| Wednesday, 21st January 2026, 12:24 pm

ഡേയ് ഇത് നമ്മുടെ ലൂയീസ് സുവാരസ് അല്ല! 11 വര്‍ഷം മറ്റൊരു ലൂയീസ് സുവാരസിന്റെ ബ്രേസില്‍ തോറ്റ് പി.എസ്.ജി

ആദര്‍ശ് എം.കെ.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ ടീം സ്‌പോര്‍ട്ടിങ് ലിസ്ബണിനോട് പരാജയപ്പെട്ട് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ പി.എസ്.ജി. ലിസ്ബണിന്റെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പി.എസ്.ജിയുടെ തോല്‍വി.

കൊളംബിയന്‍ സൂപ്പര്‍ താരം ലൂയീസ് സുവാരസിന്റെ ഇരട്ട ഗോളിലാണ് സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ വിജയം സ്വന്തമാക്കിയത്.

സുവാരസിനെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 എന്ന ഫോര്‍മേഷനാണ് സ്‌പോര്‍ട്ടിങ് അവലംബിച്ചത്. മറുവശത്ത് 4-3-3 എന്ന രീതിയില്‍ ലൂയീസ് എന്‌റിക്വ് തന്റെ കുട്ടികളെ കളത്തില്‍ വിന്യസിച്ചു.

ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയാണ് ഇരുവരും കളത്തിലിറങ്ങിയത്. ഇതില്‍ ആദ്യം നേട്ടമുണ്ടാക്കിയത് ഹോം ടീമും.

74ാം മിനിട്ടില്‍ ജോര്‍ജിയസ് വാഗിയാനിഡിസിന്റെ അസിസ്റ്റിലാണ് സുവരാസ് ഗോള്‍ കണ്ടെത്തിയത്.

ഗോള്‍ വഴങ്ങി അഞ്ചാം മിനിട്ടില്‍ ക്വിച്ച ക്വാരത്‌ഷെലിയയിലൂടെ പി.എസ്.ജി സമനില ഗോള്‍ നേടി. ഒസ്മാനെ ഡെംബലെയാണ് ഗോളിന് വഴിയൊരുക്കിയത്.

ലീഡ് നേടാന്‍ ഇരുവരും പൊരുതിക്കളിച്ചു, 90ാം മിനിട്ടില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ഗോള്‍ നേടുകയും ചെയ്തു. സുവാരസാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്.

സ്‌പോര്‍ട്ടിങ് താരം ലൂയീസ് സുവാരസിന്റെ ഇരട്ട ഗോളില്‍ തോല്‍വിയേറ്റുവാങ്ങേണ്ടി വന്നതോടെ മറ്റൊരു തോല്‍വിയും പി.എസ്.ജി ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്നുണ്ടാകും. 11 വര്‍ഷം മുമ്പ് 2015ല്‍ ബാഴ്‌സലോണയോട് 3-1ന് പരാജയപ്പെടേണ്ടി വന്നതാകും ആരാധകരുടെ മനസിലേക്ക് ഓടിയെത്തുക.

അന്ന് സൂപ്പര്‍ താരം ലൂയീസ് സുവാരസിന്റെ ഇരട്ട ഗോളാണ് പി.എസ്.ജിയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

അതേസമയം, ഈ വിജയത്തിന് പിന്നാലെ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ യു.സി.എല്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഏഴ് മത്സരത്തില്‍ നിന്നും നാല് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി 13 പോയിന്റാണ് ടീമിനുള്ളത്.

ഏഴ് മത്സരത്തില്‍ നിന്നും 13 പോയിന്റുമായി പി.എസ്.ജി അഞ്ചാമതാണ്.

Content Highlight: Sporting Lisbon defeated PSG

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more