യഥാര്‍ത്ഥ ക്രിക്കറ്റ് ആരാധകര്‍ക്ക് കളിയെക്കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹമുണ്ട് – നാടകമോ ഗോസിപ്പോ അല്ല.

തീര്‍ച്ചയായും, ചില ആരാധകര്‍ ‘മസാല’ ആസ്വദിക്കുന്നു, പക്ഷേ എല്ലാവരും വിവാദങ്ങള്‍ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ട കളിക്കാര്‍ എന്തുകൊണ്ട് ബുദ്ധിമുട്ടുന്നുവെന്നും അവര്‍ക്ക് എങ്ങനെ മെച്ചപ്പെടാം എന്നും ആരാധകര്‍ക്ക് മനസിലാക്കാന്‍ ആഗ്രഹിക്കുന്നു. അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.

നിങ്ങള്‍ക്ക് ഒരു വേദിയുണ്ട്, അതോടൊപ്പം ഉത്തരവാദിത്തവും വരുന്നു. കായികരംഗത്തിനെക്കുറിച്ച് സംസാരിക്കാന്‍ ദയവായി അത് ഉപയോഗിക്കുക, ക്രിക്കറ്റ് കളിക്കാരെ ബഹുമാനിക്കുക. വ്യക്തിപരമായ കാര്യങ്ങള്‍ പരിധിവിടാതിരിക്കുക,’ രോഹിത് പറഞ്ഞു.

രോഹിത് ശര്‍മ കഴിഞ്ഞ ദിവസം (ബുധന്‍) ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിരമിക്കലിനെ കുറിച്ച് പോസ്റ്റ് ഷെയര്‍ ചെയ്തത്.

Content Highlight: Sports News: Rohit Sharma criticizes Indian media and commentators

We use cookies to give you the best possible experience. Learn more