| Monday, 3rd November 2025, 1:05 pm

2026 മാര്‍ച്ചില്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തും: കായിക മന്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

കോഴിക്കോട്: 2026 മാര്‍ച്ചില്‍ ലയണല്‍ മെസി കേരളത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കായികമന്ത്രി വി. അബ്ദുള്‍ റഹ്‌മാന്‍. രണ്ട് ദിവസം മുമ്പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നിരുന്നുവെന്നും നവംബറില്‍ നടക്കേണ്ട കളി സ്റ്റേഡിയത്തിന്റെ അസൗകര്യം മൂലമാണ് നടക്കാതിരുന്നതെന്നും മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.

ഡിസംബറില്‍ ഹൈദരാബാദ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മെസ്സിയും അര്‍ജന്റീന ടീമും പര്യടനം നടത്തുന്നുണ്ട്.

‘അടുത്ത 15 ദിവസത്തോടെ നമ്മുടെ സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല രീതിയില്‍ അധ്വാനിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടത്. എ.എഫ്.ഐയുടെ മെയില്‍ വന്നത് കായിക മന്ത്രിക്കാണ്. കൂടുതല്‍ ചര്‍ച്ച ചെയ്ത് നടപടിയുണ്ടാക്കും.’മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

വിഷന്‍ 2023 കായിക സെമിനാറിന്റെ ഭാഗമായി മലപ്പുറത്ത് നടക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ ഭാഗമായി സ്റ്റേഡിയം നവീകരിക്കുന്നതടക്കമുള്ള മുന്നൊരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വഹിച്ചിരുന്നു.

എന്നാല്‍ ഫിഫയുടെ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവെയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ ധാരണയായെന്നാണ് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ പറഞ്ഞത്.

സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അര്‍ജന്റീന ടീം കേരളത്തില്‍ വരുന്നതിന് തടസമെന്ന് കായിക മന്ത്രിയും പറഞ്ഞിരുന്നു. സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറും സര്‍ക്കാര്‍ തമ്മില്‍ കരാറുണ്ടോ എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം മന്ത്രി പറഞ്ഞിരുന്നില്ല.

നവംബര്‍ 17ന് മെസിയും സംഘവും കേരളത്തിലെത്തുമെന്നും ഓസേട്രേലിയക്കെതിരായ സൗഹൃദമത്സരം കളിക്കുമെന്നായിരുന്നു മുമ്പ് നടത്തിയ പ്രഖ്യാപനം.

Content Highlight: Sports Minister V. Abdul Rahman announced that Lionel Messi will visit Kerala in March 2026.

We use cookies to give you the best possible experience. Learn more